രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ പുരുഷന്മാർ; വിവാഹിതരുടെ സ്ഥിതി കൂടുതൽ ആശങ്കാജനകം

രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ പുരുഷന്മാർ; വിവാഹിതരുടെ സ്ഥിതി കൂടുതൽ ആശങ്കാജനകം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ
Updated on
1 min read

ഇന്ത്യയിൽ പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് സ്ത്രീകളെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്ന് പഠനം. ഏഴ് വർഷത്തിനിടെ പുരുഷന്മാരുടെ ആത്മഹത്യകൾ മൂന്നിലൊന്ന് വർധിച്ചതായും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആത്മഹത്യാ രീതികൾ മാറുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ.

ദ ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ആത്മഹത്യാ രീതികൾ മാറുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്

2014ൽ രാജ്യത്ത് 42,521 സ്ത്രീകളും 89,129 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. 2021ൽ ഈ അനുപാതം 2.64 മടങ്ങായി ഉയർന്നു. 45,026 സ്ത്രീകൾ സ്വയം ജീവനെടുത്തപ്പോൾ 1,18,979 പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്.

വിവാഹിതരായ പുരുഷന്മാരിൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് ദ ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2021-ൽ, വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയും പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളായിട്ടുണ്ട്. പുരുഷന്മാരിൽ സമൂഹം അടിച്ചേൽപ്പിക്കുന്നു പുരുഷാധിപത്യ ബോധവും ഒരു കാരണമാകുന്നുവെന്ന് പഠനം പറയുന്നു. 'പുരുഷത്വം' നിലനിർത്താൻ കഴിയാതെ വരുന്നത് പലരെയും ബാധിക്കുന്നുണ്ട്. സ്‌ത്രീകൾക്കിടയിലെ ആത്മഹത്യ കുറയുന്നത്‌ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന മെച്ചപ്പെട്ട സംവിധാനങ്ങളെ സൂചിപ്പിക്കുന്നതാവാമെന്നാണ് പഠനം അഭിപ്രായപ്പെടുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും 18-29 പ്രായത്തിലുള്ളവരാണ് ആത്മഹത്യ ചെയ്യുന്നത്.

30-44 വയസ്സിനിടയിലുള്ള പുരുഷന്മാരിലാണ് ആത്മഹത്യാ മരണനിരക്ക് ഏറ്റവും ഉയർന്നത്

2014-2021 കാലഘട്ടത്തിൽ രാജ്യത്ത് നടക്കുന്ന ആത്മഹത്യകളുടെ ആൺ-പെൺ അനുപാതം 1.9: 2.5 എന്നതിൽനിന്ന് 2.4: 3.2 എന്നതിലേക്ക് ഉയർന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ തന്നെ കുടുംബപ്രശ്‌നങ്ങൾ കാരാണ്മയുള്ള പുരുഷന്മാരുടെ ആത്മഹത്യകളിൽ 107.5 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ഇതേകാരണം കൊണ്ട് മരണം തിരഞ്ഞെടുക്കുന്ന സ്ത്രീകൾ ഇതിന്റെ പകുതി മാത്രമാണ്. 30-44 വയസ്സിനിടയിലുള്ള പുരുഷന്മാരിലാണ് ആത്മഹത്യാ മരണനിരക്ക് ഏറ്റവും ഉയർന്നത്.

18-29 വയസ്സിനിടയിലെ ആത്മഹത്യകളിലും വലിയ വർധനവുണ്ട്. മൊത്തത്തിൽ, 2014 നും 2021 നും ഇടയിൽ ഇന്ത്യൻ പുരുഷന്മാരുടെ ആത്മഹത്യാ കേസുകൾ സ്ത്രീകളെ അപേക്ഷിച്ച് 5.89 ശതമാനം വർധിച്ച് 33.5 ശതമാനമായി മാറി.

വിദ്യാഭ്യാസം നേടുന്ന സ്ത്രീകൾക്കിടയിലെ ആത്മഹത്യാനിരക്ക് കുറഞ്ഞുവെങ്കിലും പുരുഷന്മാരിൽ ആ മാറ്റമില്ല. ദിവസവേതന തൊഴിലാളികളിലാണ് ആത്മഹത്യാ സാധ്യത കൂടുതൽ. സ്ത്രീകൾക്കിടയിലെ ആത്മഹത്യാ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഏറ്റവും കൂടുതൽ സ്ത്രീ ആത്മഹത്യകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.

logo
The Fourth
www.thefourthnews.in