ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവർത്തിയും അനുവദിക്കില്ല; സ്ത്രീകളുടെ അവകാശം മുൻഗണനാ വിഷയമല്ലെന്ന് താലിബാൻ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും തങ്ങളുടെ മുൻഗണനാ വിഷയമല്ലെന്ന് താലിബാൻ. രാജ്യവ്യാപകമായി പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകള്‍ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് താലിബാൻ നേതാവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം.
ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവർത്തിയും അനുവദിക്കില്ലെന്നും സ്ത്രീകളുടെ അവകാശലംഘനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ താലിബാന്‍ ഭരണകൂടം നടപ്പാക്കിയിരിക്കുന്ന നിയമത്തിന് അനുസൃതമായി കൈകാര്യം ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്ലാമിക മതനിയമങ്ങള്‍ അനുസരിച്ചാണ് താലിബാന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ആ നിയമങ്ങള്‍ക്കെതിരെയുള്ള ഒരു പ്രവൃത്തിയും ഭരണകൂടം അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു. "ഇസ്‌ലാമിക ശരീഅത്തിന് അനുസൃതമായി എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ ഇസ്ലാമിക് എമിറേറ്റ് ശ്രമിക്കുന്നു. ഭരിക്കുന്ന സർക്കാരിന് രാജ്യത്ത് ശരീഅത്തിനെതിരായ പ്രവർത്തനം അനുവദിക്കാനാവില്ല"- പ്രസ്താവനയിൽ പറയുന്നു.
സ്ത്രീകള്‍ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയ താലിബാന്‍ നടപടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ്, യുകെ, ജർമ്മനി, യൂറോപ്യൻ യൂണിയൻ, യുഎൻ, ഒഐസി, മറ്റ് അന്താരാഷ്ട്ര സഹായ സംഘടനകൾ തുടങ്ങിയവ പരസ്യമായി രംഗത്ത് വരികയും താലിബാനോട് ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ലഘൂകരിക്കാന്‍ താലിബാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ 500 ദശലക്ഷം യുഎസ് ഡോളറാണ് കഴിഞ്ഞ 12 മാസങ്ങളിലായി അഫ്ഗാനിസ്ഥാന് നഷ്ടമായതെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഓഗസ്റ്റ് മുതൽ സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങളിൽ വലിയ നിയന്ത്രണങ്ങളാണ് താലിബാൻ കൊണ്ടുവന്നിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് വിലക്കുകയും പിന്നീട് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരികയും ചെയ്തു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും പാർക്കുകൾ, ജിമ്മുകൾ പോലുള്ള പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ താലിബാൻ പൂർണമായും വിലക്കിയിട്ടുണ്ട്.
അതേസമയം, അഫ്ഗാൻ സ്ത്രീകളോടും പെൺകുട്ടികളോടും പെരുമാറുന്നത് ഇസ്‌ലാമിന്റെ ശരീഅത്ത് നിയമത്തിന് അനുസൃതമാണെന്ന താലിബാന്റെ വാദം എല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും അടങ്ങുന്ന ഒരു ഇന്റർ ഗവൺമെന്റൽ ഗ്രൂപ്പായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) നിരസിച്ചതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ലിംഗാധിഷ്ഠിത നിയന്ത്രണങ്ങൾ നീക്കം ചെയ്യാനും അഫ്ഗാൻ സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും പൊതു അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടാനും അനുവദിക്കണമെന്നും ഒഐസി താലിബാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.