ഷി ജിൻപിങ്ങിന്റെ വീട്ടുതടങ്കലിന് പിന്നിൽ ഹു ജിന്റാവോ-വെൻ ജിയാബോ കൂട്ടുകെട്ട്? ബീജിങ് സൈനിക നിയന്ത്രണത്തിൽ!
ഉസ്‌ബസ്ക്കിസ്ഥാനിലെ സമർഖണ്ടിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുത്ത് മടങ്ങിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എവിടെയാണ്? ജൂണിൽ നിശ്ചയിച്ചിരുന്ന ജിൻപിങ്ങിന്റെ സൗദി സന്ദർശനം എന്തുകൊണ്ടാണ് മാറ്റിവെച്ചത്? ചൈനയിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ-ഭരണ അട്ടിമറി സംഭവിക്കുന്നുണ്ടോ? രാജ്യാന്തര മാധ്യമങ്ങൾ ഉത്തരം തേടുന്ന ചില ചോദ്യങ്ങളാണിത്. ജിൻപിങ് വീട്ടുതടങ്കലിൽ ആണെന്ന് ഉൾപ്പെടെ വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. അസാധാരണമായ സൈനിക നീക്കങ്ങളെക്കുറിച്ച് വീഡിയോകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ഹു ജിന്റാവോയും മുൻ പ്രധാനമന്ത്രി വെൻ ജിയാബോയുമാണ് മൂന്നാം തവണയും അധികാരത്തിലേറാൻ കാത്തിരിക്കുന്ന ജിൻപിങ്ങിനെതിരായ പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജിൻപിങ്ങിന്റെ സൈനിക അധികാരം മുഴുവൻ ഇല്ലാതാക്കാനും സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സിജിബി) നിയന്ത്രണം ഏറ്റെടുക്കാനും ഹുവും വെനും പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗവും ജിൻപിങ്ങിന്റെ എതിരാളിയുമായ സോങ് പിങ്ങിനെ പ്രേരിപ്പിച്ച് സഹായം തേടിയിരുന്നു. അതിന്റെ ബാക്കിപത്രമാണ് ജിൻപിങ്ങിന്റെ വീട്ടുതടങ്കലെന്നാണ് അഭ്യൂഹങ്ങൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് (http://cpc.people.com.cn/english/) ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. ഹോം പേജ് ഓപൺ ആകുന്നുണ്ടെങ്കിലും മറ്റു സെക്ഷനുകളിലേക്ക് പോകാൻ കഴിയുന്നില്ല. ചൈനീസ് പതിപ്പിലാകട്ടെ പുതിയ വിവരങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടുമില്ല. പാർട്ടിക്കുള്ളിലും സർക്കാരിലും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നതിന്റെ ഉദാഹരണമായാണ് അതിനെ ചൂണ്ടിക്കാട്ടുന്നത്. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ, സ്വതന്ത്ര മാധ്യമങ്ങളില്ലാത്ത, പുറംലോകവുമായുള്ള ബന്ധം ഛേദിക്കപ്പെട്ട ചൈനയിൽ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ലോകരാജ്യങ്ങൾ ഇരുട്ടിലാണ്.
കോവിഡിനെത്തുടർന്ന് രാജ്യാന്തര വേദികളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ജിൻപിങ്, രണ്ടര വർഷത്തിനുശേഷം രാജ്യം വിട്ട് പുറത്ത് പങ്കെടുത്ത പൊതുപരിപാടിയായിരുന്നു എസ് സി ഒ ഉച്ചകോടി. എന്നാൽ, ഉച്ചകോടിയിലും അത്രത്തോളം സജീവമായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടലുകൾ. അവസാനദിനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള അത്താഴ വിരുന്നിൽ പോലും പങ്കെടുത്തിരുന്നില്ല. ഉച്ചകോടി അവസാനിക്കുമ്പോഴേക്കും ചൈനയിലേക്ക് തിരികെപ്പോകാനുള്ള തിരക്കിലായിരുന്നു ജിൻപിങ്. എന്തിനെക്കുറിച്ചോയുള്ള വേവലാതികളോ ഭയമോ അദ്ദേഹത്തെ ബാധിച്ചിരുന്നതായുള്ള സംശയങ്ങൾ അവിടെയാണ് തുടങ്ങിയതെന്നാണ് ഏഷ്യൻ മിറർ റിപ്പോർട്ടിൽ പറയുന്നത്. ഉച്ചകോടി കഴിഞ്ഞ് ബീജിങ്ങിലെത്തിയ ജിൻപിങ്ങിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) മേധാവി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ജിൻപിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ടെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള റിപ്പോർട്ടുകളാണ് പിന്നീട് പുറത്തെത്തുന്നത്.
ചൈനയിൽ രാഷ്ട്രീയ-ഭരണ അട്ടിമറി നടക്കുന്നതായുള്ള വാർത്തകൾ ആദ്യം പുറത്തുവിട്ടത് ന്യൂസ് ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടാണ്. ജിൻപിങ്ങ് സമർകണ്ടിലായിരിക്കെ, പാർട്ടി നേതാക്കൾ രഹസ്യയോഗം കൂടി അദ്ദേഹത്തെ സൈനിക മേധാവി സ്ഥാനത്തുനിന്ന് നീക്കി. ഇക്കാര്യങ്ങൾ അറിഞ്ഞ് തിരിച്ചെത്തിയ ജിൻപിങ്ങിനെ ബീജിങ് വിമാനത്താവളത്തിൽ വെച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും -എന്നായിരുന്നു റിപ്പോർട്ട്. സോങ് പിങ് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സിജിബി) നിയന്ത്രണം വീണ്ടെടുക്കാൻ ഹു ജിന്റാവോയെയും വെൻ ജിയാബോയെയും സഹായിച്ചുവെന്നും ന്യൂസ് ഹൈലാൻഡ് റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് സിജിബിയുടെ ചുമതല. ജിൻപിങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ചുമതലയും സിജിബിക്കാണ്. മറ്റൊരാൾ സിജിബിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് സൈനിക അട്ടിമറിയായി പ്രഖ്യാപിക്കപ്പെടേണ്ടതാണ്.
സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പോസ്റ്റുകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഒന്നിനും ഔദ്യോഗിക സ്ഥിരീകരണമില്ല. സർക്കാർ കർശനമായി നിരീക്ഷിക്കുന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. ഇത്തരം വിവരങ്ങൾ പ്രചരിക്കുമ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം വന്നിട്ടില്ല എന്നത്, ചൈനയിൽ എന്തോ കുഴപ്പം സംഭവിച്ചതായുള്ള സംശയങ്ങളെ ബലപ്പെടുത്തുന്നു. ഹൂവും വെനും സിജിബിയുടെ നിയന്ത്രണം ഏറ്റെടുത്തയുടൻ, ബീജിങ്ങിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളോടും ഇക്കാര്യം ഫോണിൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്. അപ്പോൾ തന്നെ, ജിൻപിങ്ങിന്റെ സൈനിക അധികാരം സ്ഥാപക സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ അവസാനിപ്പിക്കുകയായിരുന്നത്രേ. ഇക്കാര്യങ്ങൾ അറിഞ്ഞതോടെയാണ്, ജിൻപിങ് എസ് സിഒ ഉച്ചകോടിയിൽ നിന്ന് തിടുക്കപ്പെട്ട് ചൈനയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ, സെപ്റ്റംബർ 16ന് വൈകിട്ട് ബീജിങ് വിമാനത്താവളത്തിലെത്തിയ ജിൻപിങ്ങിനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയും സോങ്‌നൻഹായിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സംശയം പ്രകടിപ്പിക്കുന്നത്.
മുൻ പ്രസിഡന്റ് കൂടിയായ ഹു ജിന്റാവോ ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഉള്ളതാണെങ്കിൽ, 2019ലെ കോവിഡ് വ്യാപനത്തിനുശേഷം ചൈനയിലെ സുപ്രധാന സംഭവമാണിത്. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രഹസ്യയോഗങ്ങൾ, അടച്ചിട്ട മുറികളിൽ നടത്തപ്പെട്ടു. പുറത്തുവരുന്ന വിവിധ റിപ്പോർട്ടുകളിൽ ഇക്കാര്യവും പറയുന്നുണ്ട്. സെപ്റ്റംബർ എട്ടിന് എഫ്ടിഐ ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഹൂവും വെനുമാണ് ഫിനിഷിംഗ് കമ്മിറ്റിയുടെ പരിഷ്‌കരണ യോഗത്തിന് മേൽനോട്ടം വഹിച്ചത്. പ്രവർത്തനങ്ങളുടെ അധ്യക്ഷനായിരുന്ന ജിൻപിങ് അനുഭാവിയെ യോഗത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ജിൻപിങ്ങിന്റെ അസാന്നിധ്യം പ്രകടമായ യോഗത്തിൽ, വേദിയുടെ ആദ്യനിരയുടെ മധ്യഭാഗത്ത് പിഎൽഎ നോർത്തേൺ കമാൻഡർ ലി ക്വിയോമിംഗ് ഉപവിഷ്ടനായിരുന്നു. പ്രസിഡന്റ് ജിൻപിങ്ങിന്റെ നിർദേശങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് ജനറൽ ലി ക്വിയോമിംഗ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മൂന്നാം തവണയും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ജിൻപിങ്. എന്നാൽ, ജിൻപിങ് സമർകണ്ടിലായിരുന്നപ്പോൾ, അദ്ദേഹത്തെ താഴെയിറക്കാനുള്ള നീക്കങ്ങളാണ് ചൈനയിൽ നടന്നത്. അതേത്തുടർന്നായിരുന്നു സിജിബി സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ജിൻപിങ്ങിനെ വിമാനത്താവളത്തിൽ തടഞ്ഞത്. അറസ്റ്റ് വലിയ അക്രമങ്ങൾക്ക് കാരണമാകുമെന്ന് നേതാക്കൾ സംശയിച്ചിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. ജനറൽ ലി ക്വിയോമിംഗ് അധിക സൈനിക വിന്യാസത്തോടെ ബീജിങ്ങിൽ പ്രതിരോധം തീർത്തിരുന്നു. 80 കിലോമീറ്റർ നീളത്തിൽ സൈനിക വാഹനവ്യൂഹം തലസ്ഥാനത്തേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നഗരങ്ങൾ സൈന്യത്തിന്റെ നിരീക്ഷണത്തിലും വാഹനഗതാഗതം ഉൾപ്പെടെ നിയന്ത്രണത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമോ പ്രകടനമോ ഉണ്ടായാൽ അറസ്റ്റ് ഉൾപ്പെടെ മാർഗങ്ങളിലൂടെ അതിനെ തടയാനാണ് നീക്കം. സൈനിക വാഹന വ്യൂഹം ബീജിങ്ങിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ യുഎസിൽ കഴിയുന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ സെങ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതാണ് രാഷ്ട്രീയ-ഭരണ അട്ടിമറിയെക്കുറിച്ചുള്ള സാധ്യതകൾക്ക് അടിവരയിടുന്ന മറ്റൊരു സംഭവം. രണ്ട് ദിവസത്തിനിടെ, ആറായിരത്തിലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കിയതായാണ് ചൈനീസ് പൗരന്മാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിവരം. തലസ്ഥാനമായ ബീജിങ്ങിലേക്കുള്ള അതിവേഗ ട്രെയിനുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിർത്തി. യുഎസിൽ കഴിയുന്ന ചൈനീസ് എഴുത്തുകാരനായ ഗോർഡൺ ചാങ്, രാഷ്ട്രീയ-ഭരണ അട്ടിമറിയുടെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. രാജ്യത്തെ 59 ശതമാനത്തോളം വിമാന സർവീസുകളും റദ്ദാക്കിയതിനും മുതിർന്ന ചില ഉദ്യോഗസ്ഥരെ ജയിലിൽ അടച്ചതിനും പിന്നാലെയാണ് പിഎൽഎ ബീജിങ്ങിലേക്ക് നീങ്ങുന്നത്. വലിയ പുകമറയുണ്ട്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തോ സംഭവിക്കുന്നുണ്ട്. ചൈന അസ്ഥിരമാണ് -എന്നാണ് ചാങ് ട്വിറ്ററിൽ കുറിച്ചത്.
ചൈനയിലെ രാഷ്ട്രീയ അസ്വസ്ഥതകളെ അടിവരയിടുന്നതാണ് റഷ്യയുടെ ചില നടപടികൾ. ചൈനയിലേക്കുള്ള സൈബീരിയ പൈപ്പ് ലൈനിലൂടെയുള്ള വാതകവിതരണം റഷ്യൻ കമ്പനിയായയ ഗാസ്‌പ്രോം താൽക്കാലികമായി നിർത്തിവെച്ചു. ചൈനയിലെ അട്ടിമറിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെത്തുടർന്നാണ് അത്തരമൊരു നടപടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നേരത്തെ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾക്കായാണ് വാതക വിതരണം താൽക്കാലികമായി നിർത്തിവെച്ചതെന്നാണ് ഗാസ്‌പ്രോം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബർ 22ന് നടന്ന സൈനിക കമ്മീഷൻ യോഗത്തെക്കുറിച്ചുള്ള വാർത്തകളും സംശയം ജനിപ്പിക്കുന്നതാണ്. ജിൻപിങ്ങ് ഇല്ലാത്ത യോഗത്തിൽ ജനറൽ ലി ക്വിയോമിങ്ങിന്റെ സവിശേഷ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ജിൻപിങ്ങിന്റെ എതിരാളിയായി കണക്കാപ്പെടുന്ന പാർട്ടിയിലെ ഏറ്റവും പ്രായം കൂടിയ, 105 വയസുള്ള സോങ് പിങ് യോഗത്തിലുണ്ടായിരുന്നു. ജിൻപിങ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ ഷെൻയാങ് കാങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു. ജിൻപിങ്ങും, വിദേശകാര്യ മന്ത്രി വാങ് യിയും ഒഴികെ, അറിയപ്പെടുന്ന മിക്കവാറും എല്ലാ പാർട്ടി നേതാക്കളും ഒരേ സമയം അനുസ്മരണ ഹാളിൽ ഉണ്ടായിരുന്നു. യോഗത്തിൽ ജിൻപിങ്ങിനെതിരെയാണ് പിങ് സംസാരിച്ചത്. രാജ്യം മാറണമെന്നും പുറംലോകത്തിന് കൂടുതൽ പ്രാപ്യമാകണമെന്നുമായിരുന്നു പിങ്ങിന്റെ ആവശ്യം. രാജ്യനന്മയ്ക്കായി, പാർട്ടി അതിന് മുൻഗണന നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും അധികാരത്തിലേറാനുള്ള ജിൻപിങ്ങിന്റെ എല്ലാ ശ്രമങ്ങൾക്കും തടയിടാനുള്ള ആഹ്വാനം എന്ന തരത്തിലാണ് സോങ് പിങ്ങിന്റെ വാക്കുകളെയും യോഗത്തെയും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പാർട്ടിയിൽ തലമുറ മാറ്റം വന്നേക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. 2013 മുതൽ ചൈനയുടെ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ജിൻപിങ്. മൂന്നാം തവണയും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ പരകോടിയിലേക്കുള്ള പ്രയാണത്തിനിടെയാണ് ജിൻപിങ്ങിന്റെ വീട്ടുതടങ്കൽ ഉൾപ്പെടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 1964ൽ സോവിയറ്റ് യൂണിയനിൽ നികിത ക്രൂഷ്‌ചേവിനെ അധികാരത്തിൽ നിന്ന് നീക്കിയതിനു സമാനമായ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അതിനെ വിലയിരുത്തുന്നത്. 2017ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജിൻപിങ് ആറ് വധശ്രമങ്ങൾ അതിജീവിച്ചിട്ടുണ്ടെന്നാണ് എച്ച്ഡബ്ല്യു റിപ്പോർട്ട് ചെയ്യുന്നത്. ആറും ആറ് സ്ഥലങ്ങളിലായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് ആറ് വധശ്രമങ്ങൾക്കും കാരണമായതെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. വാടക കൊലയാളികളെ ദൗത്യം ഏൽപ്പിച്ചത് പാർട്ടി ഉദ്യോഗസ്ഥരും. 16 സുരക്ഷാ മുന്നറിയിപ്പുകൾ ജിൻപിങ്ങിന് നൽകിയിരുന്നു. അതിൽ നാലെണ്ണം ബീജിങ്ങിലെ യാത്രകളുമായി ബന്ധപ്പെട്ടായിരുന്നു. ബീജിങ്ങിലെ മുൻസിപ്പിൽ സർക്കാർ ഓഫീസുകളുടെ സന്ദർശനവും അതിൽ ഉൾപ്പെടുന്നു എന്നറിയുമ്പോഴാണ് പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളുടെ രൂക്ഷത എത്രത്തോളമെന്ന് മനസിലാകുന്നത്. ഇതിനെയെല്ലാം ചേർത്തുവേണം ചൈനയിൽ നിന്നുള്ള പുതിയ വാർത്തകളെ കാണേണ്ടത്.
അതേസമയം, ചൈനയിൽ രാഷ്രീയ-ഭരണ അട്ടിമറിയെന്ന വാർത്തകൾ വെറും ഊഹാപോഹമാണെന്ന വിലയിരുത്തലുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് തെളിവുകളോ സ്ഥിരീകരണമോ ഇല്ലെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്ത് കൃഷ്ണൻ പറഞ്ഞു. ചൈനീസ് രാഷ്ട്രീയം ബ്ലാക്ക് ബോക്സുകളിൽ തന്നെ ഏറ്റവും രഹസ്യ സ്വഭാവമുള്ള ബ്ലാക്ക് ബോക്സാണ്. സാമൂഹ്യ മാധ്യമങ്ങളിലെ കിംവദന്തികളെ സാധൂകരിക്കാനുള്ള തെളിവുകളൊന്നും ചൈനയിൽ നിന്ന് കാണാനാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ജിൻ പിങ് മൂന്നാം തവണയും അധികാരം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.