സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേ സ്‌ഫോടനം: ബോംബ് എത്തിച്ച യുവതി കസ്റ്റഡിയിൽ

സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേ സ്‌ഫോടനം: ബോംബ് എത്തിച്ച യുവതി കസ്റ്റഡിയിൽ

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗർ വ്ലാഡ്‌ലെൻ ടാറ്റാർസ്‌കി കൊല്ലപ്പെട്ടിരുന്നു
Updated on
2 min read

റഷ്യയിലെ സെൻട്രൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുവതി കസ്റ്റഡിയിൽ. സ്ഫോടനത്തിനുള്ള ബോംബ് എത്തിച്ചുവെന്ന് സംശയിക്കുന്ന 26 കാരിയായ ദരിയ ട്രെപോവ എന്ന യുവതിയെയാണ് റഷ്യൻ പോലീസ് പിടികൂടിയത്. പൊട്ടിത്തെറിച്ച പ്രതിമ കഫേയിലേക്ക് കൊണ്ടുവന്നതായി ട്രെപോവ സമ്മതിക്കുന്ന വീഡിയോ റഷ്യയുടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗർ വ്ലാഡ്‌ലെൻ ടാറ്റാർസ്‌കി കൊല്ലപ്പെട്ടിരുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റഷ്യൻ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ RBK വാർത്താ ഏജൻസിയോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വ്ലാഡ്‌ലെൻ ടാറ്റർസ്‌കി
വ്ലാഡ്‌ലെൻ ടാറ്റർസ്‌കി

തിങ്കളാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് ദരിയ ട്രെപോവ പിടിയിലായത്. ട്രെപോവുടെ അമ്മയെയും സഹോദരിയെയും റഷ്യൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ നെവാ നദിയുടെ തീരത്തുള്ള കഫേയിൽ മറ്റ് യുദ്ധ അനുകൂല കമന്റേറ്റർമാരുമായി വ്ലാഡ്‌ലെൻ ടാറ്റർസ്‌കി ചർച്ച നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് റഷ്യൻ അധികൃതർ പറയുന്നു. മുപ്പതിലധികം പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്.

ദാരിയ ട്രെപോവ യുക്രെയ്ൻ അനുകൂല ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ അലക്സി നവൽനിയുമായി ബന്ധമുണ്ടെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ് ട്രെപോവ. കഴിഞ്ഞ വർഷം റഷ്യയുടെ യുക്രെയ്ൻ അധിനിവേശ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ട്രെപോവയെ കുറച്ച് ദിവസത്തേക്ക് തടവിലാക്കിയതായി റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിന് നിമിഷങ്ങൾക്ക് മുൻപ്, പ്രതി സമ്മാനമായി നൽകിയ ബ്ലോഗറുടെ പ്രതിമയിൽ ബോംബ് ഒളിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ടെലിഗ്രാമിൽ 560,000-ലധികം ഫോളോവേഴ്സുള്ള ടാറ്റർസ്‌കി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സൈനിക ബ്ലോഗർമാരിൽ ഒരാളായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത ടറ്റാര്‍സ്കി, അധിനിവേശത്തിന് മുന്‍പായി റഷ്യയ്ക്ക് അവകാശപ്പെട്ട യുക്രെയ്നിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തെ ഏറ്റവും ശക്തമായി പിന്തുണച്ചയാളാണ്.

സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേ സ്‌ഫോടനം: ബോംബ് എത്തിച്ച യുവതി കസ്റ്റഡിയിൽ
സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് റഷ്യന്‍ സൈനിക ബ്ലോഗര്‍ കൊല്ലപ്പെട്ടു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കഴിഞ്ഞ ഓഗസ്റ്റിൽ യുദ്ധത്തെ പിന്തുണച്ചിരുന്ന ദാരിയ ദുഗിന എന്ന യുവതിയും സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്ര ദേശീയ വാദിയുടെ മകളായിരുന്ന ദാരിയ മോസ്‌കോയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് കൊലപാതകം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.

logo
The Fourth
www.thefourthnews.in