ഇന്ത്യയില്‍ പോലും വിശ്വാസികള്‍ പ്രാര്‍ത്ഥനാ വേളയില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി
ഇന്ത്യയിലോ ഇസ്രായേലിലോ പോലും വിശ്വാസികള്‍ പ്രാര്‍ഥനാ വേളയില്‍ പള്ളിയില്‍ കൊല്ലപ്പെടാറില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് . കഴിഞ്ഞ ദിവസമുണ്ടായ പെഷവാര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അസംബ്ലിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത് .
2010,17 കാലത്ത് പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി അധികാരത്തിലിരുന്നപ്പോഴാണ് ഭീകര പ്രവർത്തനങ്ങൾ സ്വാത്തിൽ നിന്ന് ആരംഭിച്ചത്.അതിൽ അയവുവരുത്താൻ പാകിസ്ഥാൻ മുസ്ലീംലീഗിന് കഴിഞ്ഞ ഭരണകാലത്ത് കഴിഞ്ഞു. കറാച്ചി മുതല്‍ സ്വാത്ത് വരെ സമാധാനം പുനസ്ഥാപിക്കാനും സാധിച്ചിട്ടുണ്ട് . ഭീകരവാദത്തിനെതിരെ നിരന്തരം ചര്‍ച്ചകൾ നടക്കുന്നുണ്ടെങ്കിലും നിർണായകമായ തീരുമാനങ്ങളിലേക്കെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി
അഫ്ഗാനിസ്താനില്‍ നിന്നും കുടിയേറ്റക്കാരെത്തിയതോടെ പാകിസ്താനിലെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായതിനെ കുറിച്ചും പിന്നീട് സ്വാത്തിലെയും വാനയിലേയും ജനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയകാര്യവും പ്രതിരോധമന്ത്രി പരാമർശിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രിയും സൈനിക മേധാവിയും ഭീകരാക്രമണസ്ഥലം സന്ദർശിച്ചതായും കാര്യങ്ങൾ വിശദീകരിച്ചതായും ഖ്വാജ ആസിഫ് വ്യക്തമാക്കി . 2011 -2012 കാലഘട്ടത്തില്‍ പാര്‍ട്ടിയും രാജ്യവും സ്വീകരിച്ച ജാഗ്രതയും ഐക്യവും ഈ സമയത്തുണ്ടാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനുവരി 30നാണ് പാകിസ്താനിലെ പെഷവാറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ഉച്ച പ്രാര്‍ഥനക്കെത്തിയ 100 പേർ കൊല്ലപ്പെട്ടത് . നിലവില്‍ 53 പേര്‍ ചികിത്സയിലുണ്ട്.അതില്‍ ഏഴ് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക് -ഇ-താലിബാന്‍ ആദ്യം ഏറ്റെടുത്തെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം നിഷേധിച്ചു. പള്ളികള്‍, സെമിനാരികള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിടുന്നത് തങ്ങളുടെ നയത്തില്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു വിശദീകരണം. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു ആക്രമണം.
പ്രാര്‍ത്ഥനയ്ക്കിടെ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികം പേരും പോലീസുകാരാണെന്നും 300നും 400 നും ഇടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമണ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായും പെഷവാര്‍ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.ഭീതി വിതയ്ക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യം കാക്കുന്നവരെ ഉന്നം വെയ്ക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു .