വ്ളോദിമര്‍ സെലന്‍സ്കി
വ്ളോദിമര്‍ സെലന്‍സ്കി

'യുക്രെയ്നിലെ 45 ലക്ഷം പേര്‍ ഇരുട്ടില്‍; റഷ്യ വൈദ്യുത നിലയങ്ങള്‍ തകര്‍ക്കുന്നു': സെലന്‍സ്‌കി

റഷ്യൻ അധിനിവേശ യുക്രെയ്ൻ നഗരമായ ഖേഴ്സണിൽ നിന്ന് റഷ്യ പിന്മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ
Updated on
1 min read

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള റഷ്യൻ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കി. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്‌നിലെ 4.5 മില്യൺ ജനങ്ങള്‍ വൈദ്യതി ഇല്ലാത്ത അവസ്ഥയിൽ ആണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സെലൻസ്കിയുടെ പരാമർശം. യുദ്ധമുഖത്ത് അടിക്കടിയുണ്ടാകുന്ന പരാജയങ്ങൾക്ക് ശേഷം യുക്രെയ്ന്‍ ഊർജ ശൃംഖലകളെ ലക്ഷ്യമാക്കി റഷ്യ കനത്ത മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അതേസമയം ഖഴ്സണിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ വൈദ്യുത നിലയങ്ങളിൽ മൂന്നിലൊന്ന് കഴിഞ്ഞ മാസത്തെ ആക്രമണങ്ങളിൽ നശിച്ചതായി സെലൻസ്കി വീഡിയോയിൽ വ്യക്തമാക്കി. 'ഇതിന്റെ ഫലമായി രാജ്യത്തെ ഊർജ്ജ ഉപഭോഗം നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതരായി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള റഷ്യയുടെ ആക്രമണങ്ങൾ ബലഹീനതയുടെ അടയാളമാണ്. യുദ്ധമുഖത്ത് ഞങ്ങളെ തോൽപിക്കാൻ കഴിയാത്തതിനാൽ ജനങ്ങളെ ഈ നവിധം തകർക്കാൻ അവർ ശ്രമിക്കുകയാണ്'. സെലൻസ്കി പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള റഷ്യയുടെ ആക്രമണങ്ങൾ ബലഹീനതയുടെ അടയാളമാണ്.

വ്ളോദിമര്‍ സെലന്‍സ്കി- യുക്രെയ്ന്‍ പ്രസിഡന്റ്

യുക്രേനിയൻ ഊർജ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിടുന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. റഷ്യൻ സൈന്യം യുക്രെയ്നിലെ പ്രധാന നഗരങ്ങളിലൊന്നായ ഖേഴ്സൺ വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് സെലൻസ്കിയുടെ ആരോപണങ്ങൾ.

പ്രദേശത്ത് നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് ഖേഴ്സൺ മേഖലയിലെ റഷ്യൻ ഉദ്യോഗസ്ഥൻ കിറിൽ സ്ട്രെമോസോ വ്യക്തമാക്കിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ മിക്ക കമാൻഡിങ് ഓഫീസർമാരും ഇതിനോടകം ഖേഴ്സൺ വിട്ടതായാണ് സൂചനകൾ. മാർച്ചിൽ തെക്കൻ യുക്രെനിയൻ നഗരമായ ഖേഴ്സൺ പിടിച്ചെടുത്തത് റഷ്യയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായിരുന്നു.

ഖേഴ്സൺ തിരിച്ചുപിടിക്കാൻ സൈന്യത്തിന് കഴിവുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ സൈന്യം കൂടുതൽ ജാഗ്രതയോടെയാണ്‌ നീങ്ങുന്നതെന്നും പ്രദേശത്ത് ഇപ്പോഴും യുദ്ധം തുടർന്നുകൊണ്ടിരിക്കയാണെന്നും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യൻ പതാകകൾ പറക്കാത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ വ്യാഴാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in