സോംബി ഡ്രഗ്സിൽ ഭയന്ന് യുഎസ്; അലറി വിളിച്ചും കുഴഞ്ഞുവീണും മനുഷ്യർ

സോംബി ഡ്രഗ്സിൽ ഭയന്ന് യുഎസ്; അലറി വിളിച്ചും കുഴഞ്ഞുവീണും മനുഷ്യർ

സൈലാസൈന്‍ എന്ന മരുന്നാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളെ മയക്കുന്നതിന് അനസ്‌തേഷ്യയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്
Updated on
1 min read

അമേരിക്കയില്‍ ഭീതിക്കിടയാക്കി മനുഷ്യ ശരീരം അഴുകുന്നതിന് കാരണമാകുന്ന മാരകമായ പാര്‍ശ്വ ഫലങ്ങളുള്ള സോംബീ ഡ്രഗ്. തെരുവുകളില്‍ കുഴഞ്ഞിരിക്കുന്നവരുടെയും അലറിക്കരയുന്നവരുടെയും വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതർ ഇതിന്റെ കാരണങ്ങള്‍ തേടിയത്.

സൈലാസൈന്‍ എന്ന മരുന്നാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളെ മയക്കുന്നതിന് അനസ്‌തേഷ്യയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. വേദനസംഹാരിയായും ഉപയോഗിക്കാറുണ്ട്. എന്നാല്‍, യുഎസിലെ ജനങ്ങള്‍ മയക്കുമരുന്നിന് സമാനമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തല്‍.

2021-ല്‍ ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, 2668 പേര്‍ സൈലാസൈന്‍ അമിത അളവില്‍ ശരീരത്തിലെത്തിയത് മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈലാസൈന്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആസ്വാദനം വര്‍ധിപ്പിക്കുന്നെന്ന് വിദഗ്ധര്‍ പറയുന്നു.

സൈലസൈന്‍ ഉപയോഗിക്കുന്നത് നിയമപരമാണെങ്കിലും, ഇത് മനുഷ്യരുടെ ഉപയോഗത്തിന് അംഗീകരിച്ചിട്ടില്ല. മനുഷ്യരില്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.

കൊക്കെയിന്‍, ഹെറോയിന്‍, ഫെന്റനൈല്‍ പോലുള്ള ഡ്രഗ്ഗുകളിലും അതിന്റെ ഭാരവും ശക്തിയും വര്‍ധിപ്പിക്കുന്നതിന് വേണ്ടി സൈലിസൈന്‍ ചേര്‍ക്കാറുണ്ട്. സൈലസൈന്‍ അധികവും ശരീരത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നതെങ്കിലും വിഴുങ്ങിയോ മൂക്കിലൂടെ വലിച്ചെടുക്കുകയോ ചെയ്യാവുന്നതാണ്.

ദ്രാവകരൂപത്തിലും വാങ്ങാം. ഓണ്‍ലൈനില്‍ ഇത് പൗഡര്‍ രൂപത്തിലും ലഭിക്കുന്നതാണ്. സൈലസൈനിന്റെ ദുരൂപയോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2000 ത്തിന്റെ തുടക്കത്തില്‍ നോര്‍ത്ത് അമേരിക്കന്‍ പ്രദേശമായ പ്യൂര്‍ട്ടോ റിക്കോയാണ്.

സൈലസൈനിന്റെ അമിതമായ ഉപയോഗം മനുഷ്യരില്‍ അമിതമായ ഉറക്കം, ഓര്‍മകുറവ്, ശ്വാസം മുട്ടല്‍, ഹൃദയമിടിപ്പ് പതുക്കെ ആകുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാരണമാകുന്നു. ഉപയോഗിക്കുന്നവരുടെ തൊലിയില്‍ വലിയ ദ്വാരങ്ങളുള്ള മുറിവുകളുണ്ടാകും. അതിനാലാണ് ഇതിനെ സോംബി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി മുറിവ് വ്യാപിക്കുന്നതിനും ക്യാന്‍സറിന് സമാനമായ അവസ്ഥയിലേയ്ക്ക് എത്തുന്നതിനും കാരണമാകുന്നു. ഒടുവില്‍ ശരീരത്തിലെ പ്രസ്തുത ഭാഗം മുറിച്ച് കളയേണ്ടിവരുമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

logo
The Fourth
www.thefourthnews.in