ലോക കാര്‍ രഹിത ദിനം; റോഡുകള്‍ അടച്ച് ബ്രിട്ടന്‍

ലോക കാര്‍ രഹിത ദിനം; റോഡുകള്‍ അടച്ച് ബ്രിട്ടന്‍

കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് മലിനീകരണ മുക്തവും ശബ്ദരഹിതവുമായ നഗരം സൃഷ്ടിച്ചെടുക്കാന്‍ ഈ ദിനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
Updated on
1 min read

കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് സെപ്റ്റംബര്‍ 22 കാര്‍ രഹിത ദിനമായി ആചരിച്ച് ബ്രിട്ടന്‍. കാറുകള്‍ ഉപേക്ഷിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ബോധവത്കരിക്കുന്നതിനായി യുകെയില്‍ പ്രധാന റോഡുകള്‍ ഇന്നേ ദിവസം അടച്ചിടുകയാണ്. കാറുകളുടെ ഉപയോഗം കുറച്ചാല്‍ അന്തരീക്ഷ മലിനീകരണം, വാഹനാപകടങ്ങള്‍ എന്നിവ വലിയൊരു പരിധി വരെ തടയാനാകുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

സൈക്ലിംഗ്, നടത്തം, പൊതുഗതാഗതത്തിന്റെ ഉപയോഗം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തില്‍ അധികാരികള്‍. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് മലിനീകരണ മുക്തവും ശബ്ദരഹിതവുമായ നഗരം സൃഷ്ടിച്ചെടുക്കാനും ഈ ദിനാചരണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

1950 കളില്‍, വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോതും റോഡപകടങ്ങളും കാരണം പല രാജ്യങ്ങളും കാര്‍ ഉപേക്ഷിച്ചിരുന്നു.1956,1957 വര്‍ഷങ്ങളില്‍ നെതര്‍ലന്‍ഡ്സും ബെല്‍ജിയവും കാര്‍ രഹിത ഞായറാഴ്ചയായി ആചരിച്ചിരുന്നു. 1990-കളുടെ അവസാനം, സെപ്തംബര്‍ 22-ന് ലോകമെമ്പാടുമുള്ള നഗരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി യൂറോപ്യന്‍ നഗരങ്ങള്‍ കാര്‍ രഹിത ദിനാചരണം ആരംഭിച്ചു.

തുടര്‍ന്ന് എന്‍വയോണ്‍മെന്റല്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍‍ 2000ത്തിലാണ് ലോക കാര്‍ രഹിത ദിനം ആചരിച്ചു തുടങ്ങുന്നത്. ട്രാഫിക് തിരക്കും, വായു-ശബ്ദ മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദിനാചരണം പിന്നീട് തുടര്‍ന്നു പോരുകയായിരുന്നു. കാല്‍നട യാത്രയും സൈക്കിളുകളുടെ ഉപയോഗവും വര്‍ധിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in