ചൈനയിൽ യുവാക്കൾ ഭക്തിമാർഗത്തിലേക്ക്; ആരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കൂടുന്നു

ചൈനയിൽ യുവാക്കൾ ഭക്തിമാർഗത്തിലേക്ക്; ആരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കൂടുന്നു

തൊഴിലില്ലായ്മ വർധിക്കുന്നതാണ് യുവാക്കളെ മാറിചിന്തിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ
Updated on
1 min read

ചൈനയിൽ യുവാക്കൾ ഭക്തിമാർഗത്തിലേക്ക് തിരിയുന്നെന്ന് റിപ്പോർട്ട്. തൊഴിലില്ലായ്മ വർധിക്കുന്നതാണ് യുവാക്കളെ ഭക്തിയിലേക്ക് നയിക്കുന്നത്. ചൈനീസ് ട്രാവൽ പ്ലാറ്റ്‌ഫോമായ ക്യൂണർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022ലെ ആദ്യപാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ആരാധനാലയങ്ങൾ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം ഈ വർഷം 367 ശതമാനം വർധിച്ചു.

കോവിഡ് കാലത്തെ അടച്ചു പൂട്ടലിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ചൈനയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇത് സഞ്ചാരികളുടെ എണ്ണം പൊടുന്നതെ കൂടാൻ കാരണമായിട്ടുണ്ട്. എന്നാൽ അരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കോവിഡിന് മുൻപുള്ള കാലത്തേക്കാൾ കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനുവരി മുതൽ മെയ് വരെയുള്ള കണക്ക് പ്രകാരം, രാജ്യത്തെ പ്രധാന ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ സിച്ചുവയിലെ മൗണ്ട് എമിഐ സന്ദർശിച്ചത് 25 ലക്ഷം പേരാണ്. 2019 ൽ ഇതേ കാലയളവിൽ ഉണ്ടായ സന്ദർശകരെക്കാൾ 50 ശതമാനം കൂടുതലാണ് ഇത്.

'സാമ്പ്രാണിത്തിരികൾ പുകയ്ക്കുന്ന യുവത്വം' എന്ന പ്രയോഗം നിലവിൽ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വയറലാണ്

മറ്റൊരു ചൈനീസ് ട്രാവൽ പ്ലാറ്റ്‌ഫോമായ ട്രിപ്.കോമിന്റെ കണക്ക് പ്രകാരം, ജനുവരി- ഫെബ്രുവരി മാസങ്ങൾക്കിടയിൽ ഭക്തികേന്ദ്രങ്ങൾ സന്ദർശിച്ചവരിൽ പകുതിയോളം 1990കൾക്ക് ശേഷം ജനിച്ചവരാണ്. ഇക്കഴിഞ്ഞ മെയ് മാസം മാത്രം 16നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 20.8 ശതമാനത്തിലെത്തിയിരുന്നു. ചൈനയുടെ കർശന കോവിഡ് നയങ്ങളാണ് കടുത്ത തൊഴിലില്ലായ്മയിലേക്ക് രാജ്യത്തെ നയിച്ചെന്നാണ് വിലയിരുത്തൽ.

'ചന്ദനത്തിരി പുകയ്ക്കുന്ന യുവത്വം' എന്ന പ്രയോഗം ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ. വിജയമുണ്ടാകാൻ ഭക്തിമാർഗം സ്വീകരിക്കുന്ന യുവാക്കളെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്. ധ്യാന കോഴ്‌സുകൾ, കഫേകൾ, കൗൺസിലിങ് സെന്ററുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കികൊണ്ട് പല ഭക്തികേന്ദ്രങ്ങളും പണമുണ്ടാക്കാൻ, യുവാക്കളുടെ ആത്മീയത മുതലെടുക്കുന്നുണ്ട്. ബുദ്ധിസത്തിന്റെ ഭാഗമായുള്ള ക്ഷുദ്രാഭരണങ്ങളുടെ ഉപയോഗവും ചൈനയിൽ ഇപ്പോൾ വർധിക്കുകയാണ്. പല ഓൺലൈൻ സൈറ്റുകളും ബുദ്ധവിഹാരങ്ങളിൽ നിന്നുള്ളതെന്ന് അവകാശപ്പെട്ട് ഇവ വിൽക്കുന്നുണ്ട്. ഇതിനെതിരെ ക്ഷേത്രങ്ങൾ തന്നെ രംഗത്തെത്തുകയും ഇത്തരത്തിൽ ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in