മാനസികാരോഗ്യം പ്രധാനം; ജീവനക്കാര്‍ക്ക് 11 ദിവസം അവധി അനുവദിച്ച് മീഷോ

മാനസികാരോഗ്യം പ്രധാനം; ജീവനക്കാര്‍ക്ക് 11 ദിവസം അവധി അനുവദിച്ച് മീഷോ

ലിംഗമാറ്റ ശസ്ത്രക്രിയക്കായി 30 ദിവസത്തെ അവധിയും മീഷോ നല്‍കുന്നുണ്ട്.
Updated on
1 min read

ജീവനക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ പ്രത്യേക അവധി അനുവദിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ. 11 ദിവസത്തെ 'റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്ക്' ആണ് കമ്പനി ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മീഷോ ഇത്തരം ഒരു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെസ്റ്റിവല്‍ സീസണിലെ വില്‍പ്പന തിരക്ക് കഴിഞ്ഞതിനുശേഷം ജീവനക്കാരുടെ മാനസിക ആരോഗ്യം പരിഗണിച്ച് ജോലിയില്‍ നിന്ന് പൂര്‍ണമായ വിശ്രമം നല്‍കുന്നതിനായാണ് കമ്പനി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. മീഷോയുടെ വെബ്സൈറ്റിലാണ് ഔദ്യോഗികമായി റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്ക്നെക്കുറിച്ച് അറിയിച്ചത്.

ഫെസ്റ്റിവല്‍ സീസണിലെ വില്‍പ്പന തിരക്ക് കഴിഞ്ഞതിനുശേഷം ജീവനക്കാരുടെ മാനസിക ആരോഗ്യം പരിഗണിച്ച് ജോലിയില്‍ നിന്ന് പൂര്‍ണമായ വിശ്രമം നല്‍കുന്നു

അവധി ഇത്തവണയും തുടരുമെന്ന് മീഷോയുടെ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ ആണ് പ്രഖ്യാപിച്ചത്. മികച്ച മാനസികാരോഗ്യത്തിന് തൊഴില്‍ ജീവിതവും വ്യക്തി ജീവിതവും ബാലന്‍സ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സഞ്ജീവ് ബര്‍ണ്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെയാണ് ജീവനക്കാര്‍ക്ക് റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്ക് ലഭിക്കുക.

ബഹിരാകാശ സഞ്ചാരികള്‍ക്ക് പോലും ഇടവേളകള്‍ ആവശ്യമുള്ളപ്പോള്‍ കമ്പനിയില്‍ 'മൂണ്‍ഷോട്ട് മിഷനുകളില്‍' ജോലി ചെയ്യുന്നവര്‍ക്കും ഇടവേളകള്‍ നല്‍കേണ്ടതുണ്ടെന്ന് മീഷോ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേയും ട്വീറ്റ് ചെയ്തു. ഈ അവധി ജീവനക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനോ യാത്ര ചെയ്യാനോ പുതിയ ഒരു ഹോബി തിരഞ്ഞെടുക്കാനോ ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരം പുരോഗമന നയങ്ങള്‍ കമ്പനിയെ പുരോഗതയിലേക്കാണ് നയിച്ചതെന്ന് മീഷോയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ ആശിഷ് കുമാര്‍ സിംഗും പറഞ്ഞു.

ജീവനക്കാര്‍ക്ക് മാനുഷികമായ പരിഗണന നല്‍കി കൊണ്ട് ഇതിന് മുന്‍പും പല തീരുമാനങ്ങളും മീഷോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ താല്‍പര്യമനുസരിച്ച് എവിടെയിരുന്നും തൊഴിലെടുക്കാനുള്ള സാധ്യത നേരത്തെ തന്നെ മീഷോ തുറന്നിരുന്നു. ലിംഗഭേദമില്ലാതെ 30 ദിവസത്തെ രക്ഷകര്‍തൃ അവധിയും പരിധിയില്ലാത്ത വെല്‍നസ് അവധിയും ലിംഗമാറ്റ ശസ്ത്രക്രിയക്കായി 30 ദിവസത്തെ അവധിയും മീഷോ നല്‍കി വരുന്നുണ്ട്. പല തൊഴിലിടങ്ങളിലും ജീവനക്കാര്‍ക്ക് മാന്യമായ വേതനം പോലും ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ജീവനക്കാരുടെ മാനസികാരോഗ്യം പോലും പരിഗണിച്ച് മീഷോ ഇത്തരത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്.

logo
The Fourth
www.thefourthnews.in