ഷി ജിന്‍പിങ്
ഷി ജിന്‍പിങ്

തായ്‌വാന്‍, ഹോങ്കോങ്, വിദേശ ഇടപെടല്‍: നയം വ്യക്തമാക്കി ഷി ജിന്‍പിങ്

തായ്‌വാന്‍ ചൈനയെക്കൊണ്ട് മാത്രം പരിഹരിക്കാവുന്ന കാര്യം, ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് ഷി
Updated on
2 min read

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. രാജ്യത്തിന്റെ സര്‍വ്വാധികാരവും പ്രസിഡന്റ് ഷി ജിന്‍പിങ്ങിലേക്ക് വന്നുചേരുന്നു എന്നതാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകത. അതുകൊണ്ടാണ് ലോകരാഷ്ട്രീയത്തില്‍ ചൈനയെ എതിരിടുന്നവരെല്ലാം ഷീയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലെ ആമുഖ പ്രസംഗത്തില്‍ തന്നെ ഷി നയം വ്യക്തമാക്കിയിട്ടുണ്ട്. തായ്‌വാനെ സംബന്ധിച്ചായിരുന്നു ഷിയുടെ പ്രസംഗം. തായ്‌വാന്‍ ചൈനയെക്കൊണ്ട് മാത്രം പരിഹരിക്കാവുന്ന കാര്യമാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന ശക്തമായ മുന്നറിയിപ്പും കൂടിയായിരുന്നു ഷിയുടെ വാക്കുകള്‍.

തായ്‌വാന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് ചൈനീസ് ജനതയുടെ കാര്യമാണെന്ന് ഷി പറഞ്ഞു. അത് ചൈനയെക്കൊണ്ട് മാത്രം പരിഹരിക്കാവുന്ന കാര്യമാണ്. തികഞ്ഞ ആത്മാര്‍ത്ഥതയോടെയും സമാധാനപരമായും പുനരൈക്യത്തിനായി പരിശ്രമിക്കുന്നത് തുടരും. ആവശ്യമെങ്കില്‍ സൈന്യത്തെ ഉപയോഗിക്കും എന്ന നയത്തില്‍ മാറ്റമില്ല. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സാധ്യത കരുതിവെച്ചിട്ടുണ്ട്. ഇതൊന്നും തായ്‌വാനെ ലക്ഷ്യംവെച്ചുള്ളതല്ലെന്നും ഷി വ്യക്തമാക്കി. തായ്വാന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബാഹ്യശക്തികളോടും വിഘടനവാദികളോടും അവരുടെ വിഘടന പ്രവര്‍ത്തനങ്ങളോടുമുള്ള മറുപടിയെന്നോണമായിരുന്നു ഷിയുടെ വാക്കുകള്‍. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഷീ ലക്ഷ്യമിട്ടത് യുഎസിനെയായിരുന്നു എന്ന് വ്യക്തം.

ഷി ജിന്‍പിങ്
'എല്ലാ അധികാരവും ഷീയ്ക്ക്'- 20-ാം കോൺഗ്രസിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലോചനകൾ

തികഞ്ഞ വിശ്വസ്തതയോടെയും സമാധാനപരമായും രാജ്യത്തിന്റെ പുനരേകീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ചൈനയുടെ പുനരേകീകരണത്തിലേക്കും ചൈനീസ് ജനതയുടെ പുനരുജ്ജീവനത്തിലേക്കുമാണ് ചരിത്രത്തിന്റെ ചക്രങ്ങള്‍ ഉരുളുന്നത്. രാജ്യത്തിന്റെ സമ്പൂര്‍ണ പുനരേകീകരണം തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകും, അതില്‍ സംശയം വേണ്ട. തായ്‌വാന് എല്ലായ്‌പ്പോഴും സംരക്ഷണവും ആദരവും നല്‍കിയിട്ടുണ്ട്. അവരുടെ ക്ഷേമവും കരുതലും ഉറപ്പുവരുത്താന്‍ ചൈന ബാധ്യസ്ഥരാണ്. തായ്‌വാന്‍ കടലിടുക്കിലൂടെ സാമ്പത്തിക, സാംസ്‌കാരിക കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഷി വ്യക്തമാക്കി.

ഹോങ്കോങ്ങിന്റെ സമഗ്രമായ നിയന്ത്രണം ചൈന നേടിയെടുത്തതായും ഷി പ്രസ്താവിച്ചു. അരാജകത്വത്തില്‍നിന്ന് ഭരണത്തിലേക്കുള്ള പരിവര്‍ത്തനം എന്നായിരുന്നു ഷി അതിനെ വിശേഷിപ്പിച്ചത്. വിഘടനവാദികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഫലപ്രദമായി ക്രിമിനല്‍വത്ക്കരിക്കുന്ന ദേശീയ സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കി, ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തിയ തീരുമാനത്തെ ഷി അഭിനന്ദിച്ചു. ഇത്തരം നടപടികളിലൂടെ ക്രമസമാധാനം പുനസ്ഥാപിച്ചു. 'മേഖലയുടെ മികച്ച അവസ്ഥയിലേക്കുള്ള വഴിത്തിരിവ്' എന്നായിരുന്നു നടപടികളെ അദ്ദേഹം വിശേഷിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനയുടെ ആഗോള സ്വാധീനം വര്‍ധിച്ചെന്ന അഭിപ്രായത്തിനൊപ്പമാണ്, തായ്‌വാന്‍ ഉള്‍പ്പെടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടേണ്ടെന്ന മുന്നറിയിപ്പും ഷി മുന്നോട്ടുവെച്ചത്. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയായിരുന്നു ഷിയുടെ പരാമര്‍ശം. എന്നാല്‍ യുഎസിനുള്ളതായിരുന്നു ആ മറുപടിയെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചത് ചൈനയെ അത്രത്തോളം അലോസരപ്പെടുത്തിയിരുന്നു. തായ്‌വാന്‍ കടലിടുക്കിലെ സൈനിക അഭ്യാസങ്ങളിലൂടെയായിരുന്നു ചൈന അന്ന് പ്രതികരിച്ചത്. തായ്‌വാനെ ആക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചിരുന്നെങ്കിലും ചൈന നിലപാട് മയപ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു ഷി. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രാജ്യത്തെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകളും പദ്ധതികളുമാണ് ഷി വിവരിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ ഷിയുടെ വാക്കുകള്‍ സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in