'ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ'; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

'ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ'; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങളാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ മൈക്കിള്‍ ടെയ്‌ലറിനെ നേരിട്ട് പ്രതിഷേധമറിയിച്ചത്
Updated on
1 min read

ഹമാസിനെതിരായ സൈനിക നടപടിയുടെ പേരില്‍ ഗാസയില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്കുമെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുകൂട്ടര്‍ക്കുമെതിരേ പ്രതിഷേധവുമായി നിരവധി രാജ്യങ്ങളാണ് പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങളാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ മൈക്കിള്‍ ടെയ്‌ലറിനെ നേരിട്ട് പ്രതിഷേധമറിയിച്ചത്. ജനീവയിലെ അന്താരാഷ്ട്ര പൗര-രാഷ്ട്രീയ അവകാശ ഉടമ്പടി (International Covenant on Civil and Political Rights-ICCPR)യുമായി ബന്ധപ്പെട്ട് രണ്ടു ദിവസം നീണ്ടുനിന്ന ആനുകാലിക അവലോകനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രസംഗത്തിനിടയിലാണ് പ്രതിഷേധം.

'ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ'; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍
'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു

ടെയ്‌ലറിന്റെ പ്രസംഗത്തിനിടയില്‍ ചില പ്രതിനിധികള്‍ എഴുന്നേറ്റ് പുറം തിരിഞ്ഞ് നിന്നാണ് പ്രതിഷേധിച്ചത്. മനുഷ്യാവകാശ പ്രശ്‌നങ്ങളോട് അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണമില്ലായ്മയില്‍ വിയോജിച്ചായിരുന്നു പ്രതിഷേധം. പലസ്തീനികള്‍ക്കെതിരെ നടത്തുന്ന വംശഹത്യ കാരണം ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്‌പെയിനിലെ സാമൂഹ്യാവകാശ മന്ത്രിയുടെ ചുമതല വഹിക്കുന്ന അയോണ്‍ ബെലാറയും ആവശ്യപ്പെട്ടിരുന്നു.

സ്‌പെയിനിന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിയുടെ ഭാഗമായി മാഡ്രിഡില്‍ നടന്ന ഉന്നതതല യോഗത്തിന് മുന്നോടിയായിരുന്നു അയോണ്‍ ബലോറയുടെ പ്രതികരണം. ''പലസ്തീന്‍ ജനതയോട് ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണമെന്ന് ഇന്ന് ഞാന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇതിലൂടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉടനടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് കരുതുന്നത്''- എന്നാണ് അയോണ്‍ പ്രതികരിച്ചത്.

അതേസമയം ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണം തടയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രാഷ്ട്രീയ ധൈര്യമില്ലെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ ഒമര്‍ ബദ്ദാര്‍ അല്‍ ജസീറയോട് പറഞ്ഞു. '' ആഭ്യന്തര കാര്യങ്ങളാലും, ഇസ്രയേലും നെതന്യാഹുവുമായുള്ള വൈകാരിക ബന്ധവും കാരണം അദ്ദേഹത്തിന് രാഷ്ട്രീയ ധൈര്യമില്ല''- ഒമര്‍ പറയുന്നു.

ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ഐക്യരാഷ്ട്ര സഭയും നല്‍കുന്നുണ്ട്. നിലവില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in