ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി
Pool

ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം ഉണ്ടായിരുന്നെങ്കിലും ഭൂപട വിവാദം കത്തിപ്പടർന്നതോടെയാണ് എത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നത്
Updated on
1 min read

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തേക്കില്ല. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഷി ജിൻപിങ്ങിന് പകരം പ്രധാനമന്ത്രി ലി കിയാങ് എത്തുമെന്നാണ് സൂചന. അടുത്തിടെ പുറത്തുവിട്ട ഭൂപടത്തിൽ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശും ലഡാക്കിലെ അക്‌സായി ചിന്നും ചൈനീസ് ഭൂപടത്തിന്റെ ഭാഗമാക്കിയത് വലിയ വിവാദമായിരുന്നു. അതിനുപിന്നാലെ ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമോ എന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്നു.

ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം ഉണ്ടായിരുന്നെങ്കിലും ഭൂപട വിവാദം കത്തിപ്പടർന്നതോടെയാണ് എത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നത്. ചൈനീസ് മന്ത്രാലയം പുതുക്കിയ ഭൂപടം പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രദേശങ്ങൾ ചൈന കയ്യേറിയില്ലെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ 2023 ലെ 'സ്റ്റാൻഡേർഡ് മാപ്പ്' എന്ന് വിളിക്കപ്പെടുന്ന ചൈനയുടെ ഭൂപടത്തിനെതിരെ നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അതിർത്തി പ്രശ്ന പരിഹാരം സങ്കീർണ്ണമാക്കുക മാത്രമാണ് ചെയ്യുന്നത് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി
'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന

ഇതിനുമുൻപും അരുണാചൽ പ്രദേശും അക്‌സായി ചിന്നും തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെട്ടിട്ടുണ്ട്. 1962ലെ ഇൻഡോ- ചൈന യുദ്ധത്തിലാണ് അക്‌സായി ചിൻ ചൈന നിയന്ത്രണത്തിലാക്കുന്നത്. ഓഗസ്റ്റ് 28ന് പുറത്തുവിട്ട ഭൂപടത്തിൽ തായ്‌വാനും തർക്കമേഖലയായ ദക്ഷിണ ചൈനാ കടലും ചൈനയുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.

ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി
'ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടമിറക്കിയത് അതീവ ഗൗരവമേറിയ വിഷയം'; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി

ദക്ഷിണാഫ്രിക്കയിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യ- ചൈന അതിർത്തികളിലെ യഥാർത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച പ്രശ്നങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രാ അറിയിച്ചിരുന്നു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുകയും യഥാർത്ഥ നിയന്ത്രണ രേഖ മാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനുവേണ്ട തീരുമാനങ്ങളും ഇരുനേതാക്കളും കൈക്കൊണ്ടതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന പ്രതികരണമായിരുന്നു ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി
ഭൂപടത്തില്‍ മാത്രമല്ല ചൈനയുടെ നീക്കം; തുരങ്കങ്ങളും ഷെല്‍ട്ടറുകളും ബങ്കറുകളുമായി അക്സായി ചിന്നില്‍ വന്‍ രഹസ്യനിര്‍മാണങ്ങൾ

അതേസമയം, കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടി പോലെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെ ഉച്ചകോടിക്ക് അയയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. 2019ലാണ് ഷി അവസാനമായി ഇന്ത്യ സന്ദർശിക്കുന്നത്.

logo
The Fourth
www.thefourthnews.in