ചർമത്തിലെ ചുളിവുകളും പ്രായവും കുറയ്ക്കാൻ കാപ്പി ബെസ്റ്റാ! പുതിയ പഠന റിപ്പോർട്ട്
ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളിലൊക്കെ നിങ്ങള്‍ക്ക് ആശങ്കയുണ്ടോ? എങ്കില്‍ കുറച്ചധികം കാപ്പി കുടിച്ചാല്‍ മതിയാകും. ജേണല്‍ ഓഫ് കോസ്മെറ്റിക്ക് ഡെർറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദിവസവും മൂന്നുമുതല്‍ അഞ്ച് കപ്പ് കാപ്പി കുടിക്കുന്നത് ചർമ്മത്തിന്റെ പ്രായം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കാപ്പിയിലുള്ള പോളിഫിനോള്‍സ് ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുമെന്നും ചുളിവുകള്‍ ഉണ്ടാകുന്നത് വൈകിപ്പിക്കുമെന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കട്ടൻകാപ്പിക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളൊ ആശുപത്രിയിലെ സീനിയർ ഡെർമറ്റോളജിസ്റ്റായ ഡോ. ഡി എം മഹാജൻ പറയുന്നത്.
പ്രായം കുറയ്ക്കാൻ കാപ്പി, പിന്നിലെ ശാസ്ത്രം?
കാപ്പിയില്‍ ഉയർന്ന അളവില്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രത്യേകിച്ചും ക്ലോറോജെനിക്ക് ആസിഡുപോലുള്ള പോളിഫിനോള്‍സ്. ഇത് കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയെ തടയുകയും അകാല വാർധക്യത്തിലേക്ക് നയിക്കുന്ന ഫ്രി റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു. കഫീനിന്റെ സാന്നിധ്യം രക്തയോട്ടം മികച്ചതാക്കുകയും ചെയ്യും. യുവി റേഡിയേഷനില്‍ നിന്നുപോലും ചർമ്മത്തെ ചെറുക്കാൻ കാപ്പിക്ക് കഴിയുമെന്നും പഠനങ്ങളുണ്ട്.
ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കണം?
കൂടുതല്‍ ഗവേഷണങ്ങളും നിർദേശിക്കുന്നത് മൂന്നുമുതല്‍ അഞ്ച് കപ്പുവരെ ഒരു ദിവസം കുടിക്കാമെന്നാണ്. ഇതിലൂടെ ആരോഗ്യഗുണങ്ങളുമുണ്ട്, പ്രത്യേകിച്ചും മേല്‍പ്പറഞ്ഞതുപോലെ ചർമ്മത്തിന്. എന്നാല്‍, ഓരോ വ്യക്തികള്‍ക്കും എത്രത്തോളം കഫീൻ കഴിക്കാമെന്ന കാര്യം പരിഗണിക്കേണ്ടതാണ്. പരമാവധി ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ലഭിക്കുന്നതിനായി പഴകിയതല്ലാത്ത കാപ്പിപ്പൊടി ഉപയോഗിക്കുക. പഞ്ചസാര ചേർക്കുന്നത് ഉത്തമമായിരിക്കില്ല.