തൊപ്പിയുടെ വെർബൽ റേപ്പുകളും തെറിവിളികളും ട്രോമകൾക്ക് ന്യായീകരണം അർഹിക്കുന്നുണ്ടോ?

തൊപ്പിയുടെ വെർബൽ റേപ്പുകളും തെറിവിളികളും ട്രോമകൾക്ക് ന്യായീകരണം അർഹിക്കുന്നുണ്ടോ?

തൊപ്പി സൃഷ്ടിക്കാൻ പോകുന്ന സാമൂഹികാഘാതങ്ങളെക്കുറിച്ച് ഒരു വിഭാഗം സംസാരിക്കുമ്പോൾ മറ്റൊരു വിഭാഗം അയാളുടെ പ്രവൃത്തികളെ അത്ര ഭീകരമായി കാണേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്
Updated on
3 min read

തൊപ്പി എന്ന മുഹമ്മദ് നിഹാദ്, സമൂഹത്തിന്റെ മുഖ്യധാരയിലും സമൂഹമാധ്യമങ്ങളിലും കുറച്ച് ദിവസങ്ങളായി നടക്കുന്ന ഭൂരിഭാഗം ചർച്ചകളും ഈ ഇരുപത്തിനാലുകാരനെ കുറിച്ചാണ്. ലക്ഷങ്ങൾ ആരാധകരായുള്ള ഈ യുവാവ് യുട്യൂബറും ഗെയിമറുമാണ്. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ ഒരു ഉദ്‌ഘാടനച്ചടങ്ങിനെത്തിയ നിഹാദിനെ കാണാനെത്തിയ ആരാധകരുടെ ഉന്തും തള്ളും വലിയ വാർത്തകൾ സൃഷ്ടിച്ചു.

ആറ് ലക്ഷം പേർ പിന്തുടരുന്ന യുട്യൂബറായ നിഹാദിനെ പ്രശസ്തനാക്കിയത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളോ ക്രിയാത്മകതയോ മറ്റ് കഴിവുകളോ അല്ല. ലൈവുകളിൽ വന്നിരുന്ന് അയാൾ വിളമ്പുന്ന അസഭ്യവും സ്ത്രീവിരുദ്ധതയും വയലന്റായ ശരീരഭാഷയുമാണ്. അൽപ്പം അമ്പരപ്പുണ്ടാക്കുന്ന കാര്യമാണെങ്കിലും സത്യമാണത്. പ്രബുദ്ധ മലയാളികളിൽ ഒരുകൂട്ടം, അതും ഭൂരിഭാഗവും കുട്ടികൾ അയാളെ പിന്തുടരുന്നത് ഇതെല്ലാം കണ്ടാണ്.

തൊപ്പിയുടെ വെർബൽ റേപ്പുകളും തെറിവിളികളും ട്രോമകൾക്ക് ന്യായീകരണം അർഹിക്കുന്നുണ്ടോ?
തെറിപ്പാട്ട്, ഗതാഗതം തടസപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടെ യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

വളാഞ്ചേരിയിൽ ഉദ്‌ഘാടനത്തിന് വന്നിറങ്ങിയ തൊപ്പിയുടെ ദർശനം ലഭിക്കാനെത്തിയ കുട്ടി ആരാധകർ പറയുന്നത് ഏറ്റവും ഇഷ്ടം അയാളുടെ തെറിവിളിയാണെന്നാണ്. മറ്റൊരു വിഭാഗം കുട്ടികൾക്കിഷ്ടം തൊപ്പിയുടെ 'പൊട്ടത്തരമാണ്'. വളർന്നുവരുന്ന തലമുറ പൊട്ടത്തരം എന്ന വിശേഷണം ചാർത്തിക്കൊടുക്കുന്നത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വച്ച് വെർബൽ റേപ്പ് നടത്തുന്ന, വാ തുറന്നാൽ അസഭ്യം മാത്രം പറയുന്ന ഒരാൾക്കാണ്.

അയാളെ കാണാൻ വളാഞ്ചേരിയിൽ തടിച്ചുകൂടിയ അത്രയും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഈ മനുഷ്യൻ ചെലുത്തുന്ന സ്വാധീനം എന്താണ്? വായിൽ തോന്നിയതെന്തും വിളിച്ചുപറയുന്ന, വയലന്റായ ശരീരഭാഷയും ചേഷ്ടയുമായി പ്രത്യക്ഷപ്പെടുന്ന ഇയാളെ വളരെ ചെറുപ്രായത്തിൽ തന്നെ പിന്തുടരുന്ന കുട്ടികൾ ഭാവിയിൽ എത്തിച്ചേരാൻ പോകുന്നത് എവിടെയാണ്? റേപ്പ് ജോക്കുകളും സ്ത്രീവിരുദ്ധ തമാശകളും കുട്ടികൾക്ക് മുൻപിൽ വിളമ്പുന്ന ഇയാളുടെ മാനസിക വൈകല്യം ആഘോഷിക്കപ്പെടേണ്ടതുണ്ടോ?

ട്രോമയിൽ കൂടി കടന്നുപോകുന്ന എല്ലാവരും ഇതുപോലുള്ള പ്രവൃത്തികൾ ചെയ്യണമെന്നില്ല. അതിജീവിക്കുന്നവർ ഒരുപാടുണ്ട്. പലപ്പോഴും ചെറുപ്പകാലത്ത് കടന്നുപോയ അപ്രിയ അനുഭവങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന ഒരു രീതി നിരവധിപേരിൽ കണ്ടുവരാറുണ്ട്. അതിനുപകരം അവിടെനിന്ന് അതിജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഞാൻ ഇരയാണ് എന്ന അവസ്ഥയിൽനിന്ന് അതിനെ അതിജീവിച്ചുവെന്ന അവസ്ഥയിലേക്ക് മാറണം
ഡോ. സി ജെ ജോൺ

പല തരത്തിൽ തൊപ്പി ചർച്ചകളിൽ നിറയുമ്പോൾ പതിവുപോലെ അയാളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. തൊപ്പി സൃഷ്ടിക്കാൻ പോകുന്ന സാമൂഹികാഘാതങ്ങളെക്കുറിച്ച് ഒരു വിഭാഗം സംസാരിക്കുമ്പോൾ മറ്റൊരു വിഭാഗം അയാളുടെ പ്രവൃത്തികളെ അത്ര ഭീകരമായി കാണേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. അവരിൽ ചിലർ പരാമർശിച്ചത് അയാളുടെ ചൈൽഡ്ഹുഡ് ട്രോമകളെകുറിച്ചാണ്.

ട്രോമകളിൽ ജീവിക്കുന്ന തൊപ്പിയെ മനസിലാക്കാൻ ശ്രമിക്കൂയെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. "അയാൾ ചെയ്യുന്നതെല്ലാം അയാളുടെ വീട്ടുകാർക്കെതിരായ കലാപമാണ്. ചൈൽഡ്ഹുഡ് ട്രോമ എന്താണെന്ന് മനസ്സിലാവാത്തവരാണ് അയാളെ ചീത്ത വിളിക്കുന്നത്," എന്നാണ് ഫേസ്ബുക്കിൽ ഒരാൾ കുറിച്ചത്.

തൊപ്പിയുടെ വെർബൽ റേപ്പുകളും തെറിവിളികളും ട്രോമകൾക്ക് ന്യായീകരണം അർഹിക്കുന്നുണ്ടോ?
യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ

അതെ, ബാല്യകാലത്ത് ധാരാളം അപ്രിയ അനുഭവങ്ങളിലൂടെ കടന്നുപോവുകയും അതിന്റെ പ്രത്യാഘാതങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന ആളാണ് നിഹാദ്. എന്നാൽ ഇപ്പോൾ, അയാൾ ചെയ്യുന്ന യാതൊരു വിധത്തിലും നല്ലതെന്ന് പറയാൻ സാധിക്കാത്ത കാര്യങ്ങളെ ഈ ട്രോമകളെ മുൻനിർത്തി ന്യായീകരിക്കാമോ?

ഒരാൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ചെയ്യുന്ന വില കുറഞ്ഞ എല്ലാ ആവിഷ്‌കാരങ്ങളെയും ചൈൽഡ്ഹുഡ് ട്രോമകളുമായി ബന്ധപ്പെടുത്താൻ സാധിക്കില്ലെന്നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ് ഡോ. സി ജെ ജോൺ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ചൈൽഡ്ഹുഡ് ട്രോമകൾ ഉണ്ടായിരുന്നുവെന്നതുകൊണ്ട് നമുക്കത് സാമാന്യവത്കരിക്കാൻ സാധിക്കില്ല. ഇതുപോലുള്ള, അല്ലെങ്കിൽ ഇതിലും താഴ്ന്ന ആവിഷ്കകാരങ്ങൾ ചെയ്യുന്ന യാതൊരുവിധ ട്രോമകളും ഇല്ലാത്ത ആളുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"ട്രോമയിൽ കൂടി കടന്നുപോകുന്ന എല്ലാവരും ഇതുപോലുള്ള പ്രവൃത്തികൾ ചെയ്യണമെന്നില്ല. അതിജീവിക്കുന്നവർ ഒരുപാടുണ്ട്. പലപ്പോഴും ചെറുപ്പകാലത്ത് കടന്നുപോയ അപ്രിയ അനുഭവങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന ഒരു രീതി ഒരുപാട് ആളുകളിൽ കണ്ടുവരാറുണ്ട്. ഇത്തരം അനുഭവങ്ങൾ ഉണ്ടാവുകയും പിന്നീട് അതിന്റെ ഇരയെന്ന രീതിയിൽ അവിടെ തുടരുകയും ചെയ്യുന്നു. അതിനുപകരം അവിടെ നിന്ന് അതിജീവിക്കാനാണ് ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്തവർ ഒരുപാടുണ്ട്. ഞാൻ ഇരയാണെന്ന അവസ്ഥയിൽനിന്ന് അതിനെ അതിജീവിച്ചുവെന്ന അവസ്ഥയിലേക്ക് മാറണം. അതിനാൽ ഇത്തരം ആവിഷ്കാരങ്ങളെ ട്രോമ മാത്രമായി ബന്ധിപ്പിക്കാൻ സാധിക്കില്ല,"-സി ജെ ജോൺ പറഞ്ഞു.

നമ്മൾ എന്താണ് ചെയ്യുന്നത്? അയാളുടെ മുൻകാല മാനസിക സംഘർഷങ്ങളെ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പ്രവൃത്തികളെ സാധൂകരിക്കുന്നു. അവൻ ഇരയാണെന്ന സാധൂകരണമാണ് ഏറ്റവും വലിയ അപകടം

കുടുംബത്തിൽനിന്നോ മറ്റുള്ളവരിൽനിന്നോ തനിക്ക് ലഭിച്ചിട്ടില്ലാത്ത അംഗീകാരവും ശ്രദ്ധയും നേടിയെടുക്കുകയെന്നതാവാം തൊപ്പിയെപ്പോലുള്ളവരുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെന്ന് ഡോ. ജോൺ പറയുന്നു. അയാളുടെ അത്രതന്നെ ശോഷണം സംഭവിച്ച ഒരു സമൂഹത്തിൽനിന്ന് ലഭിച്ച പ്രോത്സാഹനവും അംഗീകാരവുമാണ് ഇന്നത്തെ നിലയിലേക്ക് അയാളെ വളർത്തിയത്. അവിടെ അയാളോടൊപ്പം ബാക്കിയുള്ളവരും കുറ്റക്കാരാണ്.

സാമൂഹികമായ ഒരിടപെടൽ ഈ അതിജീവനത്തിനായി ഉണ്ടാകണം. ഒരു വ്യക്തി അപ്രിയ സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെന്ന് കാണുമ്പോൾ അതിനാവശ്യമായ സഹായം നൽകുകയെന്നത് പ്രധാനമാണ്. അങ്ങനെ ഒരാളെ അതിജീവനത്തിലേക്ക് നയിക്കുകയെന്നത് അയാളുടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്? അയാളുടെ മുൻകാല മാനസിക സംഘർഷങ്ങളെ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പ്രവൃത്തികളെ സാധൂകരിക്കുന്നു. അവൻ ഇരയാണെന്ന സാധൂകരണമാണ് ഏറ്റവും വലിയ അപകടം. അത് അവനും ഒപ്പം മുൻപ് സമാന രീതിയിൽ ഇരയാക്കപ്പെട്ട മറ്റുള്ളവർക്കും നൽകുന്ന സന്ദേശം എന്താണെന്ന് ചിന്തിച്ച് നോക്കൂ. നിങ്ങൾ നിസ്സഹായരാണ്, സമാനമായ അപ്രിയ അനുഭവങ്ങൾ മുൻകാലത്തുണ്ടെങ്കിൽ മാനസികസംഘർഷങ്ങളെ മറികടക്കാൻ എന്തും ചെയ്യാം എന്നതാണ്. നിങ്ങൾക്ക് ലഹരിക്കടിപ്പെടുകയോ സാമൂഹ്യവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. ഈ തെറ്റായ സന്ദേശമാണ് സമൂഹത്തിലെ മറ്റ് വ്യക്തികൾക്കും നമ്മൾ നൽകുന്നതെന്നും ഡോ. ജോൺ അഭിപ്രായപ്പെടുന്നു.

നമ്മുടെ ട്രോമകളും മാനസികസംഘർഷങ്ങളും മറ്റുള്ള മനുഷ്യരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാനോ അവരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കാനോ ലഭിക്കുന്ന ലൈസൻസ് അല്ല

നമ്മൾ കൂടുതൽ ഊന്നൽ കൊടുക്കേണ്ടത് നമ്മുടെ കുട്ടികൾ കടന്നുപോകുന്ന മനസികാവസ്ഥയിലേക്കാണെന്നും സി ജെ ജോൺ ചൂണ്ടിക്കാട്ടുന്നു. തൊപ്പിയുടെ ആരാധകരിൽ ഭൂരിഭാഗവും 18 വയസ്സിന് താഴെയുള്ളവരാണെന്ന് അടുത്തിടെയുണ്ടായ ഒരു പരിപാടിയിൽ നമ്മൾ കണ്ടതാണ്. അപ്പോൾ നമ്മൾ യഥാർത്ഥത്തിൽ സംസാരിക്കേണ്ടത് നമ്മുടെ കുട്ടികളുടെ മാനസികനിലയെക്കുറിച്ചാണ്.

തൊപ്പിയുടെ ട്രോമയേക്കാൾ കൂടുതൽ പൊതുസമൂഹം കൂടുതൽ ആകുലപ്പെടേണ്ടത് നമ്മുട യുവതലമുറ ഇത്രയധികം മോശമായ രീതിയിൽ പുറത്തുവിടുന്ന ഒരു ആവിഷ്കാരത്തിന് കയ്യടിച്ച് അതിനെ സാധൂകരിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നുവെന്നതിനെക്കുറിച്ചാണ്. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന ചോദ്യമാണ് നമ്മൾ സ്വയം ചോദിക്കേണ്ടത്. ഇത് യഥാർത്ഥത്തിൽ ഒരു മുന്നറിയിപ്പാണെന്നും ഡോ. സി ജെ ജോൺ പറഞ്ഞു.

നമ്മുടെ ട്രോമകളും മറ്റു മാനസിക സംഘർഷങ്ങളും മറ്റുള്ളവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാനോ അവരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കാനോ നമുക്ക് ലഭിച്ച ലൈസൻസ് അല്ല. കുറ്റവാസനയെ ട്രോമകളുടെ പേരിൽ ന്യായീകരിക്കുമ്പോൾ യഥാർത്ഥത്തിൽ സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശം ഇത് തന്നെയാണ്.

logo
The Fourth
www.thefourthnews.in