പൊന്നരിവാളമ്പിളിക്ക് 70 വയസ്

പൊന്നരിവാളമ്പിളിക്ക് 70 വയസ്

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം പുറത്തിറങ്ങിയിട്ട് 70 വർഷം
Updated on
1 min read

കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തേക്കറിച്ച് കേൾക്കാത്തവർ വിരളമാണ്. 70 വർഷം പിന്നിടുമ്പോഴും കണ്ട് മറന്ന ഒരു സ്വപ്നം വീണ്ടും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് പോലെയാണ് ഈ നാടകത്തെ ഇന്നും ആളുകൾ സ്വീകരിക്കുന്നത്. സാമൂഹികമാറ്റം സാർത്ഥകമായി തീർന്നതിന് അടിത്തറയായി നിന്നത് ഈ നാടകമാണെന്ന് എല്ലാവർക്കുമറിയാം. രാജാവോ, കൊട്ടാരമോ, പുരാണമോ ദൈവമോ ഒന്നുമല്ല ഇതിലെ കഥയും കഥാപാത്രങ്ങളും, മറിച്ച് ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ആളുകൾ ഇന്നും ആ നാടകം ഇഷ്ടപ്പെടുന്നതും.

നാടകവുമായിട്ട് ചെറുപ്പം മുതലേ എനിക്കൊരു ആഭിമുഖ്യം ഉണ്ടായിരുന്നു. ഈ 81-ാം വയസിലും അതിലൊരു മാറ്റവുമില്ല. ചേർത്തലയിൽ നിന്ന് 16 കിലോമീറ്റർ വടക്ക് പൂച്ചാക്കൽ ആണ് എൻ്റെ നാട്. 1952ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പുറത്തിറങ്ങുമ്പോൾ എനിക്ക് 11 വയസ്സ്. അന്നൊക്കെ നാടകം കാണാൻ എന്റെ അച്ഛനൊപ്പം ഞാനും പോകുമായിരുന്നു. ഞങ്ങളുടെ വീടിനു രണ്ട് കിലോമീറ്റർ അപ്പുറത്ത് പാണാവള്ളി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രവർത്തന കേന്ദ്രമായിരുന്നു. അവിടെ ചിറ്റയിൽ കൃഷ്ണൻ വൈദ്യൻ എന്ന ഒരു ആയുർവേദ വൈദ്യൻ ഉണ്ടായിരുന്നു. ആ കുടുംബത്തിൽ തന്നെയുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സി ജി സദാശിവൻ. വയലാർ സമരത്തിൻ്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. രണ്ട് പ്രാവശ്യം കരുനാഗപ്പള്ളിയിൽ നിന്ന് സിപിഐക്ക് വേണ്ടി മത്സരിച്ച് എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ്.

ഇവരുടെയൊക്കെ പ്രവർത്തനത്തിൻ്റെ ഭാഗമായി നമ്മുടെ പ്രദേശത്ത് മീറ്റിങ്ങുകൾ സംഘടിപ്പിക്കാറുണ്ട്. അങ്ങനെ ഒരു മീറ്റിങ്ങിനോട് അനുബന്ധിച്ചാണ് ആദ്യമായിട്ട് കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം പാണാവള്ളി പഞ്ചായത്തിൽ അവതരിപ്പിക്കുന്നത്. അത് 1955ൽ ആണ്. അപ്പൊ എനിക്ക് 14 വയസ്സ്. നാടകത്തിനു സാധാരണക്കാരുടെ ഇടയിൽ വളരെ പ്രചാരവും സ്വീകാര്യതയും ലഭിച്ചു. തുടർന്നാണ് 1957ൽ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി കേരളത്തിൽ ഉണ്ടാകുന്നത് തന്നെ.

അമ്പലങ്ങൾ അക്കാലത്ത് സവർണരുടേതായിരുന്നു. സവർണരുടെ അമ്പലങ്ങളിൽ കഥകളി മാത്രമേ അവതരിപ്പിക്കാൻ സമ്മതിച്ചിരുന്നുള്ളൂ. നാടകം ഒരു കാരണവശാലും അനുവദിക്കില്ല. പാർട്ടി മീറ്റിംഗുകളിലും എസ്എൻഡിപി അനുഭാവം ഉള്ള പ്രദേശങ്ങളിലും മാത്രമാണ് നാടകം അവതരിപ്പിച്ചിരുന്നത്. എന്റെ നാട്ടിൽ കൂടുതലും ഉള്ളത് സാധാരണക്കാരായ കയർ തൊഴിലാളികളും കർഷക തൊഴിലാളികളും ആണ്. അവരുടെ ഇടയിൽ ഈ നാടകം വന്നതോട് കൂടി ഒരു മാറ്റമുണ്ടായി. ഞങ്ങളുടെ ഒരു പരിപാടി എന്ന പോലെ സാധാരണക്കാർ നാടകം കാണാൻ തുടങ്ങി.

ഒരു ജനകീയ മാറ്റം കലാരംഗത്തുണ്ടായി. സാധാരണക്കാർ അവതരിപ്പിച്ചാലും അത് കലയാണെന്ന് സമൂഹത്തിൽ ഒരു ബോധം ഉണ്ടാക്കാൻ കെപിഎസിയുടെ നാടകത്തിനു സാധിച്ചു. ഗാനങ്ങളുടെ സ്വാധീന ശക്തി പറയാതിരിക്കാൻ വയ്യ. നാട് മുഴുവൻ ഒഎൻവിയുടെ രചനയിലുള്ള നാടകഗാനങ്ങൾ ഏറ്റുപാടി. സാമൂഹ്യമായിട്ട് ഒരു പരിവർത്തനത്തിനു സഹായിച്ച ഒന്നായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം.

logo
The Fourth
www.thefourthnews.in