ഇന്ത്യൻ ഭരണഘടനയുടെ സോഷ്യലിസ്റ്റ് പുറംമോടി

ഇന്ത്യൻ ഭരണഘടനയുടെ സോഷ്യലിസ്റ്റ് പുറംമോടി

കോൺഗ്രസിനോ ബ്രിട്ടീഷ് അധികാരികൾക്കോ ഇന്ത്യൻ ഭരണഘടനയെപ്പറ്റിയോ ഭരണ സംവിധാനത്തെപ്പറ്റിയോ യാതൊരു സംശയവുമില്ലായിരുന്നു. വർഗാധിപത്യത്തിന്റെ തുടർച്ച ഉറപ്പാക്കലായിരുന്നു ഇരുവരുടെയും താത്പര്യം.
Updated on
23 min read

ആമുഖം

സ്ഥിതിസമത്വ വാദമാണ് സോഷ്യലിസം. സാമൂഹ്യ, സാമ്പത്തിക, ചൂഷണങ്ങളില്ലാത്ത, മൂലധനാധിപത്യമില്ലാത്ത സമൂഹ സൃഷ്ടിയുടെ പ്രത്യയ ശാസ്ത്രമാണത്. വൻകിട ഉത്പാദനം, വിതരണം, വിനിമയം എന്നിവയുടെ ഉപാധികൾ സമൂഹത്തിന്റെ ഉടമസ്ഥതയിലായിരിക്കുന്ന രാഷ്ട്രീയ സംവിധാനമാണത്. എന്നാൽ മൂലധനകേന്ദ്രീകൃതമായ, ആസൂത്രണരഹിത ചരക്കുത്പാദന സമ്പ്രദായമാണ് മുതലാളിത്തം. അതിനായി തൊഴിലാളികളെയും പരിസ്ഥിതിയെയും ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളെയും ഉപഭോക്താക്കളെയും ആവുന്നത്ര ചൂഷണം ചെയ്ത് പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ സമ്പദ് വ്യവസ്ഥിതിയുടെ ആപ്‌തവാക്യം. ചൂഷണാധിഷ്ഠിതമായ ഈ സമ്പ്രദായത്തിന്റെ തനത് ദോഷങ്ങളായ അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, പരിസ്ഥിതി നാശം, മഹായുദ്ധങ്ങൾ എന്നിവയെ ഇല്ലായ്‌മ ചെയ്യുന്ന, സാമൂഹ്യ വിഭവങ്ങളുടെ നീതിപൂർവ്വമായ വിതരണം ഉറപ്പാക്കുന്ന, എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് അധ്വാനിക്കുകയും അധ്വാനത്തിന്റെ തോതനുസരിച്ച് പ്രതിഫലം പറ്റുകയും ചെയ്യുന്ന ഒരു സാമൂഹ്യ സംവിധാനമായാണ് സോഷ്യലിസത്തെ നിർവചിച്ചിരിക്കുന്നത്.[1] 'സോഷ്യലിസ്റ്റ് വ്യവസ്ഥിതി മനുഷ്യന്റെ അന്യവത്കരണത്തെ മറികടന്ന് അവന്റെ സത്തയെ യാഥാർത്ഥ്യമാക്കാൻ അനുവദിക്കുന്ന ഒരു സമൂഹമാണ്. പൂർണ സ്വതന്ത്രനും, യുക്തിയാൽ നിയന്ത്രിക്കപ്പെടുന്നവനും, ഊർജസ്വലനും, ചൂഷണ രഹിതനുമായ മനുഷ്യനെ സൃഷ്ടിക്കാനുള്ള വ്യവസ്ഥകൾ ഒരുക്കുന്നതാണ് സോഷ്യലിസം'[2] ചെഗുവേര കുറേക്കൂടി ആറ്റിക്കുറുക്കി "ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു മനുഷ്യനെ മറ്റൊരാൾ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കുക എന്നതിലുപരി സോഷ്യലിസത്തിന് സാധുവായ ഒരു നിർവചനവുമില്ല."[3] എന്നു പറയുകയുണ്ടായി.

പത്തൊൻപതാം നൂറ്റാണ്ടിൽ മാർക്‌സും ഏംഗൽസും വികസിപ്പിച്ച, ഇരുപതാം നൂറ്റാണ്ടിൽ ലെനിൻ ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രമാണ് പിന്നീട് മുക്കാൽ നൂറ്റാണ്ടോളം കാലം ലോകത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയെ നയിച്ചതും നിയന്ത്രിച്ചതും. ഈ രാഷ്ട്രങ്ങളിൽ മുഖ്യമായും നടന്നത് ഭൂമി അടക്കമുള്ള വൻകിട ഉത്പാദന ഉപാധികളുടെ സാമൂഹ്യവത്ക്കരണവും കൂലി അടിമത്വത്തിന്റെ നിർമാർജനവുമാണ്. അതോടൊപ്പം മൂർത്തമായ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ അതാത് സമൂഹത്തിനിണങ്ങുന്ന സോഷ്യലിസ്റ്റ് പദ്ധതികൾ നടപ്പാക്കുകയാണ് ചെയ്തത്. ഇന്നും ലോകത്തിലെ നാല് രാഷ്ട്രങ്ങളിൽ ഈ സിദ്ധാന്തത്തെ അടിസ്ഥാന പ്രമാണമാക്കി ഭരണം നടക്കുന്നതോടൊപ്പം ഒട്ടനവധി രാഷ്ട്രങ്ങൾ ഒരു മാർഗനിർദ്ദേശമെന്ന രീതിയിൽ സോഷ്യലിസ്റ്റ് തത്വശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യലിസം’ എന്ന പദം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന് കാൽനൂറ്റാണ്ടിനുശേഷം അതിൽ കൂട്ടിച്ചേർത്തതാണ്. അങ്ങനെ പ്രത്യേകമായി എടുത്തുപറഞ്ഞില്ലെങ്കിൽ പോലും സത്താപരമായി ഇന്ത്യൻ ഭരണഘടന സോഷ്യലിസ്റ്റ് ആയിരുന്നു എന്ന് വാദിക്കുന്നവരും ഉണ്ട്

ഇന്ത്യൻ ഭരണഘടനയുടെ പീഠികയിൽ ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ‘സോഷ്യലിസം’ എന്ന പദം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന് കാൽനൂറ്റാണ്ടിനുശേഷം അതിൽ കൂട്ടിച്ചേർത്തതാണ്. അങ്ങനെ പ്രത്യേകമായി എടുത്തുപറഞ്ഞില്ലെങ്കിൽ പോലും സത്താപരമായി ഇന്ത്യൻ ഭരണഘടന സോഷ്യലിസ്റ്റ് ആയിരുന്നു എന്ന് വാദിക്കുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം അത്തരമൊരു കൂട്ടിച്ചേർക്കലിനു മുതിർന്നത്? അങ്ങനെ ഒരു വാക്കിന്റെ കുറവു മാത്രമായിരുന്നോ ഇന്ത്യയെ സോഷ്യലിസ്റ്റ് സമൂഹമാക്കുന്നതിന് തടസമായത്? വിമർശകർ ചൂണ്ടിക്കാണിക്കുന്നതു പോലെ പേരിൽ സോഷ്യലിസ്റ്റും പ്രയോഗത്തിൽ മുതലാളിത്തവുമാണോ ഇന്ത്യയുടെ പരമോന്നത നിയമ വ്യവസ്ഥ? അത് മുതലാളിത്ത സാമൂഹ്യ സൃഷ്ടിയെയാണോ അതോ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെയാണോ ലക്ഷ്യം വയ്ക്കുന്നത്? അതോ മതാധിഷ്ഠിതമായ മറ്റേതെങ്കിലും സംവിധാനത്തെ നിലവിൽ കൊണ്ടുവരാനാണോ ഉദ്ദേശിക്കുന്നത്? ഭരണഘടന നിലവിൽ വന്ന കാലം മുതൽ ഈ വിഷയത്തെ ഡി.ഡി കൊസാംബിയെ പോലുള്ള മാർക്സിസ്റ്റ് ചിന്തകർ മുതൽ ആധുനിക രാഷ്ട്രമീമാംസാ പണ്ഡിതർ വരെ പ്രശ്നവത്കരിക്കുന്നുണ്ട്. ഗൗരവമുള്ള ചില അന്വേഷണങ്ങൾ [4] ഈ ദിശയിൽ നടന്നിട്ടുണ്ടെങ്കിലും സമഗ്രവും, സർവതല സ്പർശിയുമായ ഒരു ഗവേഷണം മുക്കാൽ നൂറ്റാണ്ടിനുശേഷവും ഈ വിഷയത്തിൽ സംഭവിച്ചിട്ടില്ല. ചരിത്രപരവും സാമ്പത്തിക, സാമൂഹ്യശാസ്ത്രപരവുമായ അന്വേഷണങ്ങൾ ഈ മേഖലയിൽ ആഴത്തിൽ നടക്കേണ്ടതായിട്ടുണ്ട്.

സാമൂഹ്യ സ്ഥാപനങ്ങളെയും ആശയങ്ങളെയും സംവാദങ്ങൾക്കും വിമർശനാത്മക പരിശോധനകൾക്കും വിധേയമാക്കുന്നതിനു പകരം ഒന്നുകിൽ മഹത്വവത്കരിക്കുകയോ അല്ലെങ്കിൽ അപലപിക്കുകയോ കുറഞ്ഞപക്ഷം അവഗണിക്കുകയോ ചെയ്യുന്ന സമ്പ്രദായം സാമൂഹ്യ മണ്ഡലത്തിൽ വ്യാപകമാവുന്നുണ്ട്

ഇന്ത്യൻ ഭരണഘടന മുതലാളിത്ത സൗഹൃദവും തൊഴിലാളിവർഗ വിരുദ്ധവുമാണെന്ന് ഒരു സംസ്ഥാന മന്ത്രി പറഞ്ഞത് സൃഷ്ടിച്ച കോലാഹലവും അതിന്റെ പേരിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നതും സമീപകാല സംഭവങ്ങളാണ്.[5] എന്നാൽ അദ്ദേഹത്തിന്റെ രാജിയോടെ, അതൊരു രാഷ്ട്രീയ നേതാവിന്റെ നാക്കുപിഴയായോ തെറ്റായ പരാമർശമായോ ചിത്രീകരിച്ച്, ആ വിഷയത്തിൽ കൂടുതൽ സംവാദങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിച്ചു! ഇതൊരു പുതിയ പ്രവണതയാണ്. സാമൂഹ്യ സ്ഥാപനങ്ങളെയും ആശയങ്ങളെയും സംവാദങ്ങൾക്കും വിമർശനാത്മക പരിശോധനകൾക്കും വിധേയമാക്കുന്നതിനു പകരം ഒന്നുകിൽ മഹത്വവത്കരിക്കുകയോ അല്ലെങ്കിൽ അപലപിക്കുകയോ കുറഞ്ഞപക്ഷം അവഗണിക്കുകയോ ചെയ്യുന്ന സമ്പ്രദായം സാമൂഹ്യ മണ്ഡലത്തിൽ വ്യാപകമാവുന്നുണ്ട്. ഇത് ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും ആശയങ്ങൾക്കും രീതിശാസ്ത്രത്തിനും വിരുദ്ധമാണെന്നും സമൂഹത്തെ വൈജ്ഞാനിക ഫാസിസത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ എന്നും ജനാധിപത്യവാദികളെങ്കിലും തിരിച്ചറിയാതിരുന്നുകൂടാ.

ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരിസമാപ്തിയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് അധികാരം ഏറ്റെടുത്ത്, തൊണ്ണൂറു കൊല്ലത്തോളം തങ്ങളുടെ കോളനിയാക്കി അടക്കി ഭരിച്ച ഇന്ത്യയുടെ ഭരണത്തിൽനിന്ന് ഒഴിഞ്ഞുപോകാനും കോളനിക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നൽകാനും തീരുമാനിക്കുമ്പോൾ ബ്രിട്ടീഷ് സർക്കാരിനോ, ഇന്ത്യയുടെ ഭരണനിർവഹണം ഏറ്റുവാങ്ങാൻ ചർച്ചകൾ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിനോ ഭാവി ഇന്ത്യൻ ഭരണഘടനയെപ്പറ്റിയോ അതിന്റെ കീഴിലുണ്ടാകുന്ന ഭരണ സംവിധാനത്തെപ്പറ്റിയോ യാതൊരു സംശയമോ വ്യാമോഹമോ ഇല്ലായിരുന്നു. നിലനിൽക്കുന്ന വർഗാധിപത്യത്തിന്റെ തുടർച്ച ഉറപ്പാക്കുകയായിരിക്കും അത് ചെയ്യുന്നതെന്ന് രണ്ടുകൂട്ടർക്കും ഉറപ്പായിരുന്നു. അതായിരുന്നു രണ്ടുകൂട്ടരും ആഗ്രഹിച്ചതും.

1946ലെ മഹത്തായ ഇന്ത്യൻ നാവിക കലാപവും അതിനോടനുബന്ധിച്ചു ബ്രിട്ടീഷ്-ഇന്ത്യൻ സായുധ, അർദ്ധ സായുധ സേനകളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളും, കർഷക - തൊഴിലാളി മേഖലകളിൽ ഉയർന്നുവന്ന ഉശിരൻ പോരാട്ടങ്ങളും, ഇവയുടെയെല്ലാം ഉത്പന്നമായി ജ്വലിച്ചുവന്ന സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ ദേശീയബോധവും ഇന്ത്യയുടെ ഭരണം പഴയതുപോലെ തുടരാനാവില്ലെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തി. തോറ്റു പിൻവാങ്ങുന്നതിലും ഭേദം, ഏറ്റവും കുറവ് ചേതം സംഭവിക്കുന്ന രീതിയിൽ അധികാരം കൈമാറുന്നതാണ് നല്ലതെന്ന് 1940കളുടെ ആരംഭത്തിൽ തന്നെ ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിയുകയുണ്ടായി.

രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികമായും സാമ്പത്തികമായും നടുവൊടിഞ്ഞ, 'സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന്റെ’ ഇന്ത്യയിൽനിന്നുള്ള ഒഴിഞ്ഞുപോക്ക് നിർബന്ധിതവും അനിവാര്യവുമായ ഒരു പ്രക്രിയയായിരുന്നു. അപ്പോഴും ബ്രിട്ടീഷ് ചക്രവർത്തിയുടെ മേധാവിത്വം അംഗീകരിക്കുന്ന, ഇംഗ്ലീഷ് ഭരണസമ്പ്രദായത്തെ പിന്തുടരുന്ന, ബ്രിട്ടീഷ് കോമൺവെൽത്തിൽ തുടരുന്ന, ഒരു രാഷ്ട്രമായാണ് സ്വതന്ത്ര ഇന്ത്യയെ അവർ വിഭാവനം ചെയ്തത്. ഇതിനൊക്ക സാധുത നൽകുന്ന ഒരു ഭരണഘടന ഇന്ത്യക്കുണ്ടാകണമെന്നാണ് അവർ ആഗ്രഹിച്ചതും. 1946-ൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിയുടെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട കാബിനറ്റ് മിഷൻ മുന്നോട്ടുവെച്ച പദ്ധതിയിൽ ഈ താത്പര്യങ്ങൾ പ്രകടമായിരുന്നു. ഇതൊക്കെ നേടിയെടുക്കാൻ പറ്റുന്ന രീതിയിൽ, ഇന്ത്യയുടെ വിഭജനം, ഇന്ത്യയിലെ ബ്രിട്ടീഷ് സ്വത്തുക്കൾ സംരക്ഷിക്കാൻ ആവശ്യമായ കരാറുകൾ, സ്വത്തുടമാ വർഗത്തിന്റെ താല്പര്യ സംരക്ഷണം എന്നിവയൊക്കെ ഉറപ്പിച്ചിട്ടാണ് 1947 ജൂലൈ മാസം 18ന് 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്' ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്.

1946ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമാണ സമിതി ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ഭരണഘടന ഇന്ത്യൻ ജനതയുടെ പേരിൽ നിർമിച്ച് സമ്മാനിക്കുകയുണ്ടായി

പ്രസ്തുത നിയമപ്രകാരം ‘ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയേഴ് ഓഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ ഇന്ത്യ എന്നും പാകിസ്ഥാൻ എന്നും അറിയപ്പെടുന്ന രണ്ട് സ്വതന്ത്ര ഡൊമിനിയൻ രാഷ്ട്രങ്ങൾ സ്ഥാപിക്കപ്പെടും’ എന്നും 'ഓരോ പുതിയ രാഷ്ട്രത്തിനും ചക്രവർത്തി തിരുമനസ്സ് നിയമിക്കുന്ന ഒരു ഗവർണർ ജനറൽ ഉണ്ടായിരിക്കുകയും അദ്ദേഹം ഈ രാഷ്ട്രങ്ങളുടെ ഭരണാവശ്യങ്ങൾക്കായി ചക്രവർത്തി തിരുമനസ്സിനെ പ്രതിനിധീകരിക്കുകയും ചെയ്യും' എന്നും പ്രഖ്യാപിക്കുകയുണ്ടായി. ചക്രവർത്തി തിരുമനസ്സിനുവേണ്ടി ഗവർണർ ജനറൽ കയ്യൊപ്പു ചാർത്തുന്നതുവരെ ഈ രാഷ്ട്രങ്ങളുടെ നിയമനിർമാണ സഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് സാധുതയുണ്ടായിരിക്കില്ലെന്നും ഇൻഡിപെൻഡൻസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ നിർദേശങ്ങളൊന്നും പക്ഷേ നടപ്പായില്ല. 1946ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമാണ സമിതി ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ഭരണഘടന ഇന്ത്യൻ ജനതയുടെ പേരിൽ നിർമിച്ച് സമ്മാനിക്കുകയുണ്ടായി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

യഥാർഥത്തിൽ ഇന്ത്യക്കാരെ ഇന്ത്യക്കാർ തന്നെ ഭരിക്കാനുള്ള സംവിധാനം തയ്യാറാവുകയും അതിന് നിർദിഷ്ടമായ ചട്ടക്കൂടുകൾ ഒരുങ്ങുകയും ചെയ്തു എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ സമൂഹം നേരിട്ടിരുന്ന ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് മൗലികവും ക്രിയാത്മകവുമായ പരിഹാരങ്ങൾ നിർദേശിക്കാൻ ഇന്ത്യൻ ഭരണഘടനക്ക് സാധിച്ചുവോ? ഈ പ്രശ്നങ്ങൾ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉത്പന്നങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടും ആ വ്യവസ്ഥിതിയെ ഘടനാപരമായി പുതുക്കിപ്പണിയാനുള്ള എന്ത് നിർദേശമായിരുന്നു ഈ പരമോന്നത നൈയാമിക രേഖയിൽ ഉൾപ്പെടുത്തിയത്? വ്യവസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് അതിനുള്ളിൽ പരിഷ്കരണങ്ങൾ ഏർപ്പെടുത്താമെന്നും അതിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നുമായിരുന്നോ ഭരണഘടനാ നിർമാതാക്കൾ സ്വപ്നം കണ്ടത്? അത് എത്രമാത്രം വസ്തുനിഷ്ഠമായിരുന്നു? എന്ത് സോഷ്യലിസ്റ്റ് ആശയങ്ങളാണ് ഈ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്? ഏഴു പതിറ്റാണ്ടിലധികമായി നിലനിൽക്കുന്ന ഭരണഘടനാ ജനാധിപത്യം നമുക്ക് തരുന്ന പാഠങ്ങൾ എന്തൊക്കെയാണ്? ഇത്തരം അന്വേഷണങ്ങൾ വർത്തമാന കാലം ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയെ കാവിവത്ക്കരിക്കാനും വർണാധിപത്യത്തെ പുനഃസ്ഥാപിക്കാനും ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുന്ന ഈ ദുരന്തകാലത്ത്.

ഭരണഘടനാ പൂർവ രൂപങ്ങളും സോഷ്യലിസ്റ്റ് നിലപാടുകളും

ആധുനിക ഇന്ത്യയുടെ ഭരണഘടനാ ചരിത്രം 1895ലെ, സ്വരാജ് ബിൽ എന്നറിയപ്പെടുന്ന Constitution of India Billൽ തുടങ്ങുകയാണ്. ബാല ഗംഗാധർ തിലകിന്റെ സ്വാധീനത്തിൽ നിർമിച്ചതെന്നു കരുതുന്ന ഈ രേഖ ആരാണ് എഴുതിയതെന്ന് വ്യക്തമല്ല. തികച്ചും നിയമപരമായ ശൈലിയിൽ എഴുതപ്പെട്ട, 110 അനുച്ഛേദങ്ങൾ ഉൾകൊള്ളുന്ന ഈ പ്രമാണത്തിൽ സർക്കാരിന്റെ ഘടനയെയും വ്യത്യസ്ഥ ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള അധികാര വിഭജനത്തെയും നിർവചിക്കുന്നുണ്ട്. സംസാരം, ആശയ പ്രകാശനം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്വകാര്യ സ്വത്തിനുള്ള അവകാശം, നിയമത്തിന് മുൻപിലുള്ള സമത്വം തുടങ്ങിയ വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെട്ടിരുന്നു. ആധുനിക മുതലാളിത്ത ജനാധിപത്യത്തിന്റെയും പാശ്ചാത്യ രാഷ്ട്രമീമാംസയുടെയും സ്വാധീനം ഈ കരട് ഭരണഘടനയിൽ ദർശിക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇന്ത്യൻ ദേശീയവാദികൾ കൂടുതൽ ശബ്ദമുയർത്തുകയും ഗവൺമെന്റിൽ ഇന്ത്യക്കാരുടെ പ്രാതിനിധ്യം ആവശ്യപ്പെടുകയുമുണ്ടായി. സമാന്തരമായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര ദേശീയവാദികളുടെ ഉദയവുമുണ്ടായി. അവരുടെ പ്രവർത്തനങ്ങൾ മൂലം പലയിടങ്ങളിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ടു. ഈ അശാന്തിയെ തണുപ്പിക്കാനായി മോർലി-മിന്റോ ഭരണ പരിഷ്കാര പാക്കേജ് ബ്രിട്ടൻ പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 1909 ലെ ഇന്ത്യൻ കൗൺസിൽ നിയമം പാസാക്കുകയുമുണ്ടായി. പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിക്കാൻ ഈ ഭരണഘടനാ രൂപത്തിനു കഴിഞ്ഞില്ല.

1918-ൽ മോണ്ടേഗു-ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാര കമ്മീഷൻ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പാർലമെന്റ് 1919ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പാസാക്കുകയും ചെയ്തു. ഇതൊരു നാഴികക്കല്ലായിരുന്നു. ഒന്നാം ലോകമഹായുദ്ധാന്തരമുള്ള മാറിയ ലോക പരിതസ്ഥിതിയിൽ ഇന്ത്യൻ ഭരണത്തെ കൂടുതൽ ബ്രിട്ടീഷ് അനുകൂലമാക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ മുഖ്യ ലക്ഷ്യം. പത്തുകൊല്ലത്തിനുശേഷം ഇതിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കാമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ സംവിധാനത്തിന്റെ ഘടന, അതിന്റെ പ്രവർത്തന രീതികൾ എന്നിവയെ സംബന്ധിച്ചുള്ള വിപുലമായ ആദ്യത്തെ രേഖ എന്ന വിശേഷണം ഈ നിയമത്തിനു ചേരും. അതോടൊപ്പം ഇന്ത്യൻ വംശജർക്ക് ഭരണത്തിൽ ചില്ലറ പ്രാതിനിധ്യം ഭരണഘടനാപരമായി ഉറപ്പിച്ച ആദ്യത്തെ രേഖയും ഇതാണ്. എന്നാൽ ഇന്ത്യക്കാരുടെ പൗരാവകാശങ്ങളെ സംബന്ധിച്ചോ, അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളെ പറ്റിയോ ഒന്നും തന്നെ ഇതിലില്ലായിരുന്നു. നിലനിന്നിരുന്ന ചൂഷണ സമ്പ്രദായത്തിൽ ഉപരിപ്ലവമായ മാറ്റം പോലും വരുത്താൻ ഇതിൽ പദ്ധതി ഇല്ലായിരുന്നു.

1924 ഏപ്രിലിൽ ചേർന്ന 'നാഷണൽ കൺവെൻഷൻ' നിർദേശപ്രകാരം എഴുതിയ 1925ലെ കോമൺവെൽത്ത് ഓഫ് ഇന്ത്യ ബിൽ, ആയിരുന്നു അടുത്ത സുപ്രധാനമായ ഒരു സംഭവം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ രൂപപ്പെടുത്തിയ ഒരു ഭരണഘടനയാൽ ഇന്ത്യക്കാർ ഭരിക്കപ്പെടേണ്ട സമയമാണെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു കൺവെൻഷൻ പ്രഖ്യാപിച്ചത്. തേജ് ബഹാദൂർ സപ്രു ചെയർമാനായുള്ള കൺവെൻഷനിൽ 256 അംഗങ്ങൾ പങ്കെടുത്തിരുന്നു. പത്ത് അധ്യായങ്ങളിലായി ക്രമീകരിച്ച 127 അനുഛേദങ്ങൾ അടങ്ങിയതായിരുന്നു ബില്ല്. ഇത് സമഗ്രമായ ഒരു രേഖയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം, ലിംഗസമത്വം, വിവേചനം കാണിക്കാതിരിക്കൽ തുടങ്ങിയവ ഉൾക്കൊള്ളുന്ന മൗലികാവകാശ വിഭാഗവും അതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഈ അവകാശങ്ങളിൽ ഭൂരിഭാഗവും നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. കൂടാതെ, വരുമാനം, ഭൂവുടമസ്ഥത, സാക്ഷരത, വിദ്യാഭ്യാസം എന്നീ യോഗ്യതകൾ നിർദേശിച്ചുകൊണ്ട് വോട്ടവകാശം നിജപ്പെടുത്തി. 1925 ഡിസംബറിൽ ലേബർ പാർട്ടിയുടെ പ്രമുഖ അംഗമായ ജോർജ് റാൻസ്ബറി ഈ ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും തള്ളപ്പെട്ടുപോയി.

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷനാണ് 1925ൽ അവരുടെ റെവലൂഷ്യനറി എന്ന മാസികയിൽ ആദ്യമായി ഇന്ത്യക്കൊരു സോഷ്യലിസ്റ്റ് ഭരണഘടന എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അത് പ്രകാരം -

"ഒരു സംഘടിതവും സായുധവുമായ വിപ്ലവത്തിലൂടെ ഒരു ഫെഡറൽ റിപ്പബ്ലിക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ സ്ഥാപിക്കുക'' എന്നതാണ് രാഷ്ട്രീയ രംഗത്തെ വിപ്ലവ പാർട്ടിയുടെ അടിയന്തര ലക്ഷ്യം. ഈ റിപ്പബ്ലിക്കിന്റെ അന്തിമ ഭരണഘടന ഇന്ത്യയുടെ പ്രതിനിധികൾക്ക് അവരുടെ തീരുമാനം നടപ്പിലാക്കാൻ അധികാരമുള്ള ഒരു സമയത്ത് രൂപീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. എന്നാൽ ഈ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങൾ സാർവത്രിക വോട്ടവകാശവും മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് സാധ്യമാക്കുന്ന എല്ലാ വ്യവസ്ഥകളെയും ഇല്ലാതാക്കുക, റെയിൽവേ, മറ്റ് ഗതാഗത, വാർത്താവിനിമയ മാർഗങ്ങൾ, ഖനികൾ, ഉരുക്ക് നിർമ്മാണം, കപ്പലുകളുടെ നിർമ്മാണം തുടങ്ങിയ വലിയ വ്യവസായങ്ങളെല്ലാം ദേശസാൽക്കരിക്കുക എന്നിവയാണ്. ഈ റിപ്പബ്ലിക്കിൽ വോട്ടർമാർക്ക് അവരുടെ പ്രതിനിധികളെ വേണമെങ്കിൽ തിരിച്ചുവിളിക്കാൻ അവകാശമുണ്ടായിരിക്കുകയും നിയമനിർമ്മാണ സഭയ്ക്ക് എക്സിക്യൂട്ടീവുകളെ നിയന്ത്രിക്കാനും ആവശ്യം വരുമ്പോഴെല്ലാം അവരെ മാറ്റിസ്ഥാപിക്കാനും അധികാരമുണ്ടായിരിക്കും" എന്നും പ്രഖ്യാപിക്കുകയുണ്ടായി.

കോൺഗ്രസിന്റെ 1927 ഡിസംബറിലെ മദ്രാസ് സെഷനിൽ, സൈമൺ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്നും ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടനയുടെ കരട് മറ്റുള്ള കക്ഷികളുമായി ചേർന്ന് തയ്യാറാക്കാനും തീരുമാനിച്ചു

1919ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റിൽ പറഞ്ഞ പ്രകാരം 1927ൽ സർ ജോൺ സൈമൺന്റെ നേതൃത്വത്തിൽ ഏഴംഗ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. ഈ കമ്മീഷനിൽ ഇന്ത്യ ക്കാരനായി ഒരംഗം പോലുമുണ്ടായിരുന്നില്ല.

കോൺഗ്രസിന്റെ 1927 ഡിസംബറിലെ മദ്രാസ് സെഷനിൽ, സൈമൺ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്നും ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടനയുടെ കരട് മറ്റുള്ള കക്ഷികളുമായി ചേർന്ന് തയ്യാറാക്കാനും തീരുമാനിച്ചു. 1928 മെയ് 19ന് നടന്ന സമ്മേളനം ഭരണഘടനയുടെ കരട് തയ്യാറാക്കാൻ മോത്തിലാൽ നെഹ്‌റു അധ്യക്ഷനായും ജവഹർലാൽ നെഹ്രു സെക്രട്ടറിയായും തേജ് ബഹാദൂർ സപ്രു, സുഭാഷ് ചന്ദ്രബോസ്, എം ആർ ജയകർ, ആനി ബസന്റ്, സർ അലി ഇമാം, എന്നിവർ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിച്ചു. 1929 ഓഗസ്റ്റിൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ഡിസംബറിൽ, ഒരു അനുബന്ധ റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. 22 ഭാഗങ്ങളായി തിരിച്ച 87 അനുഛേദങ്ങളുള്ള ഒരു കരട് ഭരണഘടനയാണ് കമ്മറ്റി മുന്നോട്ടുവെച്ചത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് സ്വയം ഭരണാവകാശമുള്ള ഇന്ത്യയെ ആണ് അവർ വിഭാവനം ചെയ്തത്. കരട് രേഖയിലെ ആദ്യ അനുഛേദം തന്നെ ‘ബ്രിട്ടീഷ് സാമ്രാജ്യമെന്നറിയപ്പെടുന്ന രാഷ്ട്രങ്ങളുടെ സമൂഹത്തിൽ, ഡൊമിനിയൻ പദവിയുള്ള കാനഡ, കോമൺ‌വെൽത്ത് ഓഫ് ഓസ്‌ട്രേലിയ എന്നിവയുടെ അതെ ഭരണഘടനാ പദവി ഇന്ത്യയ്ക്ക് ഉണ്ടായിരിക്കും’ എന്ന് പ്രഖ്യാപിക്കുകയുണ്ടായി. പാശ്ചാത്യ മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വത്തുടമാ വർഗങ്ങൾക്കായി സംരക്ഷിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യങ്ങൾ, അവകാശങ്ങൾ എന്നിവ ഈ ഭരണഘടനയിൽ ഉൾപ്പെട്ടിരുന്നു എന്നതല്ലാതെ സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ വരുത്തേണ്ട മൗലികമായ മാറ്റങ്ങളെ സംബന്ധിച്ച് ഭരണഘടനാ സമിതി ആലോചിച്ചിരുന്നുപോലുമില്ല. ഈ കരട് ഭരണഘടന കാര്യമായ ചലനങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ സൃഷ്ടിക്കുകയുണ്ടായില്ല.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും ഭരണഘടനാ സ്വാതന്ത്ര്യം ലഭിച്ചേക്കാവുന്ന ഇന്ത്യയുടെ പദവിയെ സംബന്ധിച്ചുണ്ടായിരുന്ന പ്രതിലോമ നിലപാടായിരുന്നു. ഈ ഡൊമിനിയൻ സ്റ്റാറ്റസ് ഇന്ത്യൻ സ്വാതന്ത്ര്യ ദാഹികളെ സംതൃപ്തരാക്കിയില്ല. ബാൽ ഗംഗാധർ തിലക്, അരബിന്ദോ ഘോഷ്, ബിപിൻ ചന്ദ്ര പാൽ എന്നിവർ പൂർണ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയും ആദ്യകാല കമ്മ്യൂണിസ്റ്റുകളായ സ്വാമി കുമാരാനന്ദ്, മൗലാനാ ഹസ്രത് മൊഹാനി എന്നിവർ 1921 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദബാദ് സെഷനിൽ പൂർണ സ്വരാജ് പ്രമേയം അവതരിപ്പിക്കുകയും ചെയ്തതിനു ശേഷവും ഡൊമിനിയൻ പദവിയുമായി മുന്നോട്ടുപോയ കോൺഗ്രസ് നേതൃത്വം ഒറ്റപ്പെടുകയുണ്ടായി.

1929-ൽ, വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭു, ഇന്ത്യയ്ക്ക് താമസിയാതെ ഡൊമിനിയൻ പദവി നൽകുമെന്ന് പ്രഖ്യാപിച്ചു. ഏറെ നാളായി ഡൊമിനിയൻ പദവി വേണമെന്ന ആവശ്യം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇതിനെ സ്വാഗതം ചെയ്യുകയും അതിനായി ബ്രിട്ടീഷുകാരുമായി കൂടുതൽ ചർച്ചകൾ നടത്താനും തയ്യാറായി. എന്നാൽ ഇർവിൻ പ്രഭുവിന്റെ പ്രഖ്യാപനം ഇംഗ്ലണ്ടിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അതിനുശേഷം നെഹ്‌റു, ഗാന്ധി, സപ്രു, ജിന്ന എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഡൊമിനിയൻ പദവി ഉടൻ നൽകാൻ സാധ്യമല്ലെന്നു വൈസ്രോയി പറയുകയുണ്ടായി.

1929ലെ ഐഎന്‍സി ലാഹോര്‍ സമ്മേളനം
1929ലെ ഐഎന്‍സി ലാഹോര്‍ സമ്മേളനം

പ്രകോപിതരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം പൂർണസ്വരാജ് എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കാൻ തയ്യാറാവുകയാണുണ്ടായത്. അങ്ങനെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1929ലെ ലാഹോർ സമ്മേളനത്തിൽ ‘രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ ദുരന്തങ്ങൾക്ക് കാരണമായ ഒരു ഭരണത്തിന് ഇനിയും കീഴടങ്ങുന്നത് മനുഷ്യനും ദൈവത്തിനും എതിരായ കുറ്റമായാണ് ഞങ്ങൾ കണക്കാക്കുന്നത്. സ്വാതന്ത്ര്യം നേടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അക്രമത്തിലൂടെയല്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതിനാൽ, ബ്രിട്ടീഷ് ഗവൺമെന്റിനോടുള്ള എല്ലാ സഹകരണങ്ങളും പിൻവലിക്കാനും നികുതി നല്കാതിരിക്കുന്നതടക്കമുള്ള നിയമലംഘനത്തിന് തയ്യാറെടുക്കുകയും ചെയ്യും. എത്ര പ്രകോപനമുണ്ടായാലും അക്രമം നടത്താതെ സഹകരണം പിൻവലിക്കാനും നികുതി അടയ്ക്കുന്നത് നിർത്താനും കഴിയുമെങ്കിൽ, ഈ മനുഷ്യത്വരഹിതമായ ഭരണത്തിന്റെ അവസാനം ഉറപ്പാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിനാൽ പൂർണ സ്വരാജ് സ്ഥാപിക്കുന്നതിനായി കാലാകാലങ്ങളിൽ കോൺഗ്രസ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ ഇതിനാൽ ആത്മാർത്ഥമായി പ്രതിജ്ഞയെടുക്കുന്നു’ -എന്ന, സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പൂർണ സ്വരാജ് പ്രമേയം പാസാക്കിയത്.

ഇന്ത്യൻ സാമ്പത്തിക മേഖലയെപ്പറ്റി പ്രമേയം ഇപ്രകാരം പറയുകയുണ്ടായി. ''ഇന്ത്യ സാമ്പത്തികമായി തകർന്നിരിക്കുന്നു. ജനങ്ങളിൽ നിന്ന് പിരിക്കുന്ന വരുമാനം ഞങ്ങളുടെ വരുമാനത്തിന്റെ എല്ലാ അനുപാതത്തിനും പുറത്താണ്. ഞങ്ങളുടെ ശരാശരി വരുമാനം പ്രതിദിനം ഏഴ് പൈസ ആണ്. ഞങ്ങൾ അടക്കുന്ന കനത്ത നികുതിയുടെ ഇരുപത് ശതമാനം കർഷകരിൽ നിന്ന് ലഭിക്കുന്ന ഭൂനികുതിയും മൂന്ന് ശതമാനം ഉപ്പ് നികുതിയിൽ നിന്നുമാണ്. നൂൽനൂൽപ്പ് പോലെയുള്ള ഗ്രാമവ്യവസായങ്ങൾ നശിച്ചു. വർഷത്തിൽ കുറഞ്ഞത് നാല് മാസമെങ്കിലും കർഷകർക്ക് തൊഴിലില്ല. കരകൗശല മേഖല ആകെ താറുമാറായിരിക്കുന്നു. കസ്റ്റംസും കറൻസിയും ഇടപാടിൽ കർഷകരുടെ മേൽ കൂടുതൽ ഭാരങ്ങൾ ചുമത്തും വിധം കൃത്രിമം കാണിച്ചിരിക്കുന്നു. ഇറക്കുമതിയുടെ ഭൂരിഭാഗവും ബ്രിട്ടീഷ് നിർമിത വസ്തുക്കളാണ്. കസ്റ്റംസ് തീരുവകൾ ബ്രിട്ടീഷ് നിർമാതാക്കളുടെ ഗുണത്തിനായി രൂപപ്പെടുത്തിയിരിക്കുകയാണ്. അവയിൽ നിന്നുള്ള വരുമാനം ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാനല്ല, മറിച്ച് അത്യധികം ധൂർത്ത് നിറഞ്ഞ ഭരണം നിലനിർത്തുന്നതിനാണ് ഉപയോഗിക്കുന്നത്. നാണയ വിനിമയത്തിലെ കൃത്രിമത്വം ഇപ്പോഴും കൂടുതൽ ഏകപക്ഷീയമാണ്, ഇത് ദശലക്ഷക്കണക്കിന് തുക രാജ്യത്ത് നിന്ന് ഒഴുകിപ്പോകുന്നതിന് കാരണമായി''. എന്നാൽ ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചാൽ ഈ പ്രശ്നങ്ങൾക്ക് മൂർത്തമായ പരിഹാരങ്ങൾ എന്താണെന്ന് പറയാൻ പ്രമേയം തയ്യാറായില്ല.

സൈമണ്‍ കമ്മീഷനെതിരായ പ്രതിഷേധം
സൈമണ്‍ കമ്മീഷനെതിരായ പ്രതിഷേധം

1928 ൽ ഇന്ത്യയിലെത്തിയ സൈമൺ കമ്മീഷൻ വ്യാപകമായ പ്രതിഷേധമാണ് നേരിട്ടത്. ഒക്ടോബർ 30ന് ലാഹോറിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ലാലാ ലജ്‌പത്‌ റായ് ക്രൂരമായ ലാത്തിചാർജിന് വിധേയമാവുകയും ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഈ സംഭവം ഇന്ത്യയെ ആകെ ഇളക്കിമറിക്കുകയും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്‌തെങ്കിലും ഇതൊന്നും പരിഗണിക്കാതെ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും 1930ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നെഹ്‌റു റിപ്പോർട്ടും സൈമൺ കമ്മീഷന്റെ റിപ്പോർട്ടും മൂന്ന് ഇന്ത്യൻ വട്ടമേശ സമ്മേളനങ്ങളിൽ (1930-1932) പങ്കെടുത്തവർക്ക് ലഭ്യമായിരുന്നു.

1931ൽ, കറാച്ചിയിൽ നടന്ന സമ്മേളനത്തിലാണ് കോൺഗ്രസ് ചരിത്രത്തിലെ നാഴികക്കല്ലായ പ്രമേയം അവതരിപ്പിക്കുന്നത്. പൂർണ സ്വരാജിനായുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രതിബദ്ധത അത് ആവർത്തിച്ചു. പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്ന മൗലികാവകാശങ്ങൾക്ക് പുറമേ, ഇന്ത്യൻ ഭരണകൂടം പാലിക്കേണ്ട സാമൂഹിക-സാമ്പത്തിക തത്വങ്ങളുടെ/അവകാശങ്ങളുടെ ഒരു ലിസ്റ്റ് പ്രമേയം ആദ്യമായി മുന്നോട്ടുവച്ചു. വ്യവസായ തൊഴിലാളികൾക്കുള്ള സംരക്ഷണം, ബാലവേല നിർത്തലാക്കൽ, സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, കർഷകത്തൊഴിലാളികൾക്ക് സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലഹരി പാനീയങ്ങളും മയക്കുമരുന്നുകളും നിരോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

വട്ടമേശ സമ്മേളനങ്ങളിൽ ഉയർന്നുവന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ലിൻലിത്ഗോ പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു സംയുക്ത സെലക്ട് കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1935-ൽ ബ്രിട്ടീഷ് പാർലമെന്റ് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് പാസാക്കുകയുമുണ്ടായി. അത് 1937-ൽ പ്രാബല്യത്തിൽ വന്നു. ഈ നിയമമാണ് 1950ലെ ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടായി പ്രവർത്തിച്ചത്. പല വിദഗ്‌ധരും ഈ നിയമത്തെ, ഇന്ത്യയിൽ സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുപകരം ബ്രിട്ടീഷ് താൽപര്യങ്ങൾ സംരക്ഷിക്കാനായിട്ടാണ് രൂപം കൊടുത്തതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ പരിഷ്കരിക്കാനാണ്, ബ്രിട്ടീഷ് അധികാരത്തിന്റെ യാഥാർത്ഥ്യങ്ങളെ ദുർബലപ്പെടുത്താനല്ല’[6] എന്നാണ് ഒരു പണ്ഡിതൻ പ്രസ്താവിച്ചത്.

11 പാർട്ടുകളും 10 പട്ടികകളുമുള്ള വളരെ വിപുലമായ ഒരു ഭരണഘടനാ നിയമമായിരുന്നു അത്. ബ്രിട്ടീഷുകാർ എങ്ങനെ അവരുടെ അധികാരത്തിലുള്ള ഇന്ത്യയെ ഭരിക്കണമെന്നും, സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തുന്ന രാഷ്ട്രീയ കക്ഷികൾ എങ്ങനെ അവിടെ ഭരണം നിർവഹിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമനിർമാണ, നിർവഹണ, സാമ്പത്തിക ബന്ധങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നും വിശദമായി പറയുന്ന ഭരണപരമായ ഒരു രേഖയായിരുന്നു അത്. എല്ലാ അധികാരങ്ങളും ചക്രവർത്തിയിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ഈ അധികാരങ്ങളെല്ലാം സ്വയം ഏറ്റെടുക്കാൻ അദ്ദേഹത്തിന് അധികാരവുമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കോളനിവാഴ്ചയെ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ ആവശ്യമായത്ര ഇഴയടുപ്പമുള്ള ഒരു നിയമമായിരുന്നു അത്. ഈ നിയമത്തെ കോൺഗ്രസും മുസ്‌ലിം ലീഗും ഒരുപോലെ എതിർത്തെങ്കിലും ഇതിനു കീഴിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ അവർ പങ്കെടുക്കുകയും പല പ്രവിശ്യകളിലും ഭരണത്തിലെത്തുകയുമുണ്ടായി.

എം എൻ റോയ് നേതൃത്വം നൽകുന്ന റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി 1944ൽ ഒരു സമഗ്രമായ കരട് ഭരണഘടന പൊതുജന ചർച്ചയ്ക്കായി പ്രസിദ്ധീകരിക്കുകയുണ്ടായി

ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന് രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടുകൂടി സ്വാതന്ത്ര്യവും സ്വരാജുമെല്ലാം യുദ്ധത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചാകാൻ തുടങ്ങി. 1940 നും 1942 നും ഇടയിൽ യൂറോപ്പിലെയും ഏഷ്യയിലെയും യുദ്ധമുന്നണികളിൽ വിനാശകരമായ തോൽവികളാണ് ബ്രിട്ടൻ ഏറ്റുവാങ്ങിയത്. ഇതോടെ, സാമ്രാജ്യ വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറയിൽ വലിയ വിള്ളലുകൾ വീണുതുടങ്ങി. ഇനി കോളനികളുടെ മേലുള്ള രാഷ്ട്രീയ, സാമ്പത്തിക അധീശത്വം തുടരാനാവില്ലെന്ന് അവർ തിരിച്ചറിയാൻ തുടങ്ങി. 1940കളുടെ ആദ്യവർഷങ്ങളിൽ യുദ്ധത്തിൽ കനത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങിയ ബ്രിട്ടന്റെ അവസ്ഥ, ഇന്ത്യക്ക് സ്വാതന്ത്ര്യം യുദ്ധാനന്തരം ലഭിക്കും എന്ന ഒരു ധാരണ പ്രബലമാക്കി. ഒട്ടനവധി കരട് ഭരണഘടനകൾ, ഭരണഘടനയിൽക്കൂടി ലഭിക്കേണ്ട ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ ഓഫ് ഡിമാൻഡ്സ് എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ഉയർന്നു വരികയുണ്ടായി.

എം എൻ റോയ് നേതൃത്വം നൽകുന്ന റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി 1944ൽ ഒരു സമഗ്രമായ കരട് ഭരണഘടന (Constitution of Free India: A Draft) പൊതുജന ചർച്ചയ്ക്കായി പ്രസിദ്ധീകരിക്കുകയുണ്ടായി. 1920കളിൽ ലെനിനും സ്റ്റാലിനുമൊപ്പം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു എം എൻ റോയ്. സമൂലമായ വികേന്ദ്രീകരണത്തെയും നേരിട്ടുള്ള ജനാധിപത്യത്തെയുമാണ് ഈ രേഖ മുന്നോട്ടുവെച്ചത്. ഭൂമി അടക്കമുള്ള സാമ്പത്തിക സ്രോതസുകളുടെ പൊതു ഉടമസ്ഥത, 14 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ മതേതര വിദ്യാഭ്യാസം, ന്യൂനപക്ഷങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം എന്നിവ ഈ രേഖയുടെ പ്രത്യേകതയായിരുന്നു. 'വ്യക്തികളുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനും ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ നടപ്പിലാക്കുന്നതിനുമായിട്ടുള്ള’ ഭരണഘടന എന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. 'ഭാഷാപരവും സാംസ്കാരികവുമായ ഏകത്വത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട, ഒരു ഫെഡറേഷനിൽ ഒന്നിക്കാൻ സ്വതന്ത്രമായി സമ്മതിച്ച, സ്വയംഭരണാധികാരമുള്ള ഇന്ത്യൻ പ്രവിശ്യകളെ ചേർത്ത് ഫെഡറൽ യൂണിയൻ ഓഫ് ഇന്ത്യ രൂപീകരിക്കും' എന്നാണ് അത് പ്രഖ്യാപിച്ചത്. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സാമൂഹ്യക്ഷേമ സംവിധാനങ്ങൾ പൗരാവകാശങ്ങളായി അംഗീകരിക്കാനും അതിനായി വിശദമായ വകുപ്പുകൾ ഭരണഘടനയിൽത്തന്നെ ഉൾപ്പെടുത്താനും തയ്യാറായ ആദ്യ ഇന്ത്യൻ ഭരണഘടനാ രൂപമായിരുന്നു അത്. എന്നാൽ ആ ഭരണഘടനാ നിർദേശത്തെ പൂർണമായും അവഗണിക്കാനാണ് ഇന്ത്യയിലെ അന്നത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ബ്രിട്ടീഷ് സർക്കാരും തയ്യാറായത്. ഗൗരവമായ ഒരു ചർച്ചപോലും ഇതിന്മേൽ പൊതുമണ്ഡലത്തിലുണ്ടായില്ല.

ഇതേ വർഷം തന്നെ ഹിന്ദുമഹാസഭ ഒരു ഹിന്ദുസ്ഥാൻ ഭരണഘടനയുടെ കരട് പ്രസിദ്ധീകരിക്കുകയുണ്ടായി. 1935ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യാ ആക്ടിന്റേയും നെഹ്‌റു റിപ്പോർട്ടിന്റെയും ചുവടുപിടിച്ചുണ്ടാക്കിയ ഈ ഭരണഘടന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ പുരോഗമനകരമായ ഒരു നിർദേശവും മുന്നോട്ടു വെച്ചിരുന്നില്ല. മതപരമോ പാർശ്വവൽക്കരിക്കപ്പെട്ടതോ ആയ ഒരു സമുദായത്തിനും സംവരണത്തെക്കുറിച്ച് പരാമർശമേയില്ലായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനത്തെപ്പറ്റി പഠിക്കാൻ തേജ് ബഹദൂർ സപ്രുവിന്റെ അധ്യക്ഷതയിൽ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിലൊന്നും ഉൾപ്പെടാത്ത മുപ്പത് പ്രമുഖ വ്യക്തികളുടെ ഒരു കമ്മറ്റി 1944ൽ രൂപീകരിക്കുകയും 1945-ൽ ആ കമ്മിറ്റി അവരുടെ ഭരണഘടനാ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. വളരെ വിപുലമായ ഒരു റിപ്പോർട്ട് ആയിരുന്നെങ്കിലും എന്തെങ്കിലും മൗലികമായ നിർദേശങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രീയ സാമൂഹ്യ വൃത്തങ്ങളിൽ അത് അവഗണിക്കപ്പെടുകയാണുണ്ടായത്.

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ശ്രീമൻ നാരായൺ അഗർവാൾ ഗാന്ധിയുടെ ആശയങ്ങളെ അടിസ്ഥാനമാക്കി 1946-ൽ 'സ്വതന്ത്ര ഇന്ത്യയുടെ ഗാന്ധിയൻ ഭരണഘടന' പ്രസിദ്ധീകരിച്ചു. ഗാന്ധിജിയാണ് ഈ രേഖയ്ക്ക് മുഖവുര എഴുതിയത്. ഇന്ത്യയ്ക്കുവേണ്ടി രൂപപ്പെടുത്തുന്ന ഏതൊരു ഭരണഘടനയും തദ്ദേശീയമായ ഭരണഘടനാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും പാശ്ചാത്യ ഭരണഘടനാ മാതൃക ഇന്ത്യയ്ക്ക് അനുചിതവും അപമാനവുമാണെന്നും ഈ രേഖ വാദിച്ചു. ഗാന്ധിയൻ പദ്ധതിയായ ഗ്രാമസ്വരാജിനെയാണ് ഇത് ലക്ഷ്യം വെച്ചത്. ഗ്രാമപഞ്ചായത്തുകളെ അടിസ്ഥാന യൂണിറ്റുകളാക്കി, അവ ചേർന്ന് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ ഗവൺമെന്റുകൾ രൂപീകരിക്കുന്ന വികേന്ദ്രീകൃത ഭരണ സമ്പ്രദായമാണ് ഇത് മുന്നോട്ടുവെച്ചത്. ജുഡീഷ്യൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ അധികാരങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകാനും മൗലികാവകാശങ്ങളെ മൗലിക കടമകളുമായി സംയോജിപ്പിക്കാനും ഈ രേഖ നിർദേശിച്ചു. തൊഴിലില്ലായ്‌മ പരിഹരിക്കാൻ കുടിൽ വ്യവസായങ്ങളെയാണ് ഇത് മുന്നിൽകണ്ടത്.

ഖാദി, ഗ്രാമ വ്യവസായങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ആസൂത്രണ വ്യവസ്ഥയാണ് ഇത് മുന്നോട്ടുവെച്ചത്. പൊതു ഉടമസ്ഥതയിലുള്ള, നിർണായകമേഖലയിലുള്ള, ചുരുക്കം ചില വൻകിട വ്യവസായങ്ങൾ മാത്രമാണ് അംഗീകരിച്ചത്. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിർണായകമായി സ്വാധീനിച്ച ഗാന്ധിയൻ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ഈ ഭരണഘടനാ റിപ്പോർട്ട് ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്തിയില്ല.

ഭരണഘടനാ നിർമാണ സമിതിയിൽ അവതരിപ്പിക്കപ്പെട്ട കരട് ഭരണഘടന തികച്ചും യാഥാസ്ഥിതികമാണെന്നും അത് രാജ്യത്തിന്റെ വിപ്ലവകരമായ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നില്ലെന്നും മുഖവുരയിൽ ജയപ്രകാശ് നാരായൺ ചൂണ്ടിക്കാണിക്കുകയുണ്ടായി

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, 1948ൽ സോഷ്യലിസ്റ്റ് ഭരണഘടന എന്നു നാമകരണം ചെയ്ത ഒരു രേഖ തയ്യാറാക്കി അവതരിപ്പിക്കുകയുണ്ടായി. ഭരണഘടനാ നിർമാണ സമിതിയിൽ അവതരിപ്പിക്കപ്പെട്ട കരട് ഭരണഘടന തികച്ചും യാഥാസ്ഥിതികമാണെന്നും അത് രാജ്യത്തിന്റെ വിപ്ലവകരമായ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇതിന്റെ മുഖവുരയിൽ ജയപ്രകാശ് നാരായൺ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒട്ടനവധി മേഖലകളിൽ, 1950ലെ ഭരണഘടനയെ പ്രതിഫലിപ്പിക്കുന്ന, 318 അനുഛേദങ്ങളുള്ള വളരെ സമഗ്രമായ ഒരു പ്രമാണമായിരുന്നു അത്.

എടുത്തുപറയേണ്ട ചില പ്രത്യേകതകൾ ഈ രേഖയ്ക്കുണ്ടായിരുന്നു. മൗലികാവകാശങ്ങളുടെ പട്ടികയിൽ സാമ്പത്തിക അവകാശങ്ങൾ എന്ന ഒരു ഭാഗം തന്നെ എഴുതിച്ചേർത്തിരുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് മുഴുവൻ ജനങ്ങളുടെയും സ്വത്തായിരിക്കും അടിസ്ഥാനമെന്നും മുഴുവൻ സ്വത്തിന്റെയും ഭരണവും വിനിയോഗവും നിയമപ്രകാരം നിർണയിക്കപ്പെടുമെന്നും അത് വ്യവസ്ഥ ചെയ്തു. കൃഷിക്കാർക്കും സർക്കാരിനും ഇടയിലുള്ള എല്ലാ ഇടനിലക്കാരും ഇല്ലാതാകുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുമെന്നും ഭൂവുടമകൾക്കും മറ്റ് ഇടനിലക്കാർക്കും നൽകേണ്ട നഷ്ടപരിഹാരം എന്തെങ്കിലുമുണ്ടെങ്കിൽ അത് സർക്കാർ നിയമപരമായി നിർണയിക്കുമെന്നും പ്രഖ്യാപിച്ചു. അത് സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായോ, കേവലമോ, നിരുപാധികമോ ആയ അവകാശമായോ അംഗീകരിച്ചില്ല. അതിനെ സംബന്ധിച്ച് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്.

1. സ്വകാര്യ സ്വത്തും സ്വകാര്യ സംരംഭങ്ങളും റിപ്പബ്ലിക്കിന്റെയും അതിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും പൊതു താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന പരിധി വരെ മാത്രം സംരക്ഷിക്കപ്പെടും.

2. നിയമത്തിന്റെ അനുശാസനങ്ങൾക്ക് വിധേയമായി സ്വകാര്യ സ്വത്തും സാമ്പത്തിക സംരംഭങ്ങളും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഏറ്റെടുക്കാനും സാമൂഹ്യവൽക്കരിക്കാനും ഭരണകൂടത്തിന് അധികാരമുണ്ടായിരിക്കും.

ജനാധിപത്യ സോഷ്യലിസ്റ്റ് ക്രമം സ്ഥാപിക്കാനും പരിപാലിക്കാനും അതിലൂടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കാനും വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്ന ഒരു നിർദേശക തത്വ സംഹിത ഈ ഭരണഘടനയുടെ പ്രത്യേകതയായിരുന്നു.

സോഷ്യലിസമെന്ന ആശയം പരിമിതമായ അർഥത്തിലെങ്കിലും ഉൾക്കൊണ്ടിരുന്നത്, 1925ൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് ഭരണഘടനയിലും 1944ലെ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണഘടനയിലും 1948ലെ സോഷ്യലിസ്റ്റ് ഭരണഘടനയിലും മാത്രമായിരുന്നു

1895ലെ സ്വരാജ് ഭരണഘടനാ നിർദേശം മുതൽ 1948ലെ സോഷ്യലിസ്റ്റ് ഭരണഘടന വരെ പരിശോധിച്ചാൽ സോഷ്യലിസമെന്ന ആശയം പരിമിതമായ അർഥത്തിലെങ്കിലും ഉൾക്കൊണ്ടിരുന്നത്, 1925ൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് ഭരണഘടനയിലും 1944ലെ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണഘടനയിലും 1948ലെ സോഷ്യലിസ്റ്റ് ഭരണഘടനയിലും മാത്രമായിരുന്നു. ഈ മൂന്നു ഭരണഘടനാ രേഖകളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാലും മാധ്യമങ്ങളാലും പൊതുഅഭിപ്രായങ്ങൾ രൂപീകരിക്കാൻ കഴിവുള്ള വ്യക്തികൾ, സംഘടനകൾ എന്നിവയാലും പൂർണമായും അവഗണിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്തു. മറ്റുള്ള എല്ലാ ഭരണഘടനാ കരടുകളും സ്വകാര്യ സ്വത്തുടമസ്ഥതാ വ്യവസ്ഥിതിയെ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കാനും അതിനുള്ളിൽ പരിഷ്കരണങ്ങൾ നടപ്പിലാക്കാനുമാണ് തയ്യാറായത്. സാമ്പത്തിക സാമൂഹ്യ ചൂഷണങ്ങളെ സംബന്ധിച്ച് അവയെല്ലാം നിശബ്ദമായിരുന്നു.

ഇന്ത്യൻ ഭരണഘടന സോഷ്യലിസ്റ്റോ?

കാബിനറ്റ് മിഷന്റെ ശുപാർശ അനുസരിച്ച് സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന രൂപീകരിക്കാനായി ഭരണഘടനാ നിർമ്മാണ സമിതിക്ക് രൂപം നൽകുകയുണ്ടായി. നേരിട്ടുള്ള വോട്ടെടുപ്പിലൂടെയല്ല അതിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. ബ്രിട്ടീഷ് പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ തിരഞ്ഞെടുത്ത 292 അംഗങ്ങളും ഇന്ത്യൻ നാട്ടുരാജാക്കന്മാർ നോമിനേറ്റ് ചെയ്ത 93 അംഗങ്ങളും ചീഫ് കമ്മീഷണർമാരുടെ പ്രവിശ്യകളെ പ്രതിനിധീകരിച്ച് നാല് അംഗങ്ങളും അടങ്ങുന്നതായിരുന്നു ഭരണഘടനാ നിർമാണ സമിതി. അങ്ങനെ അസംബ്ലിയിലെ ആകെ അംഗസംഖ്യ 389 ആയിരുന്നു. എന്നാൽ ഇൻഡ്യാ പാകിസ്ഥാൻ വിഭജനത്തോടെ ചില പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ നിന്നു വേർപെട്ടപ്പോൾ അസംബ്ലിയുടെ അംഗസംഖ്യ 299 ആയി ചുരുങ്ങി. ഭരണഘടനാ അസംബ്ലി രൂപീകരിച്ച രീതിയിൽ ഒട്ടനവധിപേർ അസംതൃപ്തരായിരുന്നു. യുണൈറ്റഡ് പ്രവിശ്യയിൽ നിന്നുള്ള സോഷ്യലിസ്റ്റ് പാർട്ടി അംഗം ദാമോദർ സ്വരൂപ് സേത്ത്, ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാത്തതിനാൽ അസംബ്ലി പിരിച്ചുവിടണമെന്നും പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അസംബ്ലി സ്ഥാപിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇത് പൊതുവെയുള്ള ഒരു വികാരമായിരുന്നു.

ഭരണഘടനാ നിര്‍മാണ സമിതി
ഭരണഘടനാ നിര്‍മാണ സമിതി

1946 ഡിസംബര്‍ 9ന് ഭരണഘടനാ അസംബ്ലി ആദ്യമായി ചേര്‍ന്നു. പ്രഖ്യാപിത സോഷ്യലിസ്റ്റായ ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രമേയം 1946 ഡിസംബര്‍ 13-ന് ഭരണഘടനാ അസംബ്ലിയില്‍ അവതരിപ്പിച്ചു. അതുപ്രകാരം ഇന്ത്യ ഒരു പരമാധികാര, സ്വതന്ത്ര റിപ്പബ്ലിക്കായിരിക്കുമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കുമെന്നും, തുല്യതയും മൗലികാവകാശങ്ങളും ഉറപ്പാക്കുമെന്നും ന്യൂനപക്ഷങ്ങള്‍, പിന്നാക്ക, ആദിവാസി വിഭാഗങ്ങള്‍, ദരിദ്രര്‍, മറ്റ് അവശ വിഭാഗങ്ങള്‍ എന്നിവര്‍ സംരക്ഷിക്കപ്പെടുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രമേയത്തിനുമേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡോ. ബി. ആര്‍ അംബേദ്ക്കര്‍ ഇപ്രകാരം പറയുകയുണ്ടായി: ''രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ നീതി ഉണ്ടാകണമെങ്കില്‍, വ്യവസായത്തിന്റെയും ഭൂമിയുടെയും ദേശസാല്‍ക്കരണം നടക്കേണ്ടതാണ്. ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയല്ലെങ്കില്‍, സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും നീതി നടപ്പാക്കുമെന്ന് പറയുന്ന ഏതൊരു സര്‍ക്കാരിനും അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല''.[7]

ഇത് ഒറ്റപ്പെട്ട സംശയമായിരുന്നില്ല. ഭരണഘടനാ അസംബ്ലിക്കകത്തും പുറത്തും ഈ സംശയങ്ങള്‍ വളരെയേറെ വേദികളില്‍ ഉന്നയിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി വന്നവര്‍ പോലും ഈ ഭരണഘടനയെ സോഷ്യലിസ്റ്റ് അല്ലാത്തതിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇതിന് മറുവശവുമുണ്ടായിരുന്നു. പരിമിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെപ്പോലും നഖശിഖാന്തം എതിര്‍ക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നത് ഭൂപ്രഭുക്കന്മാരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.

ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി
ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി

രണ്ടു വര്‍ഷവും 11 മാസവും കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണ ദൗത്യം പൂര്‍ത്തിയാക്കി. ഇരുപത്തിരണ്ടു ഭാഗങ്ങളിലായി 395 അനുഛേദങ്ങളും 8 പട്ടികകളുമടങ്ങുന്ന വളരെ വിസ്തൃതമായ ഒരു രേഖയാണ് തയ്യാറാക്കപ്പെട്ടത്. 1949 നവംബര്‍ 26 ന് അതില്‍ അംഗങ്ങള്‍ ഒപ്പുവെക്കുകയും 1950 ജനുവരി 26ന് നിലവില്‍ വരികയും ചെയ്തു.

ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉന്നയിച്ച സംശയം ഭരണഘടനയുടെ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷവും ഉന്നയിക്കപ്പെടുന്നുണ്ട് എന്നതാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഭരണഘടനയുടെ സവിശേഷത. ഇതിന്റെ ഉള്ളടക്കത്തിന്റെ വര്‍ഗഘടനയില്‍ നിരാശനായിട്ടായിരിക്കണം 1953 സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹം നടത്തിയ രാജ്യസഭാ പ്രസംഗത്തില്‍ 'എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്നാണ്. എന്നാല്‍ അത് കത്തിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കുമെന്ന് പറയാന്‍ ഞാന്‍ തികച്ചും തയ്യാറാണ്. എനിക്ക് അത് വേണ്ട. അത് ആര്‍ക്കും യോജിച്ചതല്ല' എന്നു പറയേണ്ടിവന്നത്.[8]

ബി ആര്‍ അംബേദ്കര്‍
ബി ആര്‍ അംബേദ്കര്‍

ഈ ഭരണഘടനയുടെ സോഷ്യലിസ്റ്റ് സ്വഭാവത്തെപ്പറ്റി വളരെയധികം വിമര്‍ശങ്ങളും വ്യാഖ്യാനങ്ങളും സ്ഥാപിതമായ നാള്‍തൊട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. ശ്രേണീബദ്ധവും വിവേചനാധിഷ്ഠിതവുമായ വര്‍ണ, ജാതി സമ്പ്രദായങ്ങള്‍ ഊടും പാവും നെയ്ത ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ പ്രാകൃതമായ ഉത്പാദന സമ്പ്രദായത്തെയും, അതിനോടു സന്ധിചെയ്തു വളര്‍ന്ന മുതലാളിത്ത വ്യവസ്ഥിതിയെയും മാറ്റിമറിച്ച് ഇന്ത്യന്‍ സമൂഹത്തെ സമത്വാധിഷ്ഠിതമായ ആധുനിക രാഷ്ട്രമാക്കാന്‍ ഈ ഭരണഘടനയും അത് വിഭാവനം ചെയ്ത ഭരണ സമ്പ്രദായവും എന്താണ് ചെയ്തത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന എത്രത്തോളം സോഷ്യലിസ്റ്റ് ആണ് എന്ന് വിലയിരുത്താനാവുക.

ഇന്ത്യന്‍ ഭരണഘടനാ സോഷ്യലിസത്തെ, പീഠികയില്‍ 'സോഷ്യലിസ്റ്റ്' എന്ന പദം കൂട്ടിച്ചേര്‍ത്ത 1976ലെ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിക്ക് മുന്‍പും അതിനു ശേഷവും എന്ന് രണ്ടായി തിരിക്കാം. വ്യക്തി സ്വാതന്ത്ര്യത്തെയും സാമൂഹ്യ വികാസത്തെയും സംതുലിതമാക്കിയ ഭരണഘടന എന്നാണ് അതിന്റെ ശില്‍പികള്‍ അവകാശപ്പെട്ടത്. അതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത് ഭരണഘടനയുടെ മൂന്നും നാലും ഭാഗങ്ങള്‍ വിശദമാക്കുന്ന മൗലികാവകാശങ്ങളെയും നിര്‍ദേശ തത്വങ്ങളെയുമാണ്.

അനുഛേദം 14 മുതല്‍ 35 വരെയുള്ള മൗലികാവകാശ ചാര്‍ട്ടര്‍ ഭരണകൂടത്തിനുമേലെയുള്ള നിരോധനങ്ങളാണ്. ഒരു പൗരനെ അത് ഭരണകൂടത്തിന്റെ മൗലികാവകാശ ലംഘനത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്നേയുള്ളു. ആ അര്‍ഥത്തില്‍ അവ നിഷേധാവകാശങ്ങളാണ്. സാമൂഹ്യമായി നിലനില്‍ക്കുന്ന അസമത്വങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്ത് മൗലികാവകാശങ്ങളെ അനുഭവവേദ്യങ്ങളാക്കുന്ന നീതിപൂര്‍ണമായ സമൂഹ സൃഷ്ടി ഭരണകൂടത്തിന്റെ ബാധ്യതയായി ഈ ഭരണഘടന നല്‍കിയിട്ടില്ല. അനുഛേദം 14 പ്രകാരം നിയമത്തിനുമുന്‍പിലുള്ള തുല്യത ഒരു വ്യക്തിക്കും ഭരണകൂടം നിഷേധിക്കില്ല. അത് മഹത്തായ പൗരാവകാശമാണ്. എന്നാല്‍ കാതലായ പ്രശ്‌നം മറ്റൊന്നാണ്. അത്, തുല്യത നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിനു പുറത്തുള്ള സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ആണ് എന്നതാണ്. ആ മേഖലകളില്‍ പടര്‍ന്നു പന്തലിച്ച അസമത്വങ്ങളുടെ വേരുകളെ പറിച്ചെറിയാനുള്ള ഉത്തരവാദിത്വം ഈ ഭരണഘടന ഭരണകൂടത്തില്‍ നിക്ഷിപ്തമാക്കുന്നില്ല. അതാണ് പ്രശ്‌നം.

'നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ക്ക് അനുസൃതമല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിക്കരുത്' എന്ന് അനുഛേദം 21 നിര്‍ദ്ദേശിക്കുന്നു. ഇത് ഭരണകൂടത്തിനുമേലുള്ള കര്‍ശനമായ നിരോധനമാണ്. ഭരണകൂടത്തിന്റെ പല ജനവിരുദ്ധ നിലപാടുകളെയും തിരുത്തിക്കാന്‍ ഈ അനുഛേദം സഹായകരമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് അന്യായമായ തടങ്കല്‍ മര്‍ദ്ദനത്തിലോ, കപട ഏറ്റുമുട്ടലിലോ മാത്രമല്ലെന്നും, പലപ്പോഴും അത് ദാരിദ്ര്യം കൊണ്ടും, കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടും, കടക്കെണിമൂലവും, സമാനമായ മറ്റ് കാരണങ്ങള്‍കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും അറിയാം. വ്യക്തിസ്വാതന്ത്ര്യം അന്യായമായി ഹനിക്കപ്പെടുന്നത് ഭരണകൂട ഉപകരണങ്ങളാല്‍ മാത്രമല്ലെന്നും ഭരണകൂടത്തിനു വെളിയിലുള്ള സാമൂഹ്യ, സാമ്പത്തിക, പ്രതിഭാസങ്ങളായ ജാതി, മത, പരമ്പരാഗത തൊഴില്‍ മേഖലകളിലാണെന്നുള്ളതാണ് സത്യം. ഇതൊന്നും പരിഹരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയില്ല. (ഭരണഘടനയെന്നത് ഭരണകൂടത്തിന്റെ വര്‍ഗാധിപത്യത്തിനുള്ള ഉപകാരണമാവുമ്പോള്‍ അങ്ങനെ സംഭവിക്കും എന്നത് ഒരു വ്യാമോഹം മാത്രമാണ്.)

ഒരിക്കലും സ്വകാര്യ സ്വത്ത് സമ്പാദനത്തിനോ അതിന്റെ പരിധിക്കോ യാതൊരു നിയന്ത്രണവും ഭരണഘടന ഏര്‍പ്പെടുത്തിയില്ല

ഇന്ത്യന്‍ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെ ഏറ്റവും പ്രതിലോമകരമായ വശം ഭൂമിയുടെ ഉടമസ്ഥതയുടെ കേന്ദ്രീകരണമാണ്. ഇതാണ് നാട്ടിന്‍പുറങ്ങളിലെ ജാതി, ജന്മി, ഭൂപ്രഭു ചൂഷണത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത്. ഇതിനെ തകര്‍ക്കാതെ ഇന്ത്യന്‍ സമൂഹത്തിന് പുരോഗമിക്കാനാവില്ല. അതിന് ആവശ്യമായ ഭൂപരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ ഭരണഘടനാ നിയമത്തില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ഏറ്റവും വലിയ ദോഷമായി ചൂണ്ടിക്കാണിക്കാനാവുന്നത്. എന്നാല്‍ പരിധിയില്ലാത്ത സ്വത്ത് സമ്പാദനത്തിനും വിനിയോഗത്തിനും ആവശ്യമായ എല്ലാ സംരക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭരണഘടന നിലവില്‍ വരുമ്പോള്‍ സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി സംരക്ഷിക്കുവാന്‍ 19(1)(f), 31 എന്നീ രണ്ട് അനുഛേദങ്ങളാണ് ഉണ്ടായിരുന്നത്. സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും വിനിയോഗിക്കാനുമുള്ള അവകാശം മൗലികമാണെന്ന് അനുഛേദം 19(1)(f) വ്യക്തമാക്കിയപ്പോള്‍ വ്യക്തിയുടെ സ്വത്തവകാശത്തെ ഹനിക്കരുതെന്നും പൊതു ആവശ്യങ്ങള്‍ക്കായി സ്വത്ത് ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥന് നഷ്ടപരിഹാരം നല്‍കുമെന്നും അനുഛേദം 31 വ്യവസ്ഥചെയ്തു. എന്നാല്‍ ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ഇന്ത്യക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ ഭരണകൂടം നടപടികളെടുക്കണമെന്ന് ഈ പരമോന്നത നിയമത്തില്‍ വ്യവസ്ഥകളില്ലായിരുന്നു. 1978-ലെ ഭരണഘടനയുടെ നാല്‍പ്പത്തിനാലാം ഭേദഗതി വഴി ഈ രണ്ട് അനുഛേദങ്ങളും മൗലികാവകാശ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും അനുഛേദം 31 ഭേദഗതികളോടെ 300A ആയി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും സ്വകാര്യ സ്വത്ത് സമ്പാദനത്തിനോ അതിന്റെ പരിധിക്കോ യാതൊരു നിയന്ത്രണവും ഭരണഘടന ഏര്‍പ്പെടുത്തിയില്ല.

ഭരണകൂട നയങ്ങളുടെ നിര്‍ദേശക തത്വങ്ങളാണ് ഇത്തരം കാര്യങ്ങളെ പരാമര്‍ശിക്കുന്നത്. 36 മുതല്‍ 51 വരെയുള്ള അനുഛേദങ്ങള്‍ അടങ്ങിയ നാലാം ഭാഗം ഈ തത്വങ്ങളുടെ വിശദമായ ഒരു പട്ടിക തന്നെ നല്‍കുന്നുണ്ട്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും അത്തരമൊരു സാമൂഹിക ക്രമം സംരക്ഷിക്കപ്പെടണമെന്നും അത് ആവശ്യപ്പെടുന്നു. വരുമാനത്തിലെ അസമത്വങ്ങള്‍ കുറക്കാനും, വ്യക്തികള്‍ക്കിടയില്‍ മാത്രമല്ല, വിവിധ മേഖലകളില്‍ താമസിക്കുന്നവരോ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആയ ആളുകളുടെയിടയിലും പദവി, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവയിലെ അസമത്വങ്ങള്‍ ഇല്ലാതാക്കാനും ഭരണകൂടം ഉദ്യമിക്കണമെന്നും അത് പറയുന്നു. (അനുഛേദം 38) സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനം സമ്പത്തിന്റെയും ഉത്പാദനോപാധികളുടെയും കേന്ദ്രീകരണത്തിലേക്കു നയിക്കുന്ന രീതിയിലായിരിക്കരുതെന്നും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടണമെന്നും അത് പറയുന്നു (അനുഛേദം 39). സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിച്ചേക്കാവുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ തത്വങ്ങളാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങളുടെ പ്രയോഗ സാധ്യതയെപ്പറ്റി അനുഛേദം 37 ഇങ്ങനെ ചൂണ്ടിക്കാണിക്കുകയുണ്ടായി:

'ഈ ഭാഗത്ത് അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ ഒരു കോടതിക്കും നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന തത്വങ്ങള്‍ രാജ്യത്തിന്റെ ഭരണത്തില്‍ അടിസ്ഥാനപരമാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഈ തത്വങ്ങള്‍ പ്രയോഗിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.'

നിയമ നിര്‍മാണത്തില്‍ ഭരണകൂടം ഈ തത്വങ്ങള്‍ പാലിച്ചില്ലെങ്കില്‍ പൗരന്റെ മുന്നിലുള്ള പരിഹാരമെന്താണ്? അതിനെ സംബന്ധിച്ച് ഭരണഘടന നിശബ്ദമാണ്. നിലവിലുള്ള സര്‍ക്കാരിനെ അടുത്ത തിരഞ്ഞെടുപ്പില്‍ പുറത്താക്കുക എന്ന രാഷ്ട്രീയമായ പരിഹാരം മാത്രമാണ് ഭരണഘടനാ ശില്പികള്‍ക്ക് പറയാനുണ്ടായിരുന്നത് !

ഗാന്ധിയന്‍ സോഷ്യലിസത്തിലേക്ക് ചായുന്ന, മാര്‍ക്സിസവും ഗാന്ധിസവും കൂടിച്ചേരുന്ന ഒരു മിശ്രിതമാണ് ഇന്ത്യന്‍ ഭരണഘടനയിലെ സോഷ്യലിസമെന്ന് ഡി.എസ് നക്രയുടെ കേസില്‍ സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി

1976ലെ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ പീഠികയില്‍ 'സോഷ്യലിസ്റ്റ്' എന്ന പദം കൂട്ടിച്ചേര്‍ക്കുന്നത്. അതാകട്ടെ എല്ലാ പൗരാവകാശങ്ങളെയും റദ്ദുചെയ്തിരുന്ന അടിയന്തരാവസ്ഥയുടെ കാലമായിരുന്നു. ആ ഇരുണ്ട കാലത്തിന്റെ ദുഷിച്ച വ്രണങ്ങളെ സോഷ്യലിസത്തിന്റെ പട്ടുകൊണ്ടു മൂടാനുള്ളൊരു വിഫല ശ്രമം മാത്രമായിരുന്നു അത്. ആ കൂട്ടിച്ചേര്‍ക്കലുകൊണ്ടു ഇന്ത്യന്‍ ഭരണഘടനയുടെ അതുവരെയുണ്ടായിരുന്ന മൗലിക സ്വഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചില്ല. ഉത്പാദന ബന്ധങ്ങളില്‍ കാതലായ പരിവര്‍ത്തനമുണ്ടാക്കുന്ന യാതൊരു നടപടിയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ചില നിയമ വ്യാഖ്യാനങ്ങള്‍ നടത്താന്‍ ജുഡീഷ്യറിയെ ഇത് സഹായിക്കുകയുണ്ടായി. ഗാന്ധിയന്‍ സോഷ്യലിസത്തിലേക്ക് ചായുന്ന, മാര്‍ക്സിസവും ഗാന്ധിസവും കൂടിച്ചേരുന്ന ഒരു മിശ്രിതമാണ് ഇന്ത്യന്‍ ഭരണഘടനയിലെ സോഷ്യലിസമെന്ന് ഡി.എസ് നക്രയുടെ കേസില്‍ സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി.[9] പൊതുനന്മയെ സേവിക്കുന്ന വിധത്തിലായിരിക്കണം ഭൗതിക വിഭവങ്ങളുടെ സാമൂഹ്യ വിതരണം നടക്കേണ്ടത് എന്നാണ് ഭരണഘടനയിലെ സോഷ്യലിസം കൊണ്ടുദ്ദേശിക്കുന്നത് എന്ന് മറ്റൊരു കേസില്‍ കോടതി അഭിപ്രായപ്പെടുകയുണ്ടായി.[10] നിയമവാഴ്ചയിലൂടെ സാമൂഹിക സമത്വം സ്ഥാപിക്കുക എന്നതാണ് ഭരണഘടനാ സോഷ്യലിസത്തിന്റെ ലക്ഷ്യം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി.[11] ഇത്തരം ഒട്ടനവധി വിധിന്യായങ്ങള്‍ സുപ്രീംകോടതിയുടെയും വ്യത്യസ്ത ഹൈക്കോടതികളുടെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇതെല്ലാം തൊലിപ്പുറമെയുള്ള ചികിത്സ മാത്രമായിരുന്നു. ഇവയൊന്നും ഇന്ത്യന്‍ ഉത്പാദന സമ്പ്രദായത്തെയോ, സാമൂഹ്യ സംവിധാനത്തെയോ ഏതെങ്കിലും രീതിയില്‍ ബാധിക്കുകയുണ്ടായില്ല. അതിപ്പോഴും ഭൂപ്രഭുക്കന്മാരുടെയും വന്‍കിട മുതലാളിമാരുടെയും നിയന്ത്രണത്തിലും ജാതി, ജന്മി പൗരോഹിത്യ ചട്ടക്കൂടിലും നിലനില്‍ക്കുകയാണ്.

രാജ്യത്തെ ജനസംഖ്യയുടെ അമ്പതു ശതമാനത്തോളം നേരിട്ടോ പരോക്ഷമായോ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് ഉപജീവനം കണ്ടെത്തുന്നവരാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പതിനാറു ശതമാനത്തിനുമേലെയാണ് ഈ മേഖലയുടെ സംഭാവന. എന്നാല്‍ ഇവിടെ അദ്ധ്വാനിക്കുന്നവരുടെ അവസ്ഥ ദയനീയമാംവണ്ണം താഴ്ന്നതാണ്. ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആത്മഹത്യകള്‍ അമ്പരപ്പിക്കുന്നവിധം ഉയര്‍ന്നതാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1995-2019 കാലഘട്ടത്തില്‍ കാര്‍ഷികമേഖലയില്‍ പണിയെടുത്തിരുന്ന 3,58,164 പേര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ആവശ്യത്തിനു കൃഷിഭൂമിയോ, കൃഷി ചെയ്യാനാവശ്യമായ മൂലധനമോ, ഉത്പന്നങ്ങള്‍ക്ക് ലാഭം ഉറപ്പാക്കുന്ന സമ്പ്രദായമോ നിലവിലില്ല. ഇന്നും കാര്‍ഷിക മേഖല ഭൂപ്രഭുത്വത്തിന്റെ പിടിയിലാണ്.

ജന്മികളെ പരാജയപ്പെടുത്തി തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കാന്‍ കരുത്തുള്ള ബഹുജന പ്രസ്ഥാനത്തിന്റെ അഭാവം പലയിടത്തുമുണ്ടായി

ഭരണഘടന നിലവില്‍ വന്ന ശേഷം പല സംസ്ഥാനങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴിച്ച് അത് സാധ്യമായില്ല. ഇതിന് മൂന്നു പ്രധാന കാരണങ്ങളുണ്ടായിരുന്നു. അതാതിടങ്ങളിലെ പ്രബല രാഷ്ട്രീയ ശക്തികളെ നിയന്ത്രിച്ചിരുന്നത് ഉന്നത ജാതിക്കാരായ ജന്മിമാരായിരുന്നു. അവരെ മറികടക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് താത്പര്യവും കരുത്തുമില്ലായിരുന്നു. ഭരണഘടന ഉറപ്പാക്കിയ സ്വകാര്യസ്വത്തവകാശവുമായി ഈ നിയമങ്ങള്‍ക്ക് വൈരുധ്യമുണ്ടാവുകയും അവയെല്ലാം കോടതികളില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ജന്മികളെ പരാജയപ്പെടുത്തി തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കാന്‍ കരുത്തുള്ള ബഹുജന പ്രസ്ഥാനത്തിന്റെ അഭാവം പലയിടത്തുമുണ്ടായി. കരുത്തുള്ളയിടങ്ങളിലാവട്ടെ ഭരണകൂടം അത്തരം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയുണ്ടായി. ഭൂപരിഷ്‌ക്കരണത്തിനായി നടത്തിയ ഭരണഘടനാ ഭേദഗതികള്‍പോലും മൗലികാവകാശ വിരുദ്ധമായി ഉയര്‍ത്തുകയുണ്ടായി.[12] പഞ്ചാബ്, മൈസൂര്‍ ഭൂനിയമങ്ങളെയും അവയെ ഒന്‍പതാം പട്ടികയില്‍ കൂട്ടിച്ചേര്‍ത്ത ഏഴാം ഭരണഘടനാ ഭേദഗതിയെയും ചോദ്യം ചെയ്ത 'ഗോലക്നാഥ്'[13] കേസില്‍ പാര്‍ലമെന്റിന് സ്വകാര്യ സ്വത്തവകാശമടക്കമുള്ള മൗലികാവകാശങ്ങളെ ഭേദഗതിചെയ്യാന്‍ അധികാരമില്ലെന്ന് കോടതി വിധിക്കുകയുണ്ടായി. 1967ലെ ഈ വിധിയിലെ നിര്‍ദേശം 1973ലെ 'കേശവാനന്ദ ഭാരതി'[14] വിധി ന്യായത്തില്‍ക്കൂടി മറികടക്കുന്നതുവരെ നിലനിന്നു.

ഭൂപരിഷ്‌കരണം നടത്തിയെന്നവകാശപ്പെട്ട ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും അവസ്ഥ അതി ദയനീയമാണ്. പലയിടങ്ങളിലും മിച്ചഭൂമി വ്യാജ പേരുകളിലേക്ക് കൈമാറ്റം ചെയ്യുകയോ അല്ലെങ്കില്‍ അവിടെ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളുടെതന്നെ പേരിലേക്ക് മാറ്റി ജന്മി തന്നെ കൈവശം വെക്കുകയോ ആണ് നടന്നത്. ജന്മിത്വം ഇപ്പോഴും ഭരണ ശക്തിയായി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഇതൊന്നും ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുകയാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ ബലമായി തുച്ഛമായ ഭൂമി ലഭിച്ച ദരിദ്ര കര്‍ഷകര്‍ക്ക് കൃഷി തുടര്‍ന്നുകൊണ്ടുപോകാന്‍ ആവശ്യമായ യാതൊരു സഹായവും തുടര്‍ന്നു ലഭ്യമാകാത്തതിനാല്‍ കൂടുതല്‍ പാപ്പരാവുകയും ഭൂമി അധികബാധ്യതയാവുകയും ചെയ്തു. ഭൂപരിഷ്‌കരണത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഏറെക്കുറെ ശരിയായി നടപ്പിലാക്കിയ കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജന്മിത്വത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുമുണ്ടായി.

ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി മിച്ചഭൂമിയായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പതിനഞ്ചു ശതമാനത്തിനു താഴെമാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്

ഇപ്പോഴത്തെ അവസ്ഥ എന്താണ്?

കൃഷിഭൂമിയുടെ മുപ്പത്തിമൂന്നു ശതമാനം കൈവശം വെച്ചിരിക്കുന്നത് അഞ്ചു ശതമാനം ഭൂസ്വാമിമാരാണ്. അന്‍പത്തിയാറു ശതമാനത്തോളം ഗ്രാമീണ കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്. ഇന്ത്യയിലെ ഒരു ദരിദ്ര കര്‍ഷകനെക്കാള്‍ ശരാശരി അന്‍പതു മടങ്ങു ഭൂമിയാണ് ഒരു വലിയ കര്‍ഷകന്‍ കൈവശം വെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി മിച്ചഭൂമിയായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പതിനഞ്ചു ശതമാനത്തിനു താഴെമാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. ഭൂപ്രഭുക്കന്മാരുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന റവന്യൂ വകുപ്പിനാല്‍ നിശ്ചയിക്കപ്പെടുന്ന മിച്ചഭൂമിയുടെ വലിപ്പം എത്രമാത്രം കള്ളം നിറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഏറ്റെടുത്ത ഭൂമിയുടെ വിതരണം പോലും കാര്യക്ഷമമായി നടന്നിട്ടില്ല.

ഇന്ത്യന്‍ സമൂഹത്തിലേക്ക് മുതലാളിത്ത ഉത്പാദന സമ്പ്രദായത്തെ ഇറക്കുമതി ചെയ്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുതലാളിമാര്‍ ഇന്ത്യയില്‍ നിലനിന്ന വര്‍ണ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഉത്പാദന രീതികളോട് പലപ്പോഴും കലഹിക്കുകയും ഇവിടുത്തെ നാടുവാഴിത്തവുമായും ഫ്യൂഡല്‍ സമ്പ്രദായങ്ങളുമായും ഏറ്റുമുട്ടുകയും ചെയ്തിരുന്നു

ഇന്ത്യന്‍ വ്യവസായ മുതലാളിത്തത്തിന്റെ സ്ഥിതി അതിലും സങ്കീര്‍ണമാണ്. മറ്റു സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായ വികസനത്തിന്റെ ചരിത്രമാണ് ഇന്ത്യന്‍ മുതലാളിത്തത്തിനുള്ളത്. ഇന്ത്യന്‍ സമൂഹത്തിലേക്ക് മുതലാളിത്ത ഉത്പാദന സമ്പ്രദായത്തെ ഇറക്കുമതി ചെയ്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുതലാളിമാര്‍ ഇന്ത്യയില്‍ നിലനിന്ന വര്‍ണ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഉത്പാദന രീതികളോട് പലപ്പോഴും കലഹിക്കുകയും ഇവിടുത്തെ നാടുവാഴിത്തവുമായും ഫ്യൂഡല്‍ സമ്പ്രദായങ്ങളുമായും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. തദ്ദേശീയരുടെ ആചാര അനുഷ്ഠാനങ്ങളെ ഒട്ടും വകവയ്ക്കാത്ത, പലപ്പോഴും അതിനെ എതിര്‍ക്കുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നു വന്നത്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന ഭൂവുടമാ ബന്ധങ്ങളെ അവര്‍ മാറ്റി മറിക്കുകയും പുതിയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇത് ഒട്ടനവധി ഇടത്തരം, വന്‍കിട കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. തദ്ദേശീയമായ എല്ലാ ഫ്യൂഡല്‍ സമൂഹങ്ങളോടും അവിടെ വികസിച്ചുവന്ന മുതലാളിത്തം ഇതായിരുന്നു ചെയ്തത്.

എന്നാല്‍ ഈ നിലപാട് ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവെ അവരോട് എതിര്‍പ്പുണ്ടാക്കുകയും കമ്പനിയുടെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ഭടന്മാരുടെ പോലും വിദ്വേഷം ഏറ്റുവാങ്ങുകയുമുണ്ടായി. സേനയിലേക്ക് പുതുതായി ഇറക്കുമതിചെയ്ത എന്‍ഫീല്‍ഡ് റൈഫിളിന്റെ തോട്ടകള്‍ പന്നിയുടെയും പശുവിനെയും കൊഴുപ്പ് പുരട്ടിയവയായിരുന്നു. അവ കടിച്ചുതുറക്കാന്‍ ഉത്തരവിട്ടത് ഹിന്ദു, മുസ്ലിം ഭടന്മാരെ പ്രകോപിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷ് ഓഫിസര്‍മാരോട് ചെറുത്തുനിന്ന മംഗള്‍ പാണ്ഡെയെ അറസ്റ്റുചെയ്ത് തൂക്കിലേറ്റിയതിന്റെ രോഷം പട്ടാളക്കാരില്‍ പുകഞ്ഞുകൊണ്ടിരുന്നു. 1857 ഏപ്രില്‍ മാസത്തില്‍ മീററ്റിലെ ഒരു മിലിട്ടറി കാമ്പിലുണ്ടായ കലാപം പെട്ടെന്ന് കാണ്‍പൂര്‍, ലഖ്നൗ, ഝാന്‍സി, ബറേലി, അലിഗഡ്, ആഗ്ര, ഡല്‍ഹി തുടങ്ങി പല ഭാഗങ്ങളിലും പടര്‍ന്നു പിടിച്ചു. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്കെതിരെ തുടങ്ങിയ കലാപം വിദേശ മേധാവിത്വത്തിനെതിരെയുള്ള സമരമായി വികസിക്കുകയും മുഗള്‍ രാജാവായ ബഹദൂര്‍ഷാ രണ്ടാമനെ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുന്നതുവരെ എത്തുകയും ചെയ്തു. 1858ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം, ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയെ ഔദ്യോഗികമായി പിരിച്ചുവിടുകയും ഇന്ത്യയുടെ ഭരണാധികാരം ബ്രിട്ടീഷ് കിരീടം ഏറ്റെടുക്കുകയും ചെയ്തു. 1859 ജൂലൈ ആയപ്പോഴേക്കും കലാപം പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഭുക്കന്മാരുടെ വിശേഷാധികാരങ്ങള്‍ക്കെതിരെ പോരാടിയ അതേ ആളുകള്‍ തന്നെ ഇന്ത്യയില്‍ വളരെ മോശമായ രാജാക്കന്മാരെയും നവാബുകളെയും ഒരു നയമെന്ന നിലയില്‍, ലാഭത്തിനായി പിന്തുണക്കുകയുണ്ടായി

ഇന്ത്യയുടെ ഭരണാധികാരം ഏറ്റെടുത്തുകൊണ്ട് 1858 നവംബര്‍ ഒന്നിന് വിക്ടോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബരത്തിലെ ഒരു മുഖ്യകാര്യം 'നിയമത്തിന്റെ രൂപീകരണത്തിലും ഭരണനിര്‍വഹണത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന പൗരാണിക അവകാശങ്ങള്‍, ഉപയോഗങ്ങള്‍, ആചാരങ്ങള്‍ എന്നിവയെ ലംഘിക്കില്ല' എന്നതായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട, ഇന്ത്യയിലെ മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ ബ്രിട്ടീഷ് ബൂര്‍ഷ്വാസി ഈ വിളംബരത്തിന്റെ അന്തഃസത്ത തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പാലിക്കുകയുണ്ടായി. ഡി.ഡി കൊസാംബി ഇതിനെപ്പറ്റി പരാമര്‍ശിച്ചത് ഇങ്ങനെയാണ്: '1857-ലെ വിജയിക്കാത്ത കലാപത്തില്‍ അവസാനമായി ബ്രിട്ടീഷ് ബൂര്‍ഷ്വാസിക്കെതിരെ ഇന്ത്യന്‍ ഫ്യൂഡലിസം അതിന്റെ ശക്തി പരീക്ഷിച്ചു. താമസിയാതെ, ബ്രിട്ടീഷുകാര്‍ ഫ്യൂഡല്‍ കോയ്മകളെ ഞെരിച്ചുകൊല്ലുന്ന അവരുടെ ദീര്‍ഘകാല നയം ഉപേക്ഷിച്ചു, പകരം ഇത്തരത്തില്‍ അവശേഷിച്ച, ആശ്രിതനാകാന്‍ തക്ക ദുര്‍ബലവും അതിനാല്‍ അനുസരണമുള്ളതുമായ ഭരണകൂടങ്ങളെ ശക്തിപ്പെടുത്താന്‍ തുടങ്ങി. മാര്‍ക്‌സ് നിരീക്ഷിച്ചതുപോലെ, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഭുക്കന്മാരുടെ വിശേഷാധികാരങ്ങള്‍ക്കെതിരെ പോരാടിയ അതേ ആളുകള്‍ തന്നെ ഇന്ത്യയില്‍ വളരെ മോശമായ രാജാക്കന്മാരെയും നവാബുകളെയും ഒരു നയമെന്ന നിലയില്‍, ലാഭത്തിനായി പിന്തുണക്കുകയുണ്ടായി.[15] അങ്ങനെ ഫ്യൂഡലിസവുമായി ചേര്‍ന്നു വളരുന്ന ഒരു പ്രത്യേകതരം മുതലാളിത്തം ഇന്ത്യയില്‍ പരിപോഷിപ്പിക്കപ്പെട്ടു.

1848ല്‍ മാര്‍ക്സും ഏംഗല്‍സും ഇപ്രകാരം ചൂണ്ടിക്കാട്ടുകയുണ്ടായി. 'ബൂര്‍ഷ്വാസി സ്വയം പടുത്തുയര്‍ത്തിയത് ഏതൊരടിത്തറയിന്മേലാണോ ആ ഉത്പാദന - വിനിമയോപാധികള്‍ ഉടലെടുത്തത് ഫ്യൂഡല്‍ സമൂഹത്തിലാണ്. ഈ ഉത്പാദന - വിനിമയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തിയപ്പോള്‍, ഫ്യൂഡലിസത്തിന്‍ കീഴില്‍ ഉത്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങള്‍, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡല്‍ സംഘടന, ചുരുക്കിപ്പറഞ്ഞാല്‍ ഫ്യൂഡല്‍ സ്വത്തുടമബന്ധങ്ങള്‍, വളര്‍ന്നുകഴിഞ്ഞ ഉത്പാദന ശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു'.[16]

എന്നാല്‍ ഇന്ത്യയിലെ അസാധാരണ സാഹചര്യങ്ങള്‍ മൂലം അത് അക്ഷരംപ്രതി ഇവിടെ സംഭവിച്ചില്ല. തകര്‍ക്കേണ്ടവര്‍ തന്നെ സംരക്ഷകരായിമാറി.

ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പ്, കരകൗശല - തുണി വ്യവസായമായിരുന്നു ഇന്ത്യയുടെ അറിയപ്പെടുന്ന വ്യവസായം. പരുത്തി, സില്‍ക്ക് തുണിത്തരങ്ങള്‍ എന്നിവയുടെ വ്യവസായങ്ങള്‍ക്ക് ഇന്ത്യ പ്രസിദ്ധമായിരുന്നു. കൂടാതെ, ലോഹ ഉത്പന്നങ്ങള്‍, വിലയേറിയ കല്ലുകള്‍, രത്‌നങ്ങള്‍ എന്നിവയുടെ പണിയിലും ഇന്ത്യക്കാര്‍ മികച്ചവരായിരുന്നു. ഇന്ത്യയിലെ തുണിവ്യവസായത്തെ തകര്‍ത്തും കരകൗശല വ്യവസായത്തെ മുരടിപ്പിച്ചുമാണ് കോളനിഭരണം മുന്നോട്ടുപോയത്. വിവേചനപരമായ താരിഫ് നയവും മെഷീന്‍ നിര്‍മ്മിത ഉത്പന്നങ്ങളില്‍ നിന്നുള്ള മത്സരവും പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി.

ഈ പരിതസ്ഥിയെ മുതലെടുത്തതുകൊണ്ട് ദല്ലാള്‍ സ്വഭാവമുള്ള ഒരു സാമ്പത്തിക വര്‍ഗം ഇന്ത്യയില്‍ വളരുകയുണ്ടായി. ഇന്ത്യയില്‍ വളര്‍ന്നുവന്ന മുതലാളിമാരില്‍ വ്യാവസായിക ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ വളരെ കുറവായിരുന്നു. അവര്‍ പ്രധാനമായും കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും ധനമൂലധന ബിസിനസുകാരുമായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങളിലും ബ്രിട്ടീഷ് ഗവണ്‍മെന്റിനാവശ്യമായ യുദ്ധസാമഗ്രികളുടെ കച്ചവടം നടത്തിയും ബ്രിട്ടീഷ് രാജിനെ സഹായിച്ചും ഈ വിഭാഗം സമ്പന്നരായി. മുഖ്യമായും കോമ്പ്രദോര്‍ എന്ന് വിളിക്കാവുന്ന ദല്ലാള്‍ മുതലാളിമാരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന തദ്ദേശീയ വ്യവസായികളെ ഇല്ലായ്മ ചെയ്യുന്നതിലും ഈ വിഭാഗം ബ്രിട്ടീഷുകാരോട് ചേര്‍ന്നു നില്‍ക്കുകയുണ്ടായി.[17] ഇന്ത്യയിലെ ഈ പ്രത്യേകതരം മുതലാളിത്ത വികസനം മൂലം മറ്റു സമൂഹങ്ങളില്‍ ചരിത്രപരമായി മുതലാളിത്തം നിറവേറ്റുന്ന സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ ഇവിടെ നടപ്പിലാക്കിയില്ല. അങ്ങനെ കുത്തക മൂലധനമേധാവിത്വവും ജാതി-മത-ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷസംയോഗമായ സമൂഹം[18]ഇന്ത്യയില്‍ വികസിക്കാനാരംഭിച്ചു.

രണ്ടാം ലോകമഹാ യുദ്ധത്തില്‍ ബ്രിട്ടന്‍ സാമ്പത്തികവും സൈനികവുമായി തളരാന്‍ തുടങ്ങുകയും ദേശീയ പ്രസ്ഥാനങ്ങള്‍ പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം ശക്തിയോടെ ഉന്നയിക്കുകയും ചെയ്തതോടെ ഈ ദല്ലാള്‍ മുതലാളിമാര്‍ കളംമാറി ചവിട്ടാനും അചിരേണ ലഭ്യമായേക്കാവുന്ന സ്വാതന്ത്ര്യത്തില്‍ ദേശീയ ബൂര്‍ഷ്വാസിയുടെ വേഷമാടാനും തീരുമാനിച്ചു. എന്നാല്‍ ഇതിനാവശ്യമായ മൂലധനമോ സാങ്കേതിക പരിജ്ഞാനമോ ഇവരുടെ കൈവശം ഇല്ലായിരുന്നു. അതിനൊരു പരിഹാരമായാണ് 1944 ജനുവരിയില്‍ പ്രസിദ്ധീകരിച്ച 'ബോംബെ പ്ലാന്‍. 'A Brief Memorandum Outlining a Plan of Economic Development for India എന്നായിരുന്നു പദ്ധതിയുടെ പേര്. ജെ.ആര്‍.ഡി ടാറ്റ, ഘനശ്യാം ദാസ് ബിര്‍ള, അര്‍ദേശിര്‍ ദലാല്‍, ലാലാ ശ്രീറാം, കസ്തൂര്‍ഭായ് ലാല്‍ഭായ്, അര്‍ദേശിര്‍ ദരാബ്‌ഷോ ഷറഫ്, സര്‍ പുര്‍ഷോത്തംദാസ് താക്കൂര്‍ ദാസ്, ജോണ്‍ മത്തായി എന്നിവരായിരുന്നു പദ്ധതിയില്‍ ഒപ്പുവച്ചത്. ഇതില്‍ ജോണ്‍ മത്തായി പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ബാക്കിയുള്ളവരെല്ലാം ബിസിനസുകാരുമായിരുന്നു.

ഇതിനൊരു പശ്ചാത്തലമുണ്ടായിരുന്നു. കോണ്‍ഗ്രസ് 1931ല്‍ ഒരു സാമ്പത്തിക പരിപാടിയും 1936ല്‍ ഒരു കാര്‍ഷിക പദ്ധതിയും അംഗീകരിച്ചിരുന്നു. 1937-ലെ വാര്‍ധ സെഷന്‍ സാമ്പത്തിക വികസനത്തിനുള്ള മാര്‍ഗമായി ദേശീയ ആസൂത്രണത്തിനെ പിന്തുണച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കുകയുമുണ്ടായി. 1938ലെ ഹരിപുര സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു, കെ.ടി ഷാ എന്നിവരെ ചെയര്‍മാനും സെക്രട്ടറിയുമായി ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ആ സമിതി 1948 വരെ ഒന്നും പ്രസിദ്ധീകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മുതലാളിമാര്‍ ബോംബെ പദ്ധതി പ്രസിദ്ധീകരിച്ചത്. ബോംബെ പദ്ധതി പ്രകാരം അടിസ്ഥാന ഘനവ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും സര്‍ക്കാര്‍ ചെലവിലും മേല്‍നോട്ടത്തിലും സ്ഥാപിക്കണം. അതിലെ സാങ്കേതിക വിദ്യയും ഉത്പന്നങ്ങളും ഉപയോഗിച്ച് സ്വകാര്യ മേഖല ഇന്ത്യയെ വ്യവസായവത്കരിക്കാന്‍ പരമാവധി ശ്രമിക്കും. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ ഈ പ്രക്രിയക്കാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കണം.

വന്‍കിട ഉത്പാദന മേഖലയുടെ സാമൂഹ്യവത്കരണമാണ് സോഷ്യലിസമെങ്കില്‍ ഇന്ത്യയില്‍ നടക്കുന്നത് നഗ്‌നമായ മുതലാളിത്തവത്കരണമാണ്. പൊതു ഉടമസ്ഥതയിലുള്ള എല്ലാം സ്വകാര്യ മേഖലക്ക് തൂക്കിവില്‍ക്കുന്ന പ്രക്രിയയെ സോഷ്യലിസം എന്ന് വിളിക്കാനാവില്ലല്ലോ

അതായത് പൊതുഖജനാവിലെ പണമുപയോഗിച്ച് കെട്ടിപ്പടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും സാധാരണ ജനങ്ങളുടെ നിക്ഷേപം സമാഹരിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെയും ചിലവില്‍ സ്വകാര്യമേഖല ഇന്ത്യയില്‍ വ്യവസായം നടത്തും. നിര്‍ദേശങ്ങള്‍ അവിടെ അവസാനിച്ചില്ല. ഈ പൊതുമേഖലാ സ്ഥാപനങ്ങളെ നടത്തിക്കൊണ്ടുപോകാനുള്ള കരുത്തും കാര്യശേഷിയും സ്വകാര്യമേഖല ആര്‍ജിക്കുമ്പോള്‍ ഈ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് കൈമാറണം. രാഷ്ട്രീയമായ കാരണങ്ങളാല്‍ ഒന്നാം പദ്ധതിക്കാലത്ത് ബോംബെ പ്ലാന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ല. എന്നാല്‍ രണ്ടാം പദ്ധതി മുതല്‍ ബോംബെ പ്ലാനിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു. ഉദാരമുതലാളിത്ത കാലം വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലാ കേന്ദ്രീകൃതമായ ആസൂത്രണത്തിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം ബോംബെ പ്ലാനിന്റെ അവസാന നിര്‍ദേശങ്ങളുടെ പ്രയോഗമാണ് കാണാന്‍ സാധിക്കുന്നത്.

വന്‍കിട ഉത്പാദന മേഖലയുടെ സാമൂഹ്യവത്കരണമാണ് സോഷ്യലിസമെങ്കില്‍ ഇന്ത്യയില്‍ നടക്കുന്നത് നഗ്‌നമായ മുതലാളിത്തവത്കരണമാണ്. പൊതു ഉടമസ്ഥതയിലുള്ള എല്ലാം സ്വകാര്യ മേഖലക്ക് തൂക്കിവില്‍ക്കുന്ന പ്രക്രിയയെ സോഷ്യലിസം എന്ന് വിളിക്കാനാവില്ലല്ലോ. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടങ്ങിയ 1991-92 മുതല്‍ 2021-22വരെ 7,15,676 കോടി രൂപയുടെ ഷെയറുകള്‍ വില്‍ക്കുകയുണ്ടായി. നമ്മുടെ വിമാന സര്‍വീസുകള്‍, ടെലികമ്യൂണിക്കേഷന്‍, ഇന്‍ഷുറന്‍സ്, ഖന വ്യവസായങ്ങള്‍, റെയില്‍വെ, തുടങ്ങി ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നില്‍ക്കേണ്ട എല്ലാ മേഖലകളെയും ഒന്നൊന്നായി കുത്തകകള്‍ക്ക് കൈമാറുകയാണ്. ഇത്തരം പ്രവര്‍ത്തികളെ തടയാന്‍ ഭരണഘടനയുടെ പീഠികയിലെ സോഷ്യലിസ്റ്റ് എന്ന പദത്തിന് കഴിവില്ല.

ഭാരത് അലൂമിനിയം കമ്പനി വിറ്റഴിക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കമ്പനിയിലെ തൊഴിലാളി യൂണിയന്‍ ഫയല്‍ ചെയ്ത കേസില്‍, ഒരു സാമ്പത്തിക നയം ഏതെങ്കിലും നിയമ വ്യവസ്ഥക്കോ ഭരണഘടനക്കോ വിരുദ്ധമാണെന്ന് തെളിയിക്കാനാകുന്നില്ലെങ്കില്‍ ആ നയങ്ങളില്‍ ഇടപെടാന്‍ ആവില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഇവിടെ ഓഹരി വിറ്റഴിക്കല്‍ നടപ്പിലാക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കണ്ടതിനാല്‍ ആ നയത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി പ്രഖ്യാപിക്കുകയുണ്ടായി.[19] BPCL, HPCL കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നതിനെ ചോദ്യം ചെയ്ത കേസിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നയങ്ങളെ കോടതി ചോദ്യം ചെയ്യുന്നില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയുണ്ടായി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിച്ചില്ല.[20] ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില്‍പനയെ ചോദ്യം ചെയ്ത കേസിലും ഇതേ നിലപാടാണ് കോടതി സ്വീകരിച്ചത്.[21] ചുരുക്കത്തില്‍ സോഷ്യലിസം മുഖമുദ്രയാക്കിയ ഒരു ഭരണഘടനയുള്ള രാജ്യത്തെ പൊതുസമ്പത്തുകളും ഉത്പാദന മേഖലകളും സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലത്രേ.

ഇവിടെ ഏറ്റവും ഉയര്‍ന്ന 10 ശതമാനം ആളുകള്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും കൈവശം വയ്ക്കുമ്പോള്‍ ഏറ്റവും താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 2021-ല്‍ വെറും 13 ശതമാനം മാത്രമാണ്

2022 ലെ ലോക അസമത്വ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സമ്പന്നരായ വരേണ്യ വര്‍ഗത്തോടൊപ്പം ഏറ്റവും ക്രൂരമായ ദാരിദ്ര്യവും രൂക്ഷമായ അസമത്വവുമുള്ള രാജ്യമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നു. ഇവിടെ ഏറ്റവും ഉയര്‍ന്ന 10 ശതമാനം ആളുകള്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും കൈവശം വയ്ക്കുമ്പോള്‍ ഏറ്റവും താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 2021-ല്‍ വെറും 13 ശതമാനം മാത്രമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 2021-22ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ നിന്ന് 142 ആയി ഉയര്‍ന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അടച്ചിടല്‍ സഹിച്ച 2020-ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പത്ത് ശതമാനം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 45 ശതമാനത്തിനടുത്ത് കൈവശപ്പെടുത്തി.

സാമൂഹ്യ സൂചകങ്ങള്‍ പരിശോധിക്കുമ്പോള്‍ ചിത്രം വളരെ ദയനീയമാണ്. 2021ലെ മാനവ വികസന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ മാനവ വികസന സൂചികയില്‍ 131-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ 27.9 ശതമാനം ആളുകളാണ് ബഹുമുഖ ദാരിദ്ര്യ സൂചികയിലുള്ളത്. 2021-ലെ ആഗോള പട്ടിണി സൂചികയില്‍, പഠനത്തിന് വിധേയമാക്കിയ 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. ഇന്ത്യയിലെ വിശപ്പിന്റെ സൂചകം അതീവ ഗുരുതരമാണ്.

നവജാതശിശു മരണനിരക്ക് 24.9, ശിശു മരണ നിരക്ക് 35.2 എന്നിങ്ങനെയാണ്. ഇത് ഗ്രാമപ്രദേശങ്ങളില്‍ യഥാക്രമം 27.5, 38.4 ആണ്. അഞ്ച് വയസിന് താഴെയുള്ളവരുടെ ദേശീയ മരണനിരക്ക് 41.9, ഗ്രാമപ്രദേശങ്ങളിലേത് 45.7 എന്നിങ്ങനെയാണ്. ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാനാവുന്നത് അമ്മയുടെയും കുട്ടിയുടെയും പോഷകാഹാര കുറവും കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ്. ലോകത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സ്വകാര്യ ചെലവുള്ളതും ഏറ്റവും കുറഞ്ഞ പൊതുജനാരോഗ്യ ചെലവുകളുള്ളതും ഇന്ത്യയാണ്. ഇത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അവരുടെ മൊത്തം ആരോഗ്യ ചെലവിന്റെ 43 ശതമാനം മരുന്നുകള്‍ക്കും 28 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും 7.42 ശതമാനം സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമായി വീതം വെക്കുന്നു. ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ 74 ശതമാനം ഔട്ട്പേഷ്യന്റ് പരിചരണവും 65 ശതമാനം ആശുപത്രി ചികിത്സയുമായി സ്വകാര്യ മേഖലയാണ് ആരോഗ്യ സംരക്ഷണത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്.

തൊഴിലില്ലായ്മയെ പറ്റി നടത്തിയ പല സര്‍വേകളും ഈ വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാര മുതലാളിത്തം ഔദ്യോഗികമായി നടപ്പിലാക്കാന്‍ തുടങ്ങിയ 1991ല്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമായിരുന്നെങ്കില്‍ 2020 ല്‍ അത് 8 ശതമാനവും 2021ല്‍ അത് 5.8 ശതമാനവുമായി തുടരുന്നു. എന്നാല്‍ CMIEയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2022 ജൂലൈ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 7.19 ശതമാനമാണ്.

സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഫീസ് അടക്കാത്തതിനാല്‍ 35 ശതമാനം കുട്ടികള്‍ക്ക് ഇപ്പോഴും വിദ്യാഭ്യാസം തുടരാനാവാത്ത സമൂഹത്തിലാണ് ഇത് നടപ്പിലാക്കുന്നത് !

ആറുവയസിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ 71.8 ശതമാനം മാത്രമാണ് എപ്പോഴെങ്കിലും സ്‌കൂളില്‍ പോയിട്ടുള്ളത്. ഇത് ഗ്രാമ പ്രദേശങ്ങളില്‍ 66.8 ശതമാനമാണ്. പുരുഷന്മാരില്‍ 84.4 ശതമാനം സാക്ഷരരാണെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ അത് 71.5 ശതമാനം മാത്രമാണ്. എന്നാല്‍ ഗ്രാമപ്രദേശത്തെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 65.9 ശതമാനം മാത്രമാണ്. സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഫീസ് അടക്കാത്തതിനാല്‍ 35 ശതമാനം കുട്ടികള്‍ക്ക് ഇപ്പോഴും വിദ്യാഭ്യാസം തുടരാനാവാത്ത സമൂഹത്തിലാണ് ഇത് നടപ്പിലാക്കുന്നത് ! സ്വകാര്യ സ്‌കൂളുകള്‍ പൊതുവെ നഗരകേന്ദ്രീകൃതവും, നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലങ്ങളിലും മാത്രം സ്ഥാപിക്കപ്പെടുന്നു. നാട്ടിന്‍പുറങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കുകയാണ്. ആറു മുതല്‍ പതിനാലു വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുള്ള രാജ്യത്താണ് ഇത് സംഭവിക്കുന്നത്.

സാമൂഹ്യമായി ഏറ്റവും അവശതയനുഭവിക്കുന്നവരാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഈ വിഭാഗങ്ങള്‍ക്കെതിരെ 2020 ല്‍ നടന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനത്തിലധികം വര്‍ധനവുണ്ടായി എന്നാണ്. 'പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ പഴയ കാര്യമല്ല. അവ ഇന്നും നമ്മുടെ സമൂഹത്തില്‍ യാഥാര്‍ത്ഥ്യമായി തുടരുന്നു' എന്ന് സുപ്രീംകോടതി റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം വര്‍ഷവും പറയുകയുണ്ടായി.[22] ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ പ്രോത്സാഹിപ്പിക്കുമെന്നും എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും സാമൂഹിക അനീതിയില്‍ നിന്ന് അവരെ സംരക്ഷിക്കും എന്നും പ്രഖ്യാപിക്കുന്ന ഭരണഘടനയാണ് 1950 മുതല്‍ ഇവിടെ നിലനില്‍ക്കുന്നത്.[23] ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ സംശയാതീതമായി പറയാവുന്ന ഒരു കാര്യം കഴിഞ്ഞ എഴുപതിറ്റാണ്ടിലധികമായി ഇന്ത്യയില്‍ നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹ്യ നയങ്ങള്‍ സോഷ്യലിസമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സോഷ്യലിസ്റ്റ് അല്ലെന്നുമാണ്.

ഉപസംഹാരം

ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍, സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍, സ്വാതന്ത്ര്യ പ്രേമികള്‍ ജീവന്‍ ബലിയര്‍പ്പിച്ചു നേടിയ മഹത്തായ സ്വാതന്ത്ര്യം ദാരിദ്ര്യമില്ലാത്ത, ചൂഷണമില്ലാത്ത, വിവേചനങ്ങളില്ലാത്ത, ഒരു സമൂഹ നിര്‍മാണത്തിനുതകും എന്നായിരുന്നു സ്വപ്നം കണ്ടത്. ദേശീയ നേതാക്കള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍ അവിടെ തയ്യാറാക്കപ്പെടുന്നത് സമത്വാധിഷ്ഠിതമായ, ഭൂപ്രഭുത്വത്തെയും മുതലാളിത്തത്തെയും ഇല്ലായ്മചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് ഭരണഘടന ആയിരിക്കുമെന്നാണ് ദരിദ്രകോടികള്‍ സ്വപ്നം കണ്ടത്. എന്നാല്‍ ഭൂപ്രഭുത്വത്തെ സംരക്ഷിക്കുന്ന, സ്വത്തുടമസ്ഥതയെ പരമപ്രധാനമായി കണക്കാക്കുന്ന ലക്ഷണമൊത്ത ഒരു ബൂര്‍ഷ്വ ഭരണഘടനയാണ് പുറത്തു വന്നത്. സോഷ്യലിസത്തിന്റെ യാതൊരു തത്വങ്ങളെയും സ്വാംശീകരിക്കാത്ത ഒന്നായിരുന്നു അത്.

1949-ല്‍ ഭരണഘടനയുടെ അന്തിമരൂപം അവതരിപ്പിച്ചുകൊണ്ട് അതിന്റെ മുഖ്യ ശില്പി ഡോ. അംബേദ്കര്‍ ഇങ്ങനെ പറയുകയുണ്ടായി: ''1950 ജനുവരി 26-ന് നമ്മള്‍ വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വവും സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ അസമത്വവും ഉണ്ടാകും.....ഈ വൈരുധ്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യണം...'' എന്നാല്‍ ആ വൈരുധ്യങ്ങളെ നിയമനിര്‍മാണങ്ങളിലൂടെ നീക്കം ചെയ്യാം എന്ന സ്വപ്നം നടപ്പിലായില്ല. അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് മാര്‍ക്‌സ് പ്രസക്തമാവുന്നത്. നിയമ നിര്‍മാണ, നിര്‍വഹണ ചട്ടക്കൂടും സ്ഥാപനങ്ങളുംഅടങ്ങുന്ന ഭരണകൂടം ആ വൈരുധ്യങ്ങളടങ്ങുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെ തന്നെ സൃഷ്ടിയായിരുന്നു. തലച്ചോറും ഹൃദയവും ഉടലും മുതലാളിത്തത്തിനും ഭൂപ്രഭുത്വത്തിനുമായി നിലകൊള്ളുകയും അതേസമയം നെറ്റിയില്‍ സോഷ്യലിസത്തിന്റെ പൊട്ടണിയുകയും ചെയ്യുന്ന വൈചിത്ര്യമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ദര്‍ശിക്കാവുന്നത്. സോഷ്യലിസമെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന പരിഷ്‌കരണവാദ സംഹിതകളാലാണ് ഇതിന്റെ അടിത്തറ പണിഞ്ഞിരിക്കുന്നത്. എന്നാല്‍ അക്കാരണത്താല്‍ ഇത് പൂര്‍ണമായും ജനവിരുദ്ധമാണെന്നോ തിരസ്‌കരിക്കപ്പെടേണ്ടതാണെന്നോ അര്‍ഥമാക്കുന്നില്ല. ഒരാള്‍ ഒരു വോട്ട് എന്ന റിപ്പബ്ലിക്കന്‍ തത്വം വര്‍ണാധിപത്യം നിലനിന്ന സമൂഹത്തില്‍ ഒരു വലിയ നേട്ടം തന്നെയാണ്. ബൂര്‍ഷ്വ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വഭാവ ഗുണങ്ങളെ ഇത് ഉള്‍ക്കൊള്ളുന്നുണ്ട്.

പരിഷ്‌കരണ നയങ്ങള്‍ നടപ്പിലാക്കാനുള്ള ഒട്ടനവധി വകുപ്പുകളും ഇതില്‍ത്തന്നെയുണ്ട്. പരിമിതമായ ഈ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്ന വിഭാഗീയ, വിഘടന ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയമായും സാമൂഹ്യമായും പ്രബലമാകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍, ഈ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും മതേതര സംസ്‌കൃതിയെയും പരിരക്ഷിച്ചുകൊണ്ടല്ലാതെ ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനോ മുന്നോട്ടുപോകാനോ ഈ ജനതക്ക് കഴിയില്ല. പതിറ്റാണ്ടുകള്‍ നീണ്ട ത്യാഗോജ്വലമായ വിമോചനപ്പോരാട്ടങ്ങളുടെ സൃഷ്ടിയാണ് ദേശീയസ്വാതന്ത്ര്യവും ഭരണഘടനയും. അവയെ തള്ളിപ്പറയാനോ അതില്‍ ഇല്ലാത്തത് കൊട്ടിഘോഷിച്ച് മഹത്വവല്‍ക്കരിക്കാനോ അല്ല ഈ കാലഘട്ടം ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നത്. മറിച്ച് യാഥാര്‍ഥ്യ ബോധത്തോടുകൂടി അവയെ അംഗീകരിക്കാനും അതില്‍ ചുവടുറപ്പിച്ചു നിന്നുകൊണ്ട് ശാസ്ത്രീയ സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മിതിക്കാവശ്യമായ പാര്‍ലമെന്ററി പ്രക്ഷോഭങ്ങളെയും കര്‍ഷക, തൊഴിലാളി, ബഹുജന പാര്‍ലമെന്റേതര സമരങ്ങളെയും മുന്നോട്ടുകൊണ്ടുപോകാനുമാണ്.

(ഭരണഘടനാ നിയമത്തിൽ ഡോക്ടറേറ്റുള്ള ഡോ. കെ. ഗോപകുമാർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, നിയമവിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസ്സർ ആയിരുന്നു.ദേശീയ അന്തർദേശീയ അക്കാദമിക് പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും ഒട്ടനവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

drkgopakumar@gmail.com)

[1] Karl Marx: Critique of the Gotha Program

[2] Erich Fromm (1961), Marx's Concept of Socialism

[3] Che Guevara, Second Economic Seminar of Afro-Asian Solidarity in Algiers, 24 February 1965

[4] ഇ.എം.എസ്. ഇന്ത്യൻ ഭരണഘടനയും സോഷ്യലിസവും, ആർ.ആർ. ഖലേ സ്മാരക പ്രസംഗം, ഗൊഖ്‌ലേ ഇൻസ്റ്റിറ്റ്യൂട്ട്, പൂണെ; Hari Chand, Class Character of the Indian Constitution, Social Scientist, 1975, Vol. 3, No. 8

[5] 2022 ജൂലൈ 3 ന് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗവും അതിന്മേലുള്ള രാജിയും.

[6] John Gallagher (1983), The Decline, Revival and Fall of the British Empire

[7] Constituent Assembly Debates Vol I. 17th December 1946

[8] https://rsdebate.nic.in

[9] D.S. Nakara v. Union of India AIR 1983 SC 13

[10] State of Karnataka v Shri. Ranganatha Reddy (1997) 4 SCC 471.

[11] Samatha vs State Of Andhra Pradesh AIR 1997 SC 3297.

[12] Shankari Prasad v. Union of India AIR 1951, Sajjan Singh v. State of Rajasthan, AIR 1965, Golak Nath v. State of Punjab AIR 1967, Kesavananda Bharati v. State of Kerala, AIR 1973

[13] Golak Nath v. State of Punjab AIR 1967

[14] Kesavananda Bharati v. State of Kerala, AIR 1973

[15] D.D. Kosambi, On the Class Structure of India, Exasperating Essays

[16] കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ, 1848

[17] Suniti Kumar Ghosh, India and the Raj

[18] സി.പി.ഐ (എം) പാർട്ടി പരിപാടി ഖണ്ഡിക 6.1

[19] Balco Employees Union v. Union of India AIR 2002 SC 382

[20] Centre For Public Interest Litigation v. Union of India, Writ Petition (civil) 171 of 2003

[21] National Confederation of Officers Association of CPSE v. Union of India, Writ Petition (C) No 229 of 2014

[22] Hariram Bhambhi vs Satyanarayan & Anr. in Criminal Appeal No. 1278 of 2021

[23] അനുഛേദം 46

logo
The Fourth
www.thefourthnews.in