ചുംബിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി ദമ്പതികള്‍; തുടര്‍ച്ചയായി ചുംബിച്ചത് 58 മണിക്കൂര്‍
ലോകത്തിലെ ഏറ്റവും മനോഹരമായ സ്‌നേഹ പ്രകടനങ്ങളിലൊന്നാണ് ചുംബനം. എന്നാൽ എത്ര നേരം നിങ്ങള്‍ക്ക് ഒരാളെ ചുംബിക്കാന്‍ സാധിക്കും? പത്ത് സെക്കൻഡ്, രണ്ട് മിനിറ്റ്, പത്ത് മിനിറ്റോ? കുറച്ച് കൂടുതലല്ലേ എന്ന് തോന്നുന്നുണ്ടോ? എന്നാലിതാ ചുംബിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയ ദമ്പതികളെ കണ്ടോളൂ. അഞ്ചോ പത്തോ മിനിറ്റല്ല, 58 മണിക്കൂർ!
തായ്‍ലൻഡിലാണ് സംഭവം. 58 മണിക്കൂര്‍ നേരം നിർത്താതെ ചുംബിച്ചാണ് തായ്‍ലൻഡിലെ ദമ്പതികള്‍ ഗിന്നസ് റെക്കോര്‍ഡിൽ ഇടംപിടിച്ചത്. 2013ല്‍ പട്ടായ ബീച്ചില്‍ നടത്തിയ ചുംബന മത്സരത്തിലാണ് ഏറ്റവും ദൈർഘ്യമേറിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് എച്ചക്കായ് തിരനാരത്തും ലക്ഷണ തിരനാരത്തും പരസ്പരം ചുംബിച്ചത്. മറ്റ് പലരും തളർന്ന് വീഴുകയോ മത്സരത്തിൽ നിന്ന് പിന്മാറുകയോ ചെയ്തപ്പോൾ, എച്ചക്കായ്-ലക്ഷണ ദമ്പതികളുടെ ചുംബനം 58 മണിക്കൂറും 35 മിനിറ്റും 58 സെക്കൻഡും നീണ്ടുനിന്നു.
വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ടാണ് പട്ടായയിൽ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. ഉമ്മ വെക്കുന്നതിന് ചില നിയമങ്ങളും ഉണ്ടായിരുന്നു. 70വയസുകാരായ ദമ്പതികൾ ഉൾപ്പെടെ ഒമ്പത് ദമ്പതികളാണ് മത്സരത്തിനുണ്ടായിരുന്നത്. പര്‌സപരം ചുംബിച്ചു കൊണ്ടേയിരിക്കണമെന്നാണ് പ്രധാന നിയമം. എല്ലാ ദമ്പതികളും മത്സരത്തിലുടനീളം നിൽക്കണം. മത്സരത്തിലുടനീളം ചുണ്ടുകൾ പരസ്പരം അമർത്തിപ്പിടിക്കണമെന്നും നിയമം അനുശാസിക്കുന്നു. സ്ട്രോ ഉപയോഗിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും ടോയ്ലറ്റ് ഉപയോഗിക്കുന്നത് പോലും ദമ്പതികൾ ഒരുമിച്ചായിരുന്നു. ആ സമയത്തും ചുംബനം തുടർന്നു. ഇതോടെ പര്‌സ്പരം ചുംബിക്കുന്നത് ചെറിയ കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.
''രണ്ടര ദിവസമായി ഉറങ്ങാത്തതിനാൽ അവർ വളരെ ക്ഷീണിതരായിരുന്നു, അവർക്ക് എല്ലായ്പ്പോഴും നിൽക്കേണ്ടിവന്നു, അതിനാൽ അവർ വളരെ ദുർബലരായിരുന്നു''- റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് വൈസ് പ്രസിഡന്റ് സോംപ്രസണ്‍ നക്‌സെട്രോംഗ് എഎഫ്പിയോട് പറഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോർഡ് കൂടാതെ രണ്ട് ഡയമണ്ട് മോതിരങ്ങളും 100,000രൂപ ബാറ്റ് ക്യാഷ് പ്രൈസായും ലഭിച്ചു. 2011ൽ 46 മണിക്കൂറും 24 മിനിറ്റും 9 സെക്കൻഡും നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോർഡും ഈ ദമ്പതികൾ സൃഷ്ടിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓംലെറ്റ്, ഏറ്റവും വലിയ പ്ലേറ്റ് ഫ്രൈഡ് റൈസ്, 5,000 തേളുകൾ നിറഞ്ഞ ഒരു പെട്ടിയിൽ 30 ദിവസത്തിലധികം ചെലവഴിച്ച 'സ്കോർപിയൻ ക്വീൻ' എന്നറിയപ്പെടുന്ന ഒരു സ്ത്രീ തുടങ്ങി വിചിത്രമായ റെക്കോർഡുകളും തായ്‌ലൻഡുകാർ സൃഷ്ടിച്ചിട്ടുണ്ട്.