ആഗോള തലത്തില്‍ 'നിരാശ' പടരുന്നു; യുവാക്കള്‍ കടന്നുപോകുന്നത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയെന്ന് ഗവേഷണ റിപ്പോർട്ട്
ആഗോളതലത്തില്‍ മധ്യജീവിത പ്രതിസന്ധിക്ക് തുല്യമായ അനുഭവത്തിലൂടെ കടന്നുപോകുന്ന യുവാക്കള്‍ സന്തുഷ്ടരല്ലെന്ന് ഗവേഷണ റിപ്പോർട്ട്. ഗുരുതരമായ മാനസിക സംഘർഷങ്ങളിലൂടേയും ബുദ്ധിമുട്ടുകളിലൂടെയുമാണ് യുവാക്കള്‍ കടന്നുപോകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓക്‌സ്‌ഫോർഡ് യുണിവേഴ്‌സിറ്റിയുടെ വെല്‍ബീയിങ് റിസേർച്ച് സെന്റർ, ഗാലപ്പ്, ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് സൊലൂഷന്‍സ് നെറ്റ്‌വർക്ക് എന്നിവ ചേർന്ന് തയാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 140 രാജ്യങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു പഠനം.
വടക്കെ അമേരിക്കയിലെ യുവാക്കള്‍ മുതിർന്നവരേക്കാള്‍ ഏറെ നിരാശരാണെന്ന റിപ്പോർട്ടിലെ കണ്ടെത്തല്‍ യൂറോപ്പിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കയിലെ സർജന്‍ ജെനറലായ ഡോ. വിവേക് മൂർത്തി അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനോട് പറഞ്ഞു. 30 വയസിന് താഴെ പ്രായമുള്ളവരുടെ മാനസിക ക്ഷേമത്തിലുണ്ടായ ഇടിവ് ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ നിന്ന് അമേരിക്കയെ പുറത്താക്കി. നിലവില്‍ 23-ാം സ്ഥാനത്താണ് അമേരിക്ക. 30 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ 62-ാം സ്ഥാനത്തും.
അമേരിക്കയില്‍ 15-24 വയസുവരെ പ്രായമുള്ളവർ മുതിർന്നവരേക്കാള്‍ സന്തുഷ്ടരായി തുടർന്നിരുന്നെങ്കിലും 2017 മുതല്‍ ഈ പ്രവണത മാറിമറിഞ്ഞതായാണ് റിപ്പോർട്ടില്‍ പറയുന്നത്. യൂറോപ്പിലും അമേരിക്കയുടേതിന് സമാനമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അമേരിക്കയ്ക്ക് സമാനമായി ആഗോളതലത്തില്‍ തന്നെ യുവാക്കള്‍ നിരാശരായി മുന്നോട്ട് പോകുന്നത് വലിയ മുന്നറിയിപ്പാണെന്നും വിവേക് മൂർത്തി ചൂണ്ടിക്കാണിച്ചു.
ലോകത്തിന്റെ പലഭാഗത്തുമുള്ള കുട്ടികള്‍ പോലും മധ്യജീവിത പ്രതിസന്ധിക്ക് സമാനമായി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് വെല്‍ബീയിങ് റിസേർച്ച് സെന്ററിന്റെ ഡയറക്ടറും പഠനത്തിന്റെ എഡിറ്ററുമായ പ്രൊഫ. ജാന്‍ ഇമ്മാനുവല്‍ ഡി നേവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്നും ജാന്‍ ഇമ്മാനുവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടികയില്‍ 32-ാം റാങ്കിങ്ങിലാണ് ബ്രിട്ടണിലെ 30 വയസിന് താഴെയുള്ള വിഭാഗം. മോള്‍ഡോവ, കൊസോവൊ, എല്‍ സാല്‍വഡോർ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ബ്രിട്ടണ്‍. ലോകത്തിലെ തന്നെ കൊലപാതക നിരക്കില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് എല്‍ സാല്‍വഡോർ.
എന്നാല്‍ ഇതിന്റെ നേർവിപരീതമാണ് ബ്രിട്ടണിലെ മുതിർന്ന തലമുറയുടെ കാര്യം. 60 വയസിന് മുകളിലുള്ള ബ്രിട്ടീഷ് ജനവിഭാഗം ഏറ്റവും സന്തുഷ്ടരായ മുതിർന്ന തലമുറയുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്ക 10-ാം സ്ഥാനത്താണ്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ പ്രായക്കാരിലും സന്തോഷത്തിന്റെ അളവില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യുവാക്കളില്‍. 2021-23 കാലഘട്ടത്തില്‍ ഏറ്റവും നിരാശയില്‍ കഴിഞ്ഞത് യുവാക്കളാണ്. 2010ല്‍ ഏറ്റവും സന്തുഷ്ടരായിരുന്നത് യുവാക്കളായിരുന്നു, റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുവാക്കളിലെ ഈ മാറ്റത്തിന്റെ കാരണം റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം, വരുമാനത്തിലെ അസമത്വങ്ങള്‍, ഗാർഹിക പ്രശ്നങ്ങള്‍, യുദ്ധം, കാലാവസ്ഥ പ്രശ്നങ്ങള്‍ എന്നിവ യുവാക്കള്‍ക്കിടയില്‍ ചർച്ചയാകുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ആദ്യ ഇരുപതില്‍ ഇടം പിടിച്ച പുതിയ രാജ്യങ്ങളായി കോസ്റ്റാറിക്കയും കുവൈത്തും മാറി. ജർമനി 16-ാം സ്ഥാനത്ത് നിന്ന് 24ലേക്ക് വീണു. അഫ്ഗാനിസ്താനും ലെബനനുമാണ് ഏറ്റവും സന്തുഷ്ടരല്ലാത്ത രാജ്യങ്ങള്‍. സന്തോഷം വർധിക്കുന്ന രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും, കംബോഡിയ, റഷ്യ, ചൈന എന്നിവ ഉള്‍പ്പെടുന്നു. സെർബിയയാണ് ഏറ്റവും വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്. ഫിന്‍ലാന്‍ഡാണ് ഒന്നാമത്, ഇന്ത്യ 126-ാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ തവണയും ഇതേ സ്ഥാനത്തായിരുന്നു ഇന്ത്യ.