തക്കാളി കൈ പൊള്ളിക്കുന്നതെന്ത്?
ഉത്തരമുണ്ട് കോലാറിൽ

തക്കാളി കൈ പൊള്ളിക്കുന്നതെന്ത്? ഉത്തരമുണ്ട് കോലാറിൽ

എന്താണ് നമ്മുടെ ആഭ്യന്തര തക്കാളി ചന്തയിൽ നടക്കുന്നത്?
Updated on
3 min read

രാജ്യത്തെ തക്കാളി വില സെഞ്ച്വറി അടിച്ചതിന്റെ കാരണം തേടിപോയാൽ നമ്മൾ ചെന്നെത്തുക കർണാടകയിലെ കോലാറിലാണ്. എന്താണ് തക്കാളി വിലക്കയറ്റവും കോലാറും തമ്മിലുള്ള ബന്ധം? തക്കാളി വില കുതിച്ചുയരുന്നത് കാണുന്ന ഉപഭോക്താക്കൾ നെടുവീർപ്പിടുമ്പോൾ സന്തോഷിക്കുകയാണോ കർഷകർ? എന്താണ് നമ്മുടെ ആഭ്യന്തര തക്കാളി ചന്തയിൽ നടക്കുന്നത്?

ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കോലാറിലെ തക്കാളി കർഷകർ അത് ശ്രദ്ധിച്ചത്. തക്കാളി ചെടികളുടെ ഇലയിൽ വെളുത്ത നിറത്തിലൊരു വസ്തു. അധികം വൈകാതെ ആ ഇലകൾ ചുരുണ്ടു തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ ഉണങ്ങി തുടങ്ങി, ചെടികളിൽ ഒന്നാകെ ഇതേ അവസ്ഥ. തക്കാളി ചെടി ശോഷിച്ചു, വൈകാതെ തക്കാളികൾ ഉതിർന്നു പോയി. കൃഷി വകുപ്പിനെ കാര്യമറിയിച്ചു, കുറച്ചു താമസിച്ചെങ്കിലും സാമ്പിളുകൾ ശേഖരിക്കാൻ ആളെത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികോർപ് റീസർച്ചിലെ ഗവേഷകർ ഇതേ കുറിച്ച് പഠിച്ചു. വൈറസ് ബാധ എന്ന് സ്ഥിരീകരിച്ചു.

വൈറസ് ബാധ അലട്ടുന്നതിനിടയിലും കർഷകർ കൃഷിയിറക്കി. മേയ് മുതൽ ഡിസംബർ വരെയുള്ള മാസക്കാലങ്ങളിൽ രാജ്യത്തെ തക്കാളി ആവശ്യത്തിൽ 75 ശതമാനവും നിറവേറ്റേണ്ട തക്കാളി പാടങ്ങളാണ് കോലാറിലേത്. വിളവെടുപ്പ് ആകുമ്പോഴേക്കും വൈറസ് ബാധ അവസാനിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക്. വൈറസ് പ്രതീക്ഷകളെ തകിടം മറിച്ചതോടെ ജൂൺ മാസത്തിൽ വിതരണം ഉറപ്പു നൽകിയ തക്കാളിപെട്ടികളൊന്നും കോലാർ ചന്തയിൽ എത്തിയില്ല. ഇതോടെ തക്കാളി കിട്ടാക്കനിയായി, രാജ്യത്തെ തക്കാളി വില ഇന്ധന വിലയേക്കാൾ മുകളിലെത്തി.

തക്കാളി കൈ പൊള്ളിക്കുന്നതെന്ത്?
ഉത്തരമുണ്ട് കോലാറിൽ
തക്കാളി പൊള്ളുന്നു; വിലക്കയറ്റത്തിന്റെ കാരണം ഇതാ ഇവിടെയുണ്ട്

എല്ലാ വർഷവും കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്കും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിലേക്കും മെയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ തക്കാളി കയറ്റി അയക്കുന്നത് ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി കമ്പോളമായ കോലാർ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ് സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റിയിൽ (എപിഎംസി) നിന്നാണ്. ഈ കാലയളവിൽ കോലാറിലെ കാലാവസ്ഥ ഗുണമേന്മയുള്ള തക്കാളി ഉത്പാദനത്തിനുതകുന്നതാണ്. ആന്ധ്രാ പ്രദേശ്, തമിഴ് നാട് ഉൾപ്പടെയുള്ള തക്കാളി ഉത്പാദക സംസ്ഥാനങ്ങളുണ്ടെങ്കിലും ഈ സമയത്തെ അവിടങ്ങളിലെ കാലാവസ്ഥ തക്കാളിയുടെ ഗുണ നിലവാരത്തിൽ വ്യതിയാനമുണ്ടാക്കാറുണ്ട്. കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾ കോലാറിന്റെ തക്കാളികളെയാണ് ആശ്രയിക്കാറ്. അവിടെയാണ് ഇത്തവണ വൈറസ് വില്ലനായത്.

വൈറസ് ബാധയേറ്റ തക്കാളി ഇലകൾ
വൈറസ് ബാധയേറ്റ തക്കാളി ഇലകൾ

"മൂന്നേക്കറിൽ ഞാൻ തക്കാളി കൃഷി ഇറക്കി. ഇത്തവണ മുഴുവൻ വൈറസാണ്. എന്തൊക്കെ ചെയ്തിട്ടും വൈറസ് പോകുന്നില്ല. നൂറു പെട്ടി തക്കാളി കിട്ടേണ്ട ഇടത്ത് ഇത്തവണ 20 പെട്ടിയാണ്‌ എനിക്ക് കിട്ടിയത്," ചിന്താമണിയിലെ തക്കാളി പാടത്തുനിന്ന് കോലാർ എപിഎംസിയിൽ വന്നതാണ് ചിക്കയ്യപ്പ.

"5000 പെട്ടി വരെ കിട്ടിയിരുന്നു കഴിഞ്ഞ വർഷം. വൈറസ് കാരണം ഇത്തവണ 2000 പെട്ടിയാണ്‌ കിട്ടിയത്. അത് തന്നെ വിലക്കയറ്റത്തിന് കാരണം" ശഹീദ് എന്ന കർഷകൻ.

ഈ കഴിഞ്ഞ ജൂണിൽ 3.32 ലക്ഷം ക്വിന്റൽ തക്കാളിയാണ് ചന്തയിൽ എത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കു നോക്കിയാൽ ഇത്തവണ വെറും 40 % തക്കാളി മാത്രമാണ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ് സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റിക്ക് ( കിട്ടിയതെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുന്നു സെക്രട്ടറി വിജയലക്ഷ്മി.

കോലാർ തക്കാളി കമ്പോളത്തിലെ ലേലം വിളി
കോലാർ തക്കാളി കമ്പോളത്തിലെ ലേലം വിളി

തക്കാളി വില സെഞ്ച്വറി അടിച്ചത് കണ്ട് നമ്മൾ കരുതും കർഷകർക്ക് ഇത്തവണ കോളടിച്ചെന്ന്. ഈ വൈറസ് ബാധയെ കുറച്ചെങ്കിലും പ്രതിരോധിച്ചു തക്കാളി വിളവെടുത്തു വരുമ്പോഴേക്കും നല്ലൊരു തുകയുടെ നഷ്ടകണക്കാണ് അവർക്ക് പറയാനുള്ളത്. 45 ദിവസങ്ങൾകൊണ്ട് വിളവെടുത്തിരുന്ന തക്കാളി പഴങ്ങൾ ഈ വൈറസ് ബാധ കാരണം പാകമാകാൻ എടുക്കുന്നത് 70 മുതൽ100 ദിവസങ്ങൾ വരെയാണ്.

വൈറസ് ബാധയ്ക്ക് അടുത്തൊന്നും പരിഹാരമായില്ലെങ്കിൽ ഈ സീസണിൽ തക്കാളി വില നൂറു രൂപയിൽ നിന്ന് താഴേക്ക് വരുമെന്ന പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് കോലാറിലെ കർഷകർ നൽകുന്ന മുന്നറിയിപ്പ്

സമയനഷ്ടവും ധനനഷ്ടവുമാണ് ഈ സീസൺ തക്കാളി കർഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കർഷകർ നേരിടുന്ന വൈറസ് പ്രശ്നത്തിന് ശാസ്ത്രീയമായ ഒരു പരിഹാരവും ഇതുവരെ ആരും നിർദേശിച്ചിട്ടില്ല. കർണാടക കൃഷി വകുപ്പ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കീടനാശിനി കൂടുതലായി പ്രയോഗിക്കുകയാണ് കർഷകർ. ഇതിനായി പതിവിലുമധികം പണച്ചെലവുണ്ട്. മുടക്കു മുതലിന്റെ 40 ശതമാനമെങ്കിലും തിരിച്ചു പിടിച്ചില്ലെങ്കിൽ അടുത്ത സീസണിൽ കൃഷി ഇറക്കാനാവില്ല. വൈറസ് ബാധയ്ക്ക് അടുത്തൊന്നും പരിഹാരമായില്ലെങ്കിൽ ഈ സീസണിൽ തക്കാളി വില നൂറുരൂപയിൽ നിന്ന് താഴേയ്ക്ക് വരുമെന്ന പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് കോലാറിലെ കർഷകർ നൽകുന്ന മുന്നറിയിപ്പ്.

logo
The Fourth
www.thefourthnews.in