വെള്ളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍; ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ വിവാദ പരസ്യം പിൻവലിച്ച് സാറ
പലസ്തീൻ വിരുദ്ധ പരസ്യങ്ങൾ പിൻവലിച്ച് ഫാഷൻ റീട്ടെയിലർ ബ്രാൻഡായ സാറ. വെള്ളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍ നിൽക്കുന്ന പരസ്യമാണ് കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ പിൻവലിച്ചത്. എന്നാൽ ഉള്ളടക്കം പുതുക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് സാറയുടെ മാതൃസ്ഥാപനമായ ഇൻഡിടെക്സിന്റെ വിശദീകരണം.
കൈകാലുകൾ നഷ്ടപ്പെട്ട മാനെക്വിനുകളുമായി മോഡൽ നിൽക്കുന്ന പരസ്യം പുറത്തിറക്കിയതിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാറയ്‌ക്കെതിരെ ബഹിഷ്കരണ ആഹ്വാനം ഉൾപ്പെടെയുള്ള പ്രതിഷേധം ഉയർന്നിരുന്നു. സാറയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പലസ്തീൻ പതാകകൾക്കൊപ്പം '#BoycottZara' എന്ന ഹാഷ്ടാഗും പ്രചരിച്ചിരുന്നു. ചിത്രങ്ങൾ സെപ്റ്റംബറിൽ എടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും പ്രതിഷേധങ്ങളോട് നേരിട്ട് പ്രതികരിക്കാൻ സ്ഥാപനം തയാറായിട്ടില്ല.
ഒക്ടോബർ ഏഴിന് ശേഷം പല അന്താരാഷ്ട്ര ബ്രാൻഡുകളും സ്വീകരിച്ച ഇസ്രയേൽ അനുകൂല നിലപാടിനെ ചൊല്ലി അവർക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിരുന്നു
ഡിസംബർ ഏഴിനാണ് വിവാദമായ സാറയുടെ 'ദ ജാക്കറ്റ്' എന്ന പുതിയ പ്രൊമോഷണല്‍ ക്യാമ്പയിൻ പുറത്തിറക്കിയത്. ക്രിസ്റ്റന്‍ മക്‌മെനാമിയായിരുന്നു മോഡൽ. ഈ ചിത്രങ്ങളില്‍ ഗാസയിലെ നിലവിലെ ദുരവസ്ഥ പുനരാവിഷ്‌കരിച്ചിരിക്കുകയാണെന്നും ഇസ്രയേൽ അധിനിവേശത്തെ ബ്രാന്‍ഡിന്റെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീന്‍ ഭൂപടത്തിന് സമാനമായി നിര്‍മ്മിച്ച പ്ലെയ്‌വുഡ് ബോര്‍ഡില്‍ മോഡല്‍ ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. മറ്റൊന്നില്‍, വെള്ള തുണികൊണ്ട് ചുറ്റിയ ഡമ്മിയുമായി നില്‍ക്കുന്ന മോഡലിനെ കാണാം. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വെള്ളത്തുണികള്‍ കൊണ്ട് പൊതിഞ്ഞു കൊണ്ടുപോകുന്നതിന് സമാനമാണ് ഈ ചിത്രമെന്ന് വിമര്‍ശനമുണ്ട്.
തകര്‍ന്ന കെട്ടിടമാണെന്ന് തോന്നിക്കുന്ന പശ്ചാത്തലത്തില്‍ എടുത്തതാണ് മറ്റൊരു ചിത്രം.ചിത്രങ്ങള്‍ വിവാദമായതിന് പിന്നാലെ, സാറയുടെ ഡിസൈനര്‍ ഹെഡ് വനേസ പെര്‍ലിമാന്‍ മുന്‍പ് പലസ്തീന്‍ മോഡര്‍ ഖഹര്‍ ഹര്‍ഹാഷിന് അയച്ച മെസ്സേജും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. 'നിങ്ങളുടെ ആളുകള്‍ വിദ്യാഭ്യാമുള്ളവരായിരുന്നെങ്കില്‍, ഗാസയെ സഹായിക്കാനായി ഇസ്രയേല്‍ പണം ചെലവഴിച്ച ആശുപത്രികളും സ്‌കൂളുകളും അവര്‍ തകര്‍ക്കില്ലായിരുന്നു. നിങ്ങളുടെ ആളുകള്‍ ചെയ്യുന്നതുപോലെ, സൈനികര്‍ക്ക് നേരെ കല്ലെറിയാന്‍ ഇസ്രയേല്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല' എന്നായിരുന്നു 20021ല്‍ പലസ്തീന്‍ മോഡലിന് വനേസ ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശം.
ഒക്ടോബർ ഏഴിന് ശേഷം പല അന്താരാഷ്ട്ര ബ്രാൻഡുകളും സ്വീകരിച്ച ഇസ്രയേൽ അനുകൂല നിലപാടിനെ ചൊല്ലി അവർക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിരുന്നു. സ്റ്റാർബക്‌സും മക്‌ഡൊണാൾഡും ഉൾപ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികൾ ഈ പട്ടികയിലുണ്ട്. ഇസ്രയേലിൽ പ്രവർത്തിക്കുന്ന ഒരു മക്‌ഡൊണൾഡ്‌സ് ഫ്രാഞ്ചൈസി ഇസ്രയേൽ സൈനിക അംഗങ്ങൾക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ചതായിരുന്നു അവർക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനത്തിന് വഴിതെളിച്ചത്. കൂടാതെ ഇസ്രയേൽ അനുകൂലമെന്ന് തോന്നിപ്പിക്കുന്ന കത്തിന്റെ പേരിൽ സിഇഒ സുന്ദർ പിച്ചൈക്കെതിരെ നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർ നിവേദനം സമര്പിച്ചതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.