കൈപൊള്ളി ലിസ് ട്രസ്; ഇനി അവസരം സുനകിന്?

കൈപൊള്ളി ലിസ് ട്രസ്; ഇനി അവസരം സുനകിന്?

2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം രാജി വെച്ചൊഴിയുന്ന രണ്ടാമത്തെ പ്രധാനമന്ത്രി കൂടിയാണ് ട്രസ്
Updated on
2 min read

ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ ലിസ് ട്രസ് ഒടുവിൽ പരാജിതയായി പടിയിറങ്ങുകയാണ്. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് ട്രസിന്റെ രാജി. ട്രസ് സർക്കാർ സ്വീകരിച്ച സാമ്പത്തിക നയങ്ങളുടെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് നേരിട്ടത്.

കാബിനെറ്റിലെ ധനമന്ത്രിയെ പുറത്താക്കിയും വിമത പക്ഷത്തെ നേതാക്കളെ ക്യാബിനറ്റിൽ ഉൾക്കൊള്ളിച്ചും പ്രതിസന്ധികള്‍ മറികടക്കാന്‍ ട്രസ് ശ്രമം നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇതോടെ 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം രാജി വെച്ചൊഴിയുന്ന രണ്ടാമത്തെ പ്രധാമന്ത്രി കൂടിയാവുകയാണ് ട്രസ്.

ലിസ് ട്രസിന്റെ രാജിയോടെ ബ്രിട്ടണെ ഇനിയാര് നയിക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്. അടുത്ത ആഴ്ചക്കുള്ളിൽ പുതിയ നേതാവിനെ കണ്ടെത്തുമെന്നാണ് ട്രസിന്റെ പ്രഖ്യാപനം.

ട്രസ് സർക്കാർ സ്വീകരിച്ച സാമ്പത്തിക നയങ്ങളുടെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് നേരിട്ടത്

കോവിഡും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും അതെ തുടർന്നുണ്ടായ ഇന്ധന വില വർധനയുമെല്ലാം ബ്രിട്ടൻ സാമ്പത്തിക രംഗത്തിന്റെ നടുവൊടിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് ട്രസ് കൊണ്ടുവന്ന കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ച തീരുമാനവും. അത് പിൻവലിച്ചെങ്കിൽ പോലും അതുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വരുന്നയാൾക്ക് മറികടക്കേണ്ടത് വലിയ പ്രതിബന്ധങ്ങളാണ്.

ഈ സാഹചര്യത്തിലാണ് ഋഷി സുനക് എന്ന സാമ്പത്തിക വിദഗ്ധന്റെ സാധ്യതകൾ കൂടുതൽ തെളിയുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കാബിനറ്റിൽ ധനമന്ത്രിയായിരുന്നു സുനക്. കോവിഡ് മൂലമുണ്ടായ വിപണി തകർച്ചയില്‍ നിന്ന് ബ്രിട്ടനെ കരകയറ്റിയത് സുനകിന്റെ വിവേകപൂർവമായ തീരുമാനങ്ങൾ ആയിരുന്നു. കോർപറേറ്റ് നികുതി വർധിപ്പിച്ചും ഗ്രീൻ ടാക്സ് ഏർപ്പെടുത്തിയും സുനക് എന്ന രക്ഷകൻ അവതരിച്ചു. എന്നാല്‍ ഇതിനെയെല്ലാം റദ്ദ് ചെയ്യുന്ന നടപടി ആയിരുന്നു ട്രസിന്റേത്.

ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ട്രസിന്റെ പ്രധാന എതിരാളിയായിരുന്നു ഋഷി സുനക്

കൺസർവേറ്റീവ് പാര്‍ട്ടി നേതാക്കളുടെ ഇടയിൽ ട്രസിനെക്കാൾ എന്നും പ്രിയങ്കരൻ സുനക് തന്നെയാണ്. ബോറിസിന്റെ രാജിക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ട്രസിന്റെ പ്രധാന എതിരാളിയും സുനക് ആയിരുന്നു. പാർട്ടി അണികൾക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയാണ് അന്ന് ട്രസിനെ തുണച്ചത്. എന്നാൽ രാജ്യം നിലവിൽ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ നേതാക്കളും അണികളും ഒരുപോലെ സുനക്കിലേക്ക് ചാഞ്ഞേക്കുമെന്നാണ് സൂചനകൾ.

കൈപൊള്ളി ലിസ് ട്രസ്; ഇനി അവസരം സുനകിന്?
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; പദവിയിലിരുന്നത് 45 ദിവസം മാത്രം

ഇന്ത്യന്‍ വംശജനായ ഋഷി സുനക് 2015 മുതല്‍ യോര്‍ക്ക് ഷൈറിലെ റിച്ച്മൊണ്ടില്‍ നിന്നുള്ള എംപിയാണ് ഋഷി സുനക്. 41 കാരനായ സുനക്കിന്റെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് സുനക്കിന്റെ ഭാര്യ.

logo
The Fourth
www.thefourthnews.in