രാവിലെ ഉറക്കമുണർന്നയുടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം
ദൈനംദിന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പുതിയ പഠനങ്ങൾ പറയുന്നു. നാം ഉറങ്ങുന്നതും ഉറക്കമുണരുന്നതും നമ്മുടെ ശരീരത്തിലെ ജൈവിക ഘടികാരമായ സിർകാടിയൻ ക്ലോക്കിന്റെ പ്രവർത്തനമനുസരിച്ചാണ്.
നമ്മുടെ ശരീരം ഉണർന്നിരിക്കുവാൻ സഹായകമായ കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തു വിടുന്നതും നിയന്ത്രിക്കുന്നതും ഈ ആന്തരിക ഘടികാരമാണ്. സാധാരണയായി രാവിലെ ആറ് മുതൽ പത്തു വരെയുള്ള സമയത്തു നമ്മുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇതിൽ തന്നെ എട്ടിനും ഒൻപതിനും ഇടയിൽ അളവ് അതിന്റെ പാരമ്യത്തിൽ എത്തുന്നു. ഈ സമയത്തിനിടയിലായിരിക്കും ഒട്ടുമിക്ക ആളുകളും ഉറക്കമുണരുന്നത്.
ഈ സമയത്തു സ്ഥിരമായി കാപ്പി കുടിക്കുന്നതിലൂടെ നമ്മുടെ ഊർജ്ജനില കുറയുന്നു. കൂടാതെ ശരീരത്തിന് കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഉണർവിനോട് ക്രമേണ പ്രതിരോധം ഉണ്ടാവുകയും ചെയ്യും. കാപ്പി കുടിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെ ഒൻപതരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് എന്നാണ് ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്തു നമ്മുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവിന് കുറവ് സംഭവിക്കുന്നു.
കാപ്പി നിരന്തരമായി കുടിക്കുന്നതിലൂടെ അതുമൂലമുണ്ടാകേണ്ട ഫലങ്ങൾ അപ്രത്യക്ഷമാകുന്ന അവസ്ഥയെയാണ് കഫീൻ ടോളറൻസ് എന്ന് വിളിക്കുന്നത്. കാപ്പി കുടിക്കുന്നതിന് ശരിയായ സമയം പാലിക്കുന്നതിലൂടെ ഇത് നിയന്ത്രിക്കുവാൻ കഴിയും. കോർട്ടിസോളിന്റെ അളവ് കുറഞ്ഞിരിക്കുന്ന അവസരത്തിൽ കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷവും ഉണർവും ഉണ്ടാകുന്നു. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കും. അതിനാൽ തന്നെ ഉറങ്ങാൻ പോകുന്നതിനു മുൻപോ, അതിനടുത്ത മണിക്കൂറുകളിലോ കാപ്പി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.
ശരീരത്തിന് അത്ര ഗുണകരമല്ലാത്ത പാനീയമാണ് കാപ്പി. അതിനാൽ തന്നെ വെറും വയറ്റിലോ വിശപ്പനുഭവപ്പെടുമ്പോഴോ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ മാനസിക സമ്മർദ്ദം, ഉൽകണ്ഠ എന്നിവയുള്ളപ്പോൾ കാപ്പി കുടിക്കുന്നത് ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. ഗർഭവതികളായ സ്ത്രീകളും, ഹൃദ്രോഗികളും കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ സമയാനുസൃതമായും ശരിയായ രീതിയിലും കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ല ഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിന് മുൻപ് കാപ്പി കുടിക്കുന്നത് അഡ്രിനാലിൻ ഉൽപ്പാദിപ്പിക്കുന്നതിനും കൊഴുപ്പ് അലിയിക്കുന്നതിനും കാരണമാകുന്നു. മധുരം ഉപയോഗിക്കാതെ കട്ടൻകാപ്പി കുടിക്കുന്നത് കരൾവീക്കം പരിഹരിക്കുന്നതിന് നല്ലതാണ്.