രഹസ്യ യോഗം ചേർന്ന് വിവിധ രാജ്യങ്ങളിലെ ഇന്റലിജൻസ് മേധാവിമാർ
അതീവ രഹസ്യമായും അതിജാഗ്രതയോടും ലോകത്ത് നടക്കുന്ന പ്രവർത്തനമാണ് രഹസ്യാന്വേഷണം. പല രാജ്യങ്ങളിലും രഹസ്യാന്വേഷണ ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എന്നാൽ അവയുടെ പ്രവർത്തന രീതിയോ ചട്ടങ്ങളോ ഒരിക്കലും വെളിവാക്കാറില്ല. ലോകത്തിലെ രാഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാരുടെ എല്ലാം ഒത്തുകൂടിയാൽ എന്ത് സംഭവിക്കും?
അങ്ങനെ ഒരു അതീവ രഹസ്യമായ സമ്മേളനത്തിന് സിംഗപ്പൂർ വേദിയായി. ഏഷ്യയിലെ പ്രധാന പ്രതിരോധ ഉച്ചകോടിയായ ഷാന്‍ഗ്രി ല ഡയലോഗിനോടനുബന്ധിച്ചാണ് ലോകത്തിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളിലെ രണ്ട് ഡസനോളം വരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യ യോഗം ചേർന്നതെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാരുടെ സമ്മേളനമായതിനാൽ യോഗ വിവരങ്ങളും അതീവ രഹസ്യമായിരുന്നു.
പ്രതിരോധ മേഖലയിലെ സുപ്രധാന സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പ്രതിരോധ മേഖലയില്‍ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാനുമായി നടന്നു വരുന്ന ഉച്ചകോടിയാണ് ഷാന്‍ഗ്രി ല ഡയലോഗ്. ജൂണ്‍ രണ്ടിന് ആരംഭിച്ച ഉച്ചകോടി ഇന്ന് അവസാനിക്കും. ഉച്ചകോടിയോട് അനുബന്ധിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ യോഗമെങ്കിലും മറ്റൊരു സ്ഥലത്തായിരുന്നു ഇത്. ഇതാദ്യമായാണ് സ്പൈ ഏജൻസികളുടെ യോഗം സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ലോകത്താകമാനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാധാന്യം വര്‍ധിച്ച് വരുന്ന സമയത്ത് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ രാജ്യങ്ങളുടെ രഹസ്യാന്വേഷണ നയതന്ത്രം വര്‍ധിപ്പിക്കുമെന്നും സിംഗപ്പൂരിലെ സംഘാടക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിദഗ്ധർക്ക് മറ്റ് രാജ്യങ്ങളിലെ ഏജന്‍സി തലവന്മാരുമായി ചര്‍ച്ച നടത്താനും ഈ കൂടിക്കാഴ്ച അവസരം ഒരുക്കും.
എസ്എസ് ഷാന്‍ഗ്രി ല ഡയലോഗ് ഉച്ചകോടിയില്‍ 49 രാജ്യങ്ങളില്‍ നിന്നുള്ള 600 ലധികം പ്രതിനിധികള്‍ പങ്കെടുത്തു
റഷ്യ- യുക്രെയ്ൻ യുദ്ധവും രാജ്യാന്തര കുറ്റകൃത്യങ്ങളും സമ്മേളനത്തിൽ ചര്‍ച്ചയായി. റഷ്യയുടെ പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നു. ഷാന്‍ഗ്രി ല ഡയലോഗിൽ ഉച്ചകോടിയില്‍ 49 രാജ്യങ്ങളില്‍ നിന്നുള്ള 600 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്ലീനറി സെഷനുകളും നടന്നു. സൈബര്‍ സുരക്ഷയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ചര്‍ച്ച വിഷയങ്ങളാലായി. പൊതു താല്പര്യമുള്ള വിഷയങ്ങളില്‍ സഹകരണം ഉറപ്പു വരുത്തേണ്ടത് നിര്‍ണായകമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഇതാദ്യമായല്ല, രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം സിംഗപ്പൂർ സംഘടിപ്പിക്കുന്നത്. എന്നാൽ ആദ്യമായാണ് യോഗം സംബന്ധിച്ച വാർത്ത പുറത്തു വരുന്നത്.