ഇനി 'നടന്ന്' പ്രമേഹത്തെ പ്രതിരോധിക്കാം, വെറുതേയല്ല, വേഗതകൂട്ടി നടക്കാം

ഇനി 'നടന്ന്' പ്രമേഹത്തെ പ്രതിരോധിക്കാം, വെറുതേയല്ല, വേഗതകൂട്ടി നടക്കാം

പതിവു നടത്തത്തിന്‌റെ വേഗത വര്‍ധിപ്പിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്
Updated on
1 min read

ടൈപ്പ് 2 പ്രമേഹം ഒരു ആഗോള ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജീവിതശൈലി പിന്തുടരുന്ന പലരിലും ടൈപ്പ് 2 പ്രമേഹം പൊതുവേ കാണപ്പെടുന്നുണ്ട്. പ്രമേഹത്തെ പ്രതിരോധിക്കാന്‍ നടത്തം സഹായിക്കുമെന്ന പുതിയ പഠനവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നടത്തത്തിന്‌റെ വേഗതയാണ്(വോക്കിങ് സ്പീഡ്) പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പതിവു നടത്തത്തിന്‌റെ വേഗത വര്‍ധിപ്പിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മുന്‍പ് മധ്യവയസ് പിന്നിട്ടവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളില്‍വരെ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടൈപ്പ് 1 പ്രമേഹത്തില്‍നിന്ന് വ്യത്യസ്തമായി, അപര്യാപ്തമായ ഇന്‍സുലിന്‍ ഉല്‍പാദനത്തിന്‌റെ ഫലമായി ശരീരത്തിന് ഫലപ്രദമായി ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും മറ്റ് സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഹാര്‍വഡ് ഹെല്‍ത് പറയുന്നു.

ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം നടത്തത്തിന്‌റെ വേഗതയും പ്രമേഹവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു. വേഗതയേറിയ നടത്തം, പ്രത്യേകിച്ച് മണിക്കൂറില്‍ നാലു കിലോമീറ്ററിനു മുകളിലുള്ള നടത്തം പ്രമേഹസാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു. മാത്രമല്ല, നടത്ത വേഗതയില്‍ ഓരോ അധിക കിലോമീറ്ററിനും അപകടസാധ്യത ഒന്‍പത് ശതമാനം കുറയുന്നു. പ്രമേഹത്തെ പ്രതിരോധിക്കാന്‍ നടത്തത്തിന്‌റെ വേഗത കൂട്ടേണ്ടതിന്‌റെ ആവശ്യം ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.

യുഎസ്എ, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളിലെ അരലക്ഷത്തിലധികം മുതിര്‍ന്നവരില്‍ ദീര്‍ഘകാലം നടത്തിയ പഠനത്തിന്‌റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഉല്ലാസപ്രദമായി കാണാതെ മണിക്കൂറില്‍ മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് 2പ്രമേഹസാധ്യത 15 ശതമാനം കുറയ്ക്കുമെന്ന് പഠനം പറയുന്നു. മണിക്കൂറില്‍ അഞ്ച് കിലോമാറ്ററില്‍ കൂടുതല്‍ വേഗതയില്‍ നടക്കുന്നത് രോഗസാധ്യത 39 ശതമാനം കുറയ്ക്കുന്നു.

നടത്തത്തിന്‌റെ വേഗതയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ പറയുമ്പോഴും പഠനത്തില്‍ പങ്കെടുത്തവരുടെ മറ്റു വിരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിട്ടില്ലെന്നത് പഠനത്തിലെ ഒരു പരിമിതിയായി ഗവേഷകര്‍ പറയുന്നു. മൊത്തത്തിലുള്ള ശാരീകപ്രവര്‍ത്തനങ്ങളും ആരോഗ്യവിവരങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും കാര്‍ഡിയോറസ്പിറേറ്ററി ഫിറ്റ്‌നസും മസില്‍ സ്‌ട്രെങ്തും വര്‍ധിപ്പിക്കുന്നതില്‍ നടത്തത്തിന്‌റെ വേഗത ആരോഗ്യത്തിന്‌റെയും പ്രമേഹത്തിന്‌റെയും വിലപ്പെട്ട സൂചകമായി വര്‍ത്തിക്കുന്നു.

പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രമേഹ പ്രതിരോധത്തിനായി വേഗതകൂട്ടിയുള്ള നടത്തത്തിന് എല്ലാവരും പ്രാധാന്യം കൊടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതുവഴി പ്രമേഹസാധ്യത കുറയ്ക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

logo
The Fourth
www.thefourthnews.in