ട്വിറ്റർ ആസ്ഥാന കെട്ടിടത്തിന് മുകളില്‍ കൂറ്റൻ 'എക്സ്'; അനുമതിയില്ലാതെയെന്ന് സാൻ ഫ്രാൻസിസ്‌കോ നഗരം
ട്വിറ്ററിന്റെ ആസ്ഥാനമായ ഡൗൺടൗൺ കെട്ടിടത്തിന്റെ മുകളിൽ കൂറ്റൻ "എക്സ്" ചിഹ്നം സ്ഥാപിച്ചതിനെതിരെ പരാതിയുമായി സാൻ ഫ്രാൻസിസ്‌കോ നഗര അധികൃതർ. നഗരത്തിലെ കെട്ടിടങ്ങളില്‍ അക്ഷരങ്ങളോ ചിഹ്നങ്ങളോ മാറ്റിസ്ഥാപിക്കുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ സുരക്ഷ മുൻനിർത്തി, മുന്‍കൂട്ടി അനുവാദം വാങ്ങണം. ഇലോൺ മസ്‌ക് ഇത് പാലിച്ചില്ലെന്നാണ് പരാതി.
തിങ്കളാഴ്ച ബ്രാൻഡിന്റെ ഐക്കണിക് പക്ഷിയും ലോഗോയും കെട്ടിടത്തിന്റെ വശത്ത് നിന്ന് നീക്കം ചെയ്യുന്നത് പോലീസ് തടഞ്ഞിരുന്നു
മസ്ക്, ട്വിറ്റർ റീബ്രാൻഡ് ചെയ്ത ശേഷം തിങ്കളാഴ്ച ബ്രാൻഡിന്റെ ചിഹ്നമായ പക്ഷിയും ലോഗോയും കെട്ടിടത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി തൊഴിലാളികളെ സാൻ ഫ്രാൻസിസ്കോ പോലീസ് തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കെട്ടിടത്തിന് മുകളിൽ 'എക്സ്' പ്രത്യക്ഷപ്പെട്ടത്.
കെട്ടിടവുമായി ഔദ്യോഗികമായി ബന്ധപ്പെട്ട ചിഹ്നമോ അക്ഷരങ്ങളോ ആണ് സ്ഥാപിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി മുൻകൂട്ടി അനുവാദം വാങ്ങേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഇത്തരം ചിഹ്നങ്ങള്‍ സുരക്ഷിതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ബിൽഡിങ് ഇൻസ്പെക്ഷൻ വകുപ്പ് വക്താവ് പാട്രിക് ഹന്നാൻ പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് വാങ്ങിയ കമ്പനി റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ പ്രശസ്തമായ നീല പക്ഷിക്ക് പകരമായി മസ്ക് പുതിയ "എക്സ്" ലോഗോ പുറത്തിറക്കിയത്. തിങ്കളാഴ്ച മുതൽ ട്വിറ്ററിന്റെ ഡെസ്ക്ടോപ്പിലും എക്സ് ആയിരുന്നു. ടെസ്ലയുടെ സിഇഒ കൂടിയായ മസ്ക്, ഒക്ടോബറിൽ കമ്പനി വാങ്ങിയതിന് ശേഷം ട്വിറ്ററിന്റെ കോർപ്പറേറ്റ് പേര് എക്സ് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളുടെ പേര് "എക്സ്" എന്നാണ്. എന്നാല്‍, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്കും എക്‌സ് എന്ന പേരില്‍ ബൗദ്ധികസ്വത്തവകാശമുണ്ടെന്നത് മസ്കിനെ നിയമക്കുരുക്കിലാക്കാനും സാധ്യതയുണ്ട്.