ലോകത്ത് 800 കോടി ജനങ്ങള്‍! 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

ലോകത്ത് 800 കോടി ജനങ്ങള്‍! 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

2100വരെ ജനസംഖ്യാ വര്‍ധന ഇത്തരത്തില്‍ തുടരുമെന്നും ലോക ജനസംഖ്യാ ദിനമായ ജൂലൈ 11ന് പുറത്തുവിട്ട യുഎന്‍ ജനസംഖ്യാ പ്രോസ്‌പെക്ടസ് പറയുന്നു
Updated on
1 min read

ലോക ജനസംഖ്യ ഇന്ന് 800 കോടിയിലെത്തും. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് പറയുന്നത്. 2030ഓടെ ലോകജനസംഖ്യ 850 കോടിയിലെത്തും. അതേവര്‍ഷം തന്നെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. 2050ഓടെ 970 കോടിയാകുന്ന ജനസംഖ്യ 2100ഓടെ 1120 കോടിയാകും. 2080ല്‍ ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100വരെ ജനസംഖ്യാ വര്‍ധന ഇത്തരത്തില്‍ തുടരുമെന്നും ലോക ജനസംഖ്യാ ദിനമായ ജൂലൈ 11ന് പുറത്തുവിട്ട യുഎന്‍ ജനസംഖ്യാ പ്രോസ്‌പെക്ടസ് പറയുന്നു.

1950ന് ശേഷം ആദ്യമായി ആഗോള ജനസംഖ്യാ വളര്‍ച്ച 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

2050ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക തുടരും. 2022ല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 10 രാജ്യങ്ങളില്‍ ഇടംപിടിച്ച റഷ്യയ്ക്കും മെക്‌സിക്കോയ്ക്കും 2050ല്‍ ഒമ്പതാം സ്ഥാനവും പത്താം സ്ഥാനവും നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2050 വരെയുള്ള ജനസംഖ്യയില്‍ പകുതിയിലധികം വര്‍ധന കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ജനസംഖ്യാ നിരക്ക് ഇരട്ടിയായി വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍. 1950ന് ശേഷം ആദ്യമായി ആഗോള ജനസംഖ്യാ വളര്‍ച്ച 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിഗത ശുചിത്വം, ആരോഗ്യരംഗത്തെ മെച്ചപ്പെട്ട സേവനം എന്നിവ കാരണം മനുഷ്യന്റെ ആയുസ്സ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഈ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണം

പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിഗത ശുചിത്വം, ആരോഗ്യരംഗത്തെ മെച്ചപ്പെട്ട സേവനം എന്നിവ കാരണം മനുഷ്യന്റെ ആയുസ്സ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഈ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യശാസ്ത്ര രംഗത്തെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും മാതൃ-ശിശുമരണ നിരക്ക് കുറഞ്ഞുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 2022ല്‍ 65 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ ആഗോള ജനസംഖ്യയുടെ 10 ശതമാനമായിരുന്നു. എന്നാല്‍ 2050ല്‍ അത് 16 ശതമാനമായി ഉയരും. ജനനനിരക്കിനൊപ്പം ആയുര്‍ദൈര്‍ഘ്യത്തിന്റെ വര്‍ധനയും മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ജനസംഖ്യാ വര്‍ധനയും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണെന്നാണ് യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു സെന്‍മിന്‍ പറയുന്നത്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ധന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കെതിരായ പോരാട്ടം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ച എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in