'എല്ലാ അധികാരവും ഷീയ്ക്ക്'-  20-ാം കോൺഗ്രസിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ആലോചനകൾ

'എല്ലാ അധികാരവും ഷീയ്ക്ക്'- 20-ാം കോൺഗ്രസിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലോചനകൾ

നേരത്തെ എടുത്ത തീരുമാനങ്ങൾക്ക് ' അംഗീകാരം ' നൽകുകയെന്നതാണ് 2296 പ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്തം
Updated on
3 min read

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ചുള്ളതാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സിപിസിയുടെ കോണ്‍ഗ്രസ് ഇത്തവണ പ്രാധാന്യമുള്ളതാകാന്‍ നിരവധി കാരണങ്ങളുണ്ട്. അതിന്റെ ചലനങ്ങള്‍ ചൈനയിലും, ലോകത്തുതന്നെയും ഉണ്ടാകുമെന്നത് കൊണ്ട് കൂടിയാണ്. എന്താണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസിന്റെ പ്രത്യേകത എന്നും എന്തൊക്കെ മാറ്റങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തെ സവിശേഷതയുള്ളതാക്കുന്നുവെന്നും നോക്കാം.

എല്ലാ അധികാരവും സോവിയറ്റുകൾക്കെന്നതായിരുന്നു ലെനിൻ്റെ കാലത്തെ സോവിയറ്റ് മുദ്രാവാക്യം. എല്ലാ അധികാരവും തന്നിലേക്ക് എന്നതാണ് ഷി ജിന്‍പിങിനെ ശക്തനായ ക്യാപ്റ്റനാക്കുന്നത്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പണ്ട് സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നപ്പോള്‍ സിപിഎസ് യു അഥാവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര പ്രസിദ്ധമായിരുന്നു. അന്നായിരുന്നു നികിത ക്രൂഷ്‌ചേവ് ജോസഫ് സ്റ്റാലിനെ തള്ളിപറഞ്ഞതും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചതും. അതെന്തായാലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ കോണ്‍ഗ്രസിനും സവിശേഷതകളുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ രണ്ട് ഘട്ടം പൂര്‍ത്തിയാക്കിയാല്‍ വിരമിക്കുമായിരുന്നു. അതായത് 10 വര്‍ഷമായിരുന്നു കാലാവധി. എന്നാല്‍ അത് മാറുന്നുവെന്നതാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സവിശേഷത. ഷി ജിന്‍പിങ് ചൈനീസ് നേതാവായും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും തുടരും. അതിന് സഹായിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം പാര്‍ട്ടിയില്‍ നേരത്തെ തന്നെ വരുത്തിയിരുന്നു. ചൈനീസ് സംവിധാനത്തിൽ മൂന്ന് പ്രധാന പദവികളാണുള്ളത്. പാർട്ടി ജനറൽ സെക്രട്ടറി, മിലിട്ടറി കമ്മീഷൻ ചെയർമാൻ, ചൈനീസ് പ്രസിഡൻ്റ് എന്നിവയാണ് അവ. ഇവ മൂന്നും ഷീ ജിൻപിങ്ങാണ് . ഈ പദവികളിലെല്ലാം അദ്ദേഹം തുടരുമെന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ അധികാരവും സോവിയറ്റുകൾക്കെന്നതായിരുന്നു ലെനിൻ്റെ കാലത്തെ സോവിയറ്റ് മുദ്രാവാക്യം. എല്ലാ അധികാരവും തന്നിലേക്ക് എന്നതാണ് ഷി ജിന്‍പിങിനെ ശക്തനായ ക്യാപ്റ്റനാക്കുന്നത്

പേരിനെങ്കിലും കമ്മിറ്റികളില്‍ ചില തിരഞ്ഞെടുപ്പുകള്‍ നേരത്തെ ചൈനീസ് പാര്‍ട്ടിയില്‍ നടന്നിരുന്നു. ആ തിരഞ്ഞെടുപ്പ് പക്രിയയില്‍ അഴിമതി നടക്കുന്നുവെന്ന് പറഞ്ഞാണ് ആ സമ്പദ്രായം ഷി ജിന്‍പിങ് അവസാനിപ്പിച്ചത്. 2017 ലായിരുന്നു അത്. അങ്ങനെ തന്റെ പിന്‍ഗാമികളായേക്കാമെന്ന മുന്‍ സുരക്ഷ തലവന്‍ സോ യോങ് കാങിനെയും പ്രവിശ്യാ നേതാവ് സണ്‍സെങ്കായിയും പുറത്താക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണം ഷി ജിന്‍പിങിലായി. മാവോ , ദെങ് ചിന്തകളോടൊപ്പം ഷി ചിന്തയും ചൈനീസ് പാര്‍ട്ടിയെ നയിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

ഇനി പാര്‍ട്ടിയിലെ ഘടന നോക്കാം.

ചൈനീസ് പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത സമിതി പൊളിറ്റബ്യൂറോ സ്റ്റാന്റിങ് സമിതിയാണ്. ഏഴംഗങ്ങളാണ് അതിലുള്ളത്. പിന്നീടുള്ളത് 25 അംഗ പൊളിറ്റ് ബ്യൂറോയാണ്. 68 വയസ്സിന് മുകളിലുള്ളവര്‍ പുതിയ കമ്മിറ്റിയിലുണ്ടാകില്ല. എന്നാല്‍ ഷി ജിന്‍പിങ് എന്ന ക്യാപ്റ്റന് ഇതിലിളവുണ്ട്. അദ്ദേഹത്തിന് പ്രായം 69 ആണ്. പ്രധാനമന്ത്രിയും ചൈനീസ് പാര്‍ട്ടി ഭരണകൂടത്തിലെ രണ്ടാമനുമായ ലീ കെക്കിയാങ് ഇത്തവണ സ്ഥാനം ഒഴിയും. എന്നാല്‍ അദ്ദേഹം പൊളിറ്റ്ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയിലുണ്ടാകുമെമന്നാണ് കരുതുന്നത്. പുതിയ പ്രധാനമന്ത്രിആരെന്നതും പൊളിറ്റ് ബ്യുൂറോ സ്റ്റാന്റിങ് കമ്മിറ്റിയുടെ രൂപീകരണവും ഷി ജിന്‍പിങ്ങിന്റെ സ്വാധീനം എത്രത്തോളമാണെന്ന് വ്യക്തമാക്കും.

മറ്റെന്തൊക്കെ കാര്യങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിക്കുന്നത് പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതിയാണ് പ്രധാനം. ഷിയുടെ പ്രസക്തി അടിയുറപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയും അദ്ദേഹത്തെ മാവോയ്ക്കും ദെങ് സിയോവോ പിങ്ങിനും സമാനനായ നേതാവായി ഉയര്‍ത്തുന്നതിനുളള ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുകയെന്നാണ് സൂചന. ഇതിന് പുറമെ അടുത്ത അഞ്ച് വര്‍ഷം ചൈന വിവിധ മേഖലകളില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളെക്കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും 2035 വരെയുള്ള ദീര്‍ഘകാല പദ്ധതിക്ക് നേരത്തെ തന്നെ പാര്‍ട്ടി അംഗീകാരം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവും. സാമ്പത്തിക വളര്‍ച്ചയുടെ വലിയ നേട്ടങ്ങൾ ചൂണ്ടികാണിക്കുമ്പോഴും ചൈനീസ് സമൂഹത്തിലുണ്ടാകുന്ന വലിയ അസമത്വവും, കുത്തകളുളെ വളര്‍ച്ചയും പ്രതിരോധിക്കാനുള്ള നിലപാടുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ ചര്‍ച്ചകള്‍ക്കുമപ്പുറം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുടുതല്‍ കേന്ദ്രീകരണത്തിനുതകുന്ന നടപടികളാണ് ഈ കോണ്‍ഗ്രസിലും ഉണ്ടാവുകയെന്നാണ് സൂചന. എല്ലാ നടപടികളും അംഗീകരിക്കുന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി.

ഹു ജിന്റാവോയുടെ കാലത്ത് ചൈനയില്‍ സാമൂഹ്യ മാധ്യമങ്ങളിലെങ്കിലും നിയന്ത്രണം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഈയിടെ നടന്ന ചില പ്രതിഷേധങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടെന്ന പറയാറനുള്ള കലക്ടീവ് നേതൃത്വത്തെ ഫലത്തില്‍ അവസാനിപ്പിച്ചുകൊണ്ട് പാര്‍ട്ടിയും സര്‍ക്കാരും തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുന്ന നടപടികളാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഷി സ്വീകരിച്ചത്. ഇത്തവണയും അത് തുടരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 2027 ല്‍ എന്ത് സംഭവിക്കും. ഷീ യ്ക്ക് അന്നെങ്കിലും പിന്‍ഗാമി വേണ്ടി വരില്ലേ. അതിന്റെ സൂചനകള്‍ ഇത്തവണ ഉണ്ടാകുമോ. അത്തരമൊരു നേതാവിനെ ഈ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന പൊളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയില്‍ കണ്ടെത്താന്‍ കഴിയുമോ...

പാർട്ടി നേതാക്കളുടെ തൻപ്രമാണിത്വത്തിനും അഴിമതിക്കുമെതിരെ 'തലസ്ഥാനത്തെ ആക്രമിക്കുക' (Bombard the headquarters) എന്ന മുദ്രാവാക്യം ഉയർത്തിയ നേതാവായിരുന്നു മാവോ സെ തുങ്. പിന്നീട് അരാജകത്വത്തിലേക്കും ആക്രമത്തിലേക്കും പോയ സാംസ്കാരിക വിപ്ലവം ആഹ്വാനം ചെയ്ത മാവോയുടെ ചൈനയിൽ ചരിത്രം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണെന്ന് പറയാം.

logo
The Fourth
www.thefourthnews.in