അമ്മ തന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍; മാനസികാരോഗ്യത്തെ കുറിച്ച് ദീപിക പദുകോണ്‍
വിഷാദ രോഗത്തെ അതിജീവിച്ച ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. താന്‍ കടന്നുവന്ന മാനസികാവസ്ഥയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പലപ്പോഴായി തുറന്നു പറഞ്ഞ താരം ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് നല്‍കേണ്ട പിന്തുണയെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ്.
അമ്മ എന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കില്‍ ഇന്ന് തന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ കുടുംബത്തില്‍ നിന്നും തനിക്ക് ലഭിച്ച പരിചരണവും പിന്തുണയും ദീപിക നന്ദിയോടെ ഓർക്കുന്നു
വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നവര്‍ക്ക് മാനസിക പിന്തുണ അത്യാവശ്യമാണ്. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഈ പിന്തുണ വളരെ നിര്‍ണായകമായിരുന്നു. കൃത്യമായി അസുഖം കണ്ടെത്തേണ്ടതിന്റെയും ചികിത്സ തേടേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ചും ദീപിക പറയുന്നു. രോഗിയുടെ മാനസികാരോഗ്യം പോലെ തന്നെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
2014 ലാണ് താരത്തിന് വിഷാദരോഗം അനുഭവപ്പെട്ടത്. 2015 ല്‍ താന്‍ നേരിട്ട അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ദീപിക 'ലിവ്, ലവ്, ലാഫ് എന്ന സംഘടന രൂപീകരിച്ചത്. ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി തമിഴ്‌നാട്ടിലാണ് ദീപിക ഇപ്പോഴുള്ളത്