വിചാരണ പോലുമില്ലാതെ പതിറ്റാണ്ടുകള്‍; മാനസിക വെല്ലുവിളിയുടെ പേരില്‍ ഫോറന്‍സിക് സെല്ലില്‍ ജീവിച്ച് തീര്‍ക്കുന്ന തടവുകാര്‍

40 വർഷത്തിലേറെയായി മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലുകളില്‍ തുടരുന്നവരുണ്ട്

മാനസിക വെല്ലുവിളി നേരിടുന്ന നിരവധി പേര്‍ കേരളത്തിലെ തടവറകളില്‍ വിചാരണ പോലുമില്ലാതെ കഴിയുന്നു. മാനസിക നില വീണ്ടെടുക്കാനാവാത്തതിനാല്‍ വിചാരണ പോലും നടക്കാതെ പതിറ്റാണ്ടുകളായി നീതിയുടെ വെളിച്ചം തേടുന്ന ഇവരില്‍ തടവറയില്‍ 40 വര്‍ഷം പുര്‍ത്തിയാക്കിയവരുള്‍പ്പെടെയുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഫോറന്‍സിക് സെല്ലുകളിലാണ് ഇവരുടെ ദുരിത ജീവിതം.

സാധാരണ തടവുകാരേക്കാള്‍ ദുരിതപുര്‍ണമാണ് ഇവരുടെ ജീവിതം. ഇരുള്‍ നിറഞ്ഞ ഒറ്റമുറിയില്‍ കിടക്കാനോ വിരിക്കാനോ എന്തിന് ധരിക്കാന്‍ പോലും ആവശ്യത്തിന് വസ്ത്രങ്ങളില്ലാതെ ജീവിതം തള്ളിനീക്കുന്നവരാണ് പലരും.

42 വർഷങ്ങള്‍ക്ക് മുൻപ് ജയിലിലെത്തിയതാണ് മോഹനൻ(യഥാർത്ഥ പേരല്ല). പിന്നീട് ഗുരുതരമായ മാനസിക പ്രശ്നങ്ങളെത്തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിലേക്ക് മാറ്റി. കഴിഞ്ഞ 27 വർഷമായി ചികിത്സയിലാണ്. മുരുകൻ (യഥാർത്ഥ പേരല്ല) ജയിലെത്തിയത് 39 വർഷങ്ങള്‍ക്ക് മുൻപാണ്. അന്ന് മുതല്‍ ഇന്ന് വരെ ജയിലില്‍ തന്നെ തുടരുകയാണ്. ഇത്തരത്തില്‍ 20 പേരാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ വിചാരണ നടത്താനാവാതെ കഴിയുന്നത്.

മാനസിക കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാരില്‍ 15 പേരെ മോചിപ്പിക്കുന്നതിന് 2016-ല്‍ സാമൂഹികനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ തടവുകാരില്‍ പലരുടെയും മോചനം ഇതുവരെയും സാധ്യമായിട്ടില്ല.

ഇത്തരത്തില്‍ മോചനമില്ലാതെ തടവറയില്‍ തളച്ചിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അഡ്വ. ജെ സന്ധ്യ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം ഫോറൻസിക് സെല്ലുകളില്‍ തുടരുന്നത് ഈ വ്യക്തികളുടെ മാനസികാരോഗ്യനിലയെ കാര്യമായി ബാധിക്കുമെന്ന് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ സൂപ്രണ്ട് സാഗർ ടി തേവലപ്പുറം പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in