മത്തി കഴിച്ചത് വിനയായി; അപൂർവരോഗം ബാധിച്ച് യുവതി മരിച്ചു, 12 പേർ ചികിത്സയിൽ
മത്തി കഴിച്ചതിന് പിന്നാലെ അപൂർവ രോഗം ബാധിച്ച യുവതി മരിച്ചു. ഫ്രാൻസിലെ പ്രമുഖ നഗരമായ ബാർഡോയിലായിരുന്നു ഞെട്ടിച്ച സംഭവം. 'ബോട്ടുലിസം' എന്ന അപൂർവ ഭക്ഷ്യ വിഷബാധയേറ്റാണ് മുപ്പത്തി രണ്ടുകാരിയുടെ മരണം.ഇതേ അസുഖം ബാധിച്ച് 12 പേർ ചികിത്സയിലാണ്.
ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് ബോട്ടുലിസം. അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതാണ് ഈ അസുഖത്തിന് പലപ്പോഴും കാരണമാകുന്നത്.
മരിച്ച യുവതിയുടെ പൗരത്വം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ പ്രധാന നഗരമായ ബാർഡോയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ജീവനക്കാർ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് മരണകാരണമായതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
ഇതേ റസ്റ്റോറന്റിൽനിന്ന് മത്സ്യം കഴിച്ച 12 പേർ കൂടി ബുധനാഴ്ച പുലർച്ചെ എമർജൻസി വിഭാഗത്തിൽ അടിയന്തിര ചികിത്സ തേടിയതായി ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. ഇവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായിരുന്നു. നിലവില്‍ ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്. അമേരിക്ക, അയർലൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചികിത്സയിലുള്ളത്. സമാനമായ രോഗലക്ഷണങ്ങളോടെ ഒരു ജർമൻ പൗരനും ഒരു സ്പെയിൻ പൗരനും ചികിത്സക്കായി സ്വന്തം നാട്ടിലേക്ക് പോയി.
വിനോദ സഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ബാർഡോസ്. ഭക്ഷണത്തിനും വൈനിനും പേരു കേട്ട ബാർഡോസിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മത്സ്യം. സെപ്റ്റംബർ നാല് മുതൽ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റിൽനിന്ന് മത്സ്യം കഴിച്ചവരാണ് ചികിത്സ തേടിയത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയിൽ ജാറുകളിൽ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്നാണ ആരോഗ്യവിഭാഗം കണ്ടെത്തൽ.
ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന വിഷപദാർത്ഥമാണ് ബോട്ടുലിസം എന്ന അപൂർവ രോഗാവസ്ഥയ്ക്ക് കാരണം. അഞ്ച് മുതൽ പത്ത് ശതമാനം വരെ ആളുകളിൽ ബോട്ടുലിസം മരണത്തിന് കാരണമാകാറുണ്ട്. ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയൽ അണു വിമുക്തമാക്കാതിരിക്കുമ്പോഴാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ വളരാൻ കാരണമാകുന്നത്. ബാക്ടീരിയയുടെ ഇൻകുബേഷൻ പീരിഡ് കൂടുതലായതിനാൽ കൂടുതൽ പേർക്ക് ഇനിയും ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്.
മത്സ്യം താൻ തന്നെ ജാറുകളിലാക്കി സൂക്ഷിച്ചിരുന്നതാണെന്ന് റസ്റ്റോറന്റ് ഉടമയുടെ പ്രതികരണം. എന്നാൽ ചില ജാറുകൾ തുറന്നപ്പോൾ രൂക്ഷ ഗന്ധമുണ്ടായതിനെ തുടർന്ന് ചില ജാറുകൾ ഉപേക്ഷിക്കുകയായിരുന്നു. മറ്റ് ജാറുകളിലെ മത്സ്യത്തിന് കാര്യമായ പ്രശ്നമുള്ളതായി തോന്നാതിരുന്നതാണ് അവ പാകം ചെയ്ത് വിളമ്പാൻ കാരണമായതെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഴ്ചകളോളം പേശികളിൽ നീണ്ടുനിൽക്കുന്ന തളർച്ചയാണ് ബോട്ടുലിസമുണ്ടാക്കുന്ന പ്രധാന പ്രശ്നം. എന്നാൽ ശ്വസനവ്യവസ്ഥയിലെ പേശികളെ ഇത് ബാധിക്കുന്നതോടെ അസുഖം സങ്കീർണമാകാനിടയുണ്ട്.