ചെറുപ്പക്കാരിലെ ഹൃദ്രോഗം: പ്രധാന കാരണം 'സ്‌ട്രെസ്' എന്നു പഠനം

ചെറുപ്പക്കാരിലെ ഹൃദ്രോഗം: പ്രധാന കാരണം 'സ്‌ട്രെസ്' എന്നു പഠനം

ഇതുവരെ കരുതിയിരുന്ന അപകടഘടകങ്ങള്‍ക്കു പുറമേ സ്‌ട്രെസ് ആണ് യുവാക്കളിലെ ഹൃദ്രോഗത്തിനു പ്രധാന കാരണമെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍
Updated on
1 min read

ഇപ്പോള്‍ ഹൃദ്രോഗം ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണ്. ജീവിതശൈലിയിലെ അപാകതയാണ് പലപ്പോഴും ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതുവരെ കരുതിയിരുന്ന അപകടഘടകങ്ങള്‍ക്കു പുറമേ സ്‌ട്രെസ് ആണ് യുവാക്കളിലെ ഹൃദ്രോഗത്തിനു പ്രധാന കാരണമെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ബെംഗളൂരു ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കര്‍ഡിയോവാസ്‌കുലാര്‍ സയന്‍സ് അന്‍ഡ് റിസേര്‍ച്ചില്‍ പ്രവേശിപ്പിക്കപ്പെട്ട 18നും 45നും ഇടയില്‍ പ്രായമുള്ള ഹൃദ്രോഗികളിലായിരുന്നു പഠനം നടത്തിയത്.

2014നും 2020നും ഇടയില്‍ പ്രവേശിപ്പിക്കപ്പെട്ട 20 ശതമാനം ആളുകളിലും ഹൃദ്രോഗത്തിലേക്കു വഴിവയ്ക്കുന്ന അപകടഘകടങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പഠനം പറയുന്നു. പ്രിമെച്വര്‍ ഹാര്‍ട്ട്അറ്റാക്ക് സ്റ്റഡി എന്ന പേരില്‍ നടത്തിയ പഠനത്തില്‍ ഹൃദയാഘാതം ബാധിച്ചവരില്‍ എട്ട് ശതമാനും 45 വയസില്‍ താഴെയുള്ള സ്ത്രീകളായിരുന്നു. സ്ത്രീകളില്‍ കൂടിവരുന്ന ആ ഹൃദ്രോഗം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഡയറക്ടറും സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ.സി എന്‍ മഞ്ജുനാഥ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

മുപ്പതു വര്‍ഷം മുന്‍പവരെ ഹൃദ്രോഗ ബാധിതരായ സ്ത്രീകളുടെ എണ്ണം വളരെ കുറവായിരുന്നു. സ്ത്രീകളിലെ ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണം സ്‌ട്രെസ് ആണെന്ന് പഠനം അടിവരയിടുന്നു.

അമിത സ്‌ട്രെസ് രക്തത്തിലേക്ക് കൂടുതല്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഇത് ഹൃദയത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന രക്തധമനികള്‍ ചുരുങ്ങുന്നതിനു കാരണമാകും. സ്‌ട്രെസ് അനുഭവിക്കുന്നവരില്‍ ഹാര്‍ട്ട് റേറ്റ്, രക്തസമ്മര്‍ദം എന്നിവ കൂടുതലായി കാണുന്നു. ഇതെല്ലാം ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുകയാണ്.

വായുമലിനീകരണം, പോളിസിസ്റ്റിക് ഓവറി ഡിസീസ്, പ്രീ ഡയബറ്റിസ്, ഫാറ്റി ലിവര്‍, ഹോര്‍മോണിലെ അസംതുലിതാവസ്ഥ, മയക്കുമരുന്ന് ഉപയോഗം, ഡയറ്റിലെ മാറ്റങ്ങള്‍ എന്നിവ ഹൃദ്രോഗസാധ്യതയ്ക്കുള്ള മറ്റു കാരണങ്ങളായി പഠനം പറയുന്നു.

പഠനകാലയളവില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 51 ശതമാനം പുകവലിക്കാരും 20 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവ ബാധിച്ചവരും 30 ശതമാനം കൊളസ്‌ട്രോള്‍ ഉള്ളവരും 17 ശതമാനം പേര്‍ പാരമ്പര്യ രോഗസാധ്യതയുള്ളവരുമായിരുന്നു.

logo
The Fourth
www.thefourthnews.in