സഹായിച്ചത് രണ്ട് സിഗരറ്റ് കെയ്‌സുകള്‍; കാണാതായ ആ സൈനികരെ 80 വര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞു
രണ്ടാം ലോകയുദ്ധ കാലം, 1943 ജൂണ്‍ 13. ജര്‍മനിയിലെ ബോഹം നഗരത്തില്‍ നടത്തിയ ദൗത്യത്തിന് ശേഷം തിരികെ പറക്കുകയായിരുന്നു ആ ബ്രിട്ടീഷ് ബോംബര്‍ വിമാനം. ജര്‍മന്‍ സൈനികര്‍ ആ ലാന്‍കാസ്റ്റര്‍ ബോംബര്‍ വിമാനം വെടിവെച്ചുവീഴ്ത്തി. ഡച്ച് തടാകമായ ഐസോമെയ്‌റില്‍ പതിച്ച വിമാനത്തിലുണ്ടായിരുന്നത് ഏഴ് ബ്രിട്ടീഷ് വ്യോമസേനാംഗങ്ങള്‍ ആയിരുന്നു.
നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എത്ര തിരഞ്ഞിട്ടും മൂന്നുപേരെ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. കാണാതായത് ആരൊക്കെയാണെന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കാണാതായ ആ മൂന്നുപേര്‍ ആരൊക്കെയാണെന്ന് 80 വര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിന് സഹായിച്ചതോ, വിമാന അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട വെള്ളിപൂശിയ രണ്ട് സിഗരറ്റ് കെയ്‌സുകളും.
ആര്‍തര്‍ സ്മാര്‍ട്, റെയ്മണ്ട് മൂര്‍, ചാള്‍സ് സ്പാര്‍ക് എന്നീ മൂന്നു ബ്രിട്ടീഷ് വ്യോമസേനാംഗങ്ങളെയാണ് അന്ന് കാണാതായതെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു.ഫ്‌ലൈറ്റ് എഞ്ചിനീയര്‍ ആയിരുന്ന സ്മാര്‍ട്ടിന്റേയും വയര്‍ലെസ് ഓപ്പറേറ്റര്‍ ആയിരുന്ന മൂറിന്റെയും പേരുകളുടെ ഇനിഷ്യലുകള്‍ ഈ സിഗരറ്റ് കെയ്‌സുകളില്‍ കൊത്തിയിരുന്നു. ഇതാണ് നിര്‍ണായക കണ്ടെത്തലിന് സഹായിച്ചത്. ഈ സിഗരറ്റ് കെയ്‌സുകള്‍ക്കൊപ്പം ചില ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.
അന്ന് കണ്ടെത്തിയ നാലുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും മറ്റു മൂന്നുപേരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ, 'ആക്ഷനിടയില്‍ കാണാതായി' എന്നാണ് റെക്കോഡുകളില്‍ ചേര്‍ത്തിരുന്നത്. ഇനി ഇവരേയും യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. സ്റ്റിച്ചിങ് എയര്‍ക്രാഫ്റ്റ് റിക്കവറി ഗ്രൂപ്പാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്ന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
'സ്മാര്‍ട്ടിന്റെയും മൂറിന്റെയും സിഗരറ്റ് കെയ്‌സുകള്‍ കണ്ടെത്താന്‍ സാധിച്ചു എന്നത് അതിശയിപ്പിക്കുന്നതാണ്. ഇവരെ തിരിച്ചറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ അവരെപ്പോലുള്ള മനുഷ്യര്‍ക്ക് ഔദ്യോഗിക അന്ത്യവിശ്രമ സ്ഥലങ്ങള്‍ ഒരുക്കുക എന്നതാണ് ഞങ്ങളുടെ ഫൗണ്ടേഷന്റെ ലക്ഷ്യം'- റിക്കവറി ഗ്രൂപ്പിലെ അംഗം ജോണ്‍ ഗ്രാസ് പറയുന്നു.
കണ്ടെത്തിയ സിഗറ്റ് കെയ്‌സിന്റെ അവശിഷ്ടം ഈ സൈനികരുടെ പേരില്‍ കല്ലറകളുണ്ടാക്കി അടക്കം ചെയ്യും. എവിടെയാണ് കല്ലറകള്‍ നിര്‍മ്മിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും കോമണ്‍വെല്‍ത്് വാര്‍ ഗ്രേവ്‌സ് കമ്മ്യൂണിറ്റിയും ചേര്‍ന്ന് തീരുമാനിക്കും.
1996ലാണ് തടാകത്തില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ വിമാനത്തിന്റെ മോട്ടോര്‍ കണ്ടെത്തിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് 50ഓളം യുദ്ധ വിമാനങ്ങള്‍ നെതര്‍ലന്‍ഡില്‍ തകര്‍ന്നുവീണിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള വിവിധ പര്യവേഷണങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.