രോഗ നിർണയം മുതൽ രോഗീ പരിചരണം വരെ ; പങ്കാളിയുടെ മറവി രോഗത്തിനൊപ്പം സഞ്ചരിച്ച ഡോക്ടറുടെ അനുഭവം

രോഗ നിർണയം മുതൽ രോഗീ പരിചരണം വരെ ; പങ്കാളിയുടെ മറവി രോഗത്തിനൊപ്പം സഞ്ചരിച്ച ഡോക്ടറുടെ അനുഭവം

ഡിമെൻഷ്യ ബാധിച്ച ഒരു രോഗിക്കായി അധികമൊന്നും ചെയ്യാനില്ല ; രോഗിക്ക് സമാധാനവും സന്തോഷവും നൽകുന്ന അന്തരീക്ഷമല്ലാതെ
Updated on
5 min read

ഇന്ന് സെപ്റ്റംബർ 21 ലോക അൽഷൈമേഴ്സ് ദിനം. ജീവിതത്തിലെ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. താഴെയുള്ള വരികളിൽ ഈ അസുഖത്തെ കുറിച്ചും, രോഗത്തെ കണ്ടെത്തുന്നതിനെ പറ്റിയും പരിചരിക്കുന്നതിനെ പറ്റിയുമെല്ലാം വിശദീകരിക്കാം. 2002നും 2007നും ഇടയിലാണ് എന്റെ ഭർത്താവ് ഡോ. രാജു, പിക്‌സ് ഡിസീസ് ബാധിതനാകുന്നത്.

ഡിമെൻഷ്യ ബാധിച്ച ഒരു രോഗിക്കായി അധികമൊന്നും ചെയ്യാനില്ല എന്ന് നമുക്ക് അറിയാം. അത്കൊണ്ടുതന്നെ രോഗിക്ക് കൂടുതൽ സമാധാനവും സന്തോഷവും നൽകുന്ന അന്തരീക്ഷം ഒരുക്കി, മികച്ച പിന്തുണ നൽകി അവരെ സഹായിക്കലാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യം.

രോഗത്തെ പറ്റി അറിയുമ്പോൾ അതിന്റെ എല്ലാ വസ്തുതകളും വിശദീകരിച്ചാൽ പോലും നമുക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ല. അതുമായി പൊരുത്തപ്പെടാൻ നമുക്ക് കുറച്ച്‌ സമയം വേണ്ടി വരും. അൽഷിമേഴ്സും ഡിമെൻഷ്യയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ സേവനം നമുക്ക് ഈ ഘട്ടത്തിൽ ഏറെ ഉപകാരപ്പെടും. അവർ നൽകുന്ന ഉപദേശങ്ങളും, അറിവുകളും അസുഖത്തെ മനസിലാക്കി മനസ്സിനെ പാകപ്പെടുത്താൻ സഹായിക്കും. ഇത്തരം സംഘടനകളുടെ നമ്പറോ, വിവരങ്ങൾ അടങ്ങുന്ന ലഘുലേഖകളോ നല്കുന്നത് ഉചിതമായിരിക്കും. ഇത്തരത്തിൽ ഒരു പരിചാരിക എന്ന നിലയിൽ എന്നെ ഏറെ സഹായിച്ച ഒന്നാണ് കോംപീറ്റൻസി -ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ. രോഗത്തെ പറ്റിയുള്ള മനോഭാവം, ധാർമ്മികത, ആശയവിനിമയം എന്നിവ ഉൾപ്പെടുത്തിയുള്ള അവരുടെ പാഠ്യപദ്ധതി ഏറെ അഭിനന്ദനാർഹമാണ്.

രോഗ നിർണയം മുതൽ രോഗീ പരിചരണം വരെ ; പങ്കാളിയുടെ മറവി രോഗത്തിനൊപ്പം സഞ്ചരിച്ച ഡോക്ടറുടെ അനുഭവം
മറവികളുടെ ഓര്‍മച്ചെപ്പ്; അല്‍ഷൈമേഴ്‌സ് ബാധിച്ച അച്ഛനെ പരിചരിച്ച മകന്‍ ലോകത്തോട് പറയുന്നത്

രോഗ നിർണയത്തിന് ശേഷം ഭൂരിഭാഗം ഡോക്ടർമാർക്കും രോഗിയിലുള്ള താല്പര്യം നഷ്ട്മാകും, രോഗാവസ്ഥയിൽ നിന്ന് അവരെ കൈപിടിച്ചുയർത്താൻ സാധിക്കില്ല എന്നതുകൊണ്ടാണ് അത്. പക്ഷെ എന്റെ അഭിപ്രായത്തിൽ രോഗ നിർണയത്തിന് ശേഷം ഡോക്ടർ മാരുടെ പിന്തുണ, രോഗിയേക്കാൾ പരിചരിക്കുന്ന വ്യക്തിക്ക് പ്രധാനമാണ്. അസുഖം ബാധിച്ച ആൾ അവര്‍ക്ക്‌ മറ്റൊരു രോഗി മാത്രമായിരിക്കും, എന്നാൽ അവർ ജീവിച്ചിരിക്കുന്നിടത്തോളം അവരെ പരിചരിക്കേണ്ടത് ഈ സഹായിയാണ്.

അതുപോലെ രോഗം ബാധിച്ചവരുടെ കുടുംബത്തെ പിന്തുണയ്ക്കാൻ ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡിമെൻഷ്യയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകർ, എൻജിഒകൾ എന്നിവരുടെ വിദഗ്ദ്ധ സംഘം ഉണ്ടായിരിക്കണം. കുടുംബാംഗങ്ങൾക്ക് രോഗിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനും, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ബോധവാന്മാരാക്കാനും ഫാമിലി കൗൺസിലിംഗ് നിർബന്ധമാക്കണം.

രോഗ നിർണയം മുതൽ രോഗീ പരിചരണം വരെ ; പങ്കാളിയുടെ മറവി രോഗത്തിനൊപ്പം സഞ്ചരിച്ച ഡോക്ടറുടെ അനുഭവം
എന്താണ് അല്‍ഷൈമേഴ്സ്; അറിയേണ്ടതെല്ലാം

പലപ്പോഴും കുടുംബാംഗങ്ങൾ രോഗത്തെ മനസ്സിലാക്കാത്തത് വേദനയിലും ദുരിതത്തിലുമാണ് കലാശിക്കുക. ഗാന്ധിജി പറഞ്ഞത് പോലെ "പാപത്തെ വെറുക്കുക, പാപിയെയല്ല". രോഗിയിൽ നിന്ന് രോഗത്തെ വേർതിരിക്കാൻ നമ്മൾ പഠിക്കണം. അസുഖം മൂലമാണ് രോഗി മോശമായി പെരുമാറുന്നതെന്ന തിരിച്ചറിവ് ഈ ഘട്ടത്തിൽ കുടുംബാംഗങ്ങളെ വിഷമവും ദേഷ്യവും ഒഴിവാക്കുവാൻ ഏറെ സഹായിക്കും.

എന്റെ ഭർത്താവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് വരെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എനിക്ക് ദേഷ്യം തോന്നാറുണ്ട്. സ്വന്തം കാര്യത്തിൽ കുറച്ച് ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ ബന്ധം വേർപെടുത്തുമെന്ന് വരെ ഞാൻ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് ഡിമെൻഷ്യ ഉണ്ടെന്ന കാര്യം അതുവരെ എനിക്ക് അറിയില്ലായിരുന്നു. പിക്‌സ് എന്ന ഒരു അസുഖത്തെ പറ്റി ഞാൻ കേട്ടിട്ട് പോലും ഇല്ലായിരുന്നു. എന്നാൽ അസുഖത്തെ പറ്റി അറിഞ്ഞതുമുതൽ എന്റെ ദേഷ്യം എല്ലാം മാറി. അദ്ദേഹം അല്ല അസുഖമാണ് അദ്ദേഹത്തെ ഇങ്ങനെ ഓരോന്ന് ചെയ്യിപ്പിക്കുന്നതെന്ന ബോധ്യമായിരുന്നു എന്റെ മാറ്റത്തിന് പിന്നിൽ.

രോഗ നിർണയം മുതൽ രോഗീ പരിചരണം വരെ ; പങ്കാളിയുടെ മറവി രോഗത്തിനൊപ്പം സഞ്ചരിച്ച ഡോക്ടറുടെ അനുഭവം
ഓരോ 3 സെക്കന്‍ഡിലും ഒരു പുതിയ ഡിമെന്‍ഷ്യ ബാധിതനുണ്ടാകുന്നു ; ആദ്യഘട്ട ലക്ഷണങ്ങള്‍ തിരിച്ചറിയുക

ഞാൻ ഒരു ഡോക്ടർ ആയിരുന്നു. ഉൾക്കൊള്ളാൻ സമയം എടുത്തെങ്കിലും ഇന്റർനെറ്റ് വഴി രോഗത്തെ കുറിച്ച് ഞാൻ പഠിച്ചു. എന്നാൽ ഇതിന് സാഹചര്യം ഇല്ലാത്ത പരിചാരകർ ഡോക്ടറുടെയോ വിദഗ്ദ്ധരുടെയോ സഹായമില്ലാതെ എങ്ങനെ ഈ അസുഖത്തിന്റെ വസ്തുത മനസിലാക്കും. എന്റെ ഭർത്താവിന്റെ മാതാപിതാക്കള്‍ പോലും ഈ അവസ്ഥ ഉൾകൊള്ളാൻ സമയം എടുത്തത് ഞാൻ കണ്ടു. പത്തിലും പ്ലസ്ടുവിലും മികച്ച മാർക്ക് വാങ്ങി സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ച് അറിയപ്പെടുന്ന യൂറോളജിസ്റ്റായ അവരുടെ മകൻ എങ്ങനെ ഇങ്ങനെ ആയി? ഇത് ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ കുഴപ്പമല്ല. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സമൂഹത്തിനുമുണ്ട്. പിന്തുണ സംവിധാനങ്ങൾ ഇതിന് ആവശ്യമാണ്.

എന്താണ് പിന്തുണ സംവിധാനങ്ങൾ? പരിചരിക്കുന്നവരെ ബന്ധിപ്പിക്കുന്ന റെസിഡൻഷ്യൽ കെയർ, വിശ്രമ പരിചരണം, ഒരു സപ്പോർട്ട് ഗ്രൂപ്പ് എന്നിവ ഉണ്ടായിരിക്കണം. ഡിമെൻഷ്യ രോഗിയെ വിവിധ ഘട്ടങ്ങളിൽ പരിചരിക്കുന്നവർ നേരിടേണ്ടിവരുന്ന പ്രത്യേക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇതുവഴി അവർക്ക് അവസരം നൽകും. നേരിട്ടുള്ള അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും, ഒരു വിധിയും കൂടാതെ നിങ്ങളെ മനസ്സിലാക്കാനും സഹാനുഭൂതി കാണിക്കാനും കഴിയുന്ന ആളുകളുമായി സംസാരിക്കുന്നത് വളരെ വലിയ ആശ്വാസമാണ്. അതാണ് ഒരു സപ്പോർട്ട് ഗ്രൂപ്പിന്റെ ഭംഗി!

പരിചരണത്തിനായുള്ള എന്റെ യാത്രയിൽ, യുകെയിലെ പിക്ക്സ് ഡിസീസ് സപ്പോർട്ട് ഗ്രൂപ്പാണ് എന്നെ വളരെയധികം സഹായിച്ചത്. അസംബിൾ ചെയ്ത പെന്റിയം കമ്പ്യൂട്ടർ ഉപയോഗിച്ച് ഇന്റർനെറ്റിലേക്ക് ആദ്യമായി കണക്റ്റുചെയ്‌തവരിൽ ഒരാളാണ് ഞാൻ (2002-ൽ ഡയൽ-അപ്പ് കണക്ഷനായിരുന്നു). ഞാൻ ഗ്രൂപ്പിൽ ചേരുകയും ഗ്രൂപ്പിലെ സന്ദേശങ്ങൾ വായിക്കാൻ തുടങ്ങുകയും ചെയ്യുന്നതുവരെ, എന്റെ ഭർത്താവിന്റെ അവസ്ഥയെക്കുറിച്ച് എനിക്ക് കുറ്റബോധം തോന്നുകയും എന്നെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. ഏതാണ്ട് ഒരു വർഷം മുഴുവനും എനിക്ക് ഉറക്കം വരാത്തപ്പോഴെല്ലാം ഗ്രൂപ്പിലെ മെയിലുകൾ വായിക്കുക മാത്രമായിരുന്നു പതിവ്. അത് എന്നെ വളരെയധികം സഹായിച്ചു.

പിക്ക്സ് രോഗം ബാധിച്ച ഒരു വ്യക്തി ചിക്കാഗോയിലോ ഓസ്‌ട്രേലിയയിലോ യു കെയിലോ ലോകത്തിന്റെ ഏത് ഭാഗത്തായാലും ആ വ്യക്തിക്കുണ്ടാകുന്ന രോഗ ലക്ഷണങ്ങൾ ഇന്ത്യയിൽ ഉള്ള എന്റെ ഭർത്തവിന്റേത് പോലെ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇത് എന്റെ തെറ്റല്ല എന്നും ഞാൻ പതിയെ തിരിച്ചറിഞ്ഞു. ഇത് ഒരു രോഗമാണ്, എന്റെ സാഹചര്യത്തിൽ എനിക്ക് സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. ആ തിരിച്ചറിവ് എനിക്ക് വളരെയധികം ആശ്വാസം നൽകി. സപ്പോർട്ട് ഗ്രൂപ്പിലുള്ള മറ്റുള്ളവർ എന്നോട് സംസാരിക്കുകയും എന്നെ സാന്ത്വനിപ്പിക്കുകയും ചെയ്തു. അവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും വെർച്വൽ ആയിട്ട് ആലിംഗനം ചെയ്യുക പോലും ചെയ്തു.

വിദേശ രാജ്യങ്ങളിൽ ഏതെങ്കിലും ഒരു വ്യക്തിക്ക് ഡിമെൻഷ്യ ബാധിക്കുകയാണെങ്കിൽ ഭർതൃ വീട്ടുകാർ അയാളുടെ ഭാര്യയെ കുറ്റപ്പെടുത്തും എന്ന് ഞാൻ വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനം എന്താണെന്ന് വെച്ചാൽ ഒന്നോ രണ്ടോ ദിവസം പൂർണമായി രോഗിയുടെ കൂടെ ചിലവഴിക്കാതെ അയാൾ രോഗബാധിതനായ വിവരം മറ്റൊരാൾക്ക് അറിയുകയില്ല. പ്രത്യേകിച്ച് രോഗത്തിന്റെ ആദ്യ ദിനങ്ങളിൽ. ഭാഗ്യവശാൽ എന്റെ ഭർതൃ വീട്ടുകാർ എന്നെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല. പകരം അവർക്ക് സാധിക്കുന്ന എല്ലാ വഴികളിലൂടെയും അവർ എനിക്ക് പിന്തുണ നൽകി.

അമ്പതോ നൂറോ വർഷങ്ങൾക്ക് മുൻപ്, ഏതെങ്കിലും ഒരാൾക്ക് ഡിമെൻഷ്യ ബാധിക്കപ്പെട്ടാലും മറ്റുള്ളവർ അവരെ അംഗീകരിക്കുമായിരുന്നു. അവർക്ക് ഭക്ഷണം നൽകുകയും വീടിന് പുറത്ത് മറ്റൊരിടത്ത് അവർക്ക് ഉറങ്ങാൻ സ്ഥലം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിയിരിക്കുന്നു. അവരെ അംഗീകരിക്കുന്നതും അവർക്ക് ആവശ്യമായ കരുതൽ നൽകുന്നതും വളരെ അപൂർവ്വമാണ്. നഗരങ്ങളിൽ താമസിക്കുന്ന പരിഷ്കൃത സമൂഹത്തിൽ പ്രത്യേകിച്ചും. അവിടെ അയല്‍വാസികളും മറ്റും ശബ്ദത്തെ കുറിച്ച് പരാതി പറയുമ്പോൾ രോഗിയുടെ കുടുംബത്തിന് അവർ ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ വിഷമം ഉണ്ടാക്കും. അനുകമ്പയുടെ അഭാവവും അവരെ അംഗീകരിക്കാനുള്ള മടിയും മൂലം ഒടുവിൽ ഈ കുടുംബങ്ങൾ അവരെ കെയർ ഹോമുകളിൽ ഏൽപ്പിക്കുന്നു.

എനിക്ക് മനസ്സിലാകാത്തത് എന്തെന്നാൽ നമ്മുടെ സംവിധാനത്തിന്റെ പരാജയം മൂലം അനവധി കുറ്റവാളികളും തട്ടിപ്പുകാരും ബലാത്സംഗികളും നമ്മുടെ ഇടയിൽ ചുറ്റിക്കറങ്ങുമ്പോൾ, നിരപരാധിയായ, രോഗം മൂലം കഷ്ടപ്പെടുന്ന എന്റെ ഭർത്താവിനെ ഞാൻ എന്തിന് അഭയകേന്ദ്രത്തിൽ പാർപ്പിക്കണം? ആർദ്രമായ, സ്‌നേഹപൂർവമായ പരിചരണം ലഭിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്, പ്രത്യേകിച്ചും കുടുംബം അദ്ദേഹത്തെ പരിപാലിക്കാൻ തയ്യാറാകുമ്പോൾ. ഇത് സാധ്യമാക്കാനുള്ള ഏക മാർഗം ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ്. അതുവഴി ഈ രോഗികളെ സമൂഹം അംഗീകരിക്കുകയും പരിചരിക്കുന്നവരെ പരിഹസിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നതിനുപകരം പിന്തുണക്കുകയും ചെയ്യും.

പിക്‌സ് രോഗബാധിതനായ ഒരാളെ പരിചരിക്കുമ്പോൾ നമുക്ക് വളരെ വലിയ ക്ഷമ ആവശ്യമാണ്. എന്റെ ഭർത്താവ് ചിലപ്പോൾ ഒരേ വാചകം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക കഴിവ് പരിമിതമായതു കൊണ്ടായിരുന്നു അത്. തുടക്കത്തിൽ, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പതിയെ പതിയെ ഞാൻ അദ്ദേഹത്തിന്റെ ബൗദ്ധിക തലത്തിലേക്ക് വരാൻ പഠിച്ചു. ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന ചില സംഭവങ്ങൾ ഇതാണ്.

മണിപ്പാലിലെ എൻഡ് പോയിന്റിലേക്ക് നടക്കുമ്പോൾ ദിവസവും ഞങ്ങൾ ഒരേ സംഭാഷണങ്ങൾ ആവർത്തിക്കുമായിരുന്നു. ചിലപ്പോഴൊക്കെ എന്റെ ഭർത്താവ് പറയുന്ന അവ്യക്തമായ വാചകങ്ങൾ ഞാൻ തിരിച്ച് അദ്ദേഹത്തോട് പറയും , അപ്പോൾ അദ്ദേഹം പെട്ടെന്ന് എന്നെ നോക്കി ചിരിക്കുമായിരുന്നു. ഒരു മനോഹരമായ ബന്ധത്തിൽ പങ്കുവെക്കലുകളെക്കാളും ചിരികളെക്കാളും അപ്പുറം നിങ്ങൾക്കെന്താണ് വേണ്ടത് ? ഈ അനുഭവത്തെക്കുറിച്ച് ഞാൻ പിക്സ് ഡിസീസ് സപ്പോർട്ട് ഗ്രൂപ്പിലെ ഒരു സുഹൃത്തിനോട് പറഞ്ഞു. അവർ ഇത്തരം ആവർത്തിച്ചുള്ള സംസാരങ്ങളിൽ ആകെ അസ്വസ്ഥയായിരുന്നു.

ദിവസവും നടക്കാൻ പോകുന്ന സമയങ്ങളിൽ രാജു ഒരു പൂവ് പറിച്ചെടുത്തെനിക്ക് നേരെ നീട്ടിയിട്ട് ' ഐ ലവ് യു 'എന്ന് പറയുമായിരുന്നു. സ്വബോധമുണ്ടെന്ന് പറയപ്പെടുന്ന എത്ര ഭർത്താക്കന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാറുണ്ട് ? മഴയുള്ള ഒരു ദിവസത്തിൽ ഞങ്ങളുടെ പതിവ് നടത്തത്തിനിടയിൽ അദ്ദേഹം എന്നെ കുടയിലേക്ക് ചേർത്ത് നിർത്തിയപ്പോൾ ആ ദുർബലമായ ശരീരത്തിനും മനസ്സിനും ഇടയിൽ എന്റെ ഭർത്താവ് ഇപ്പോഴും ഉണ്ടെന്ന് എനിക്ക് തോന്നി. മറ്റൊരു ദിവസം വീണ്ടും ഞങ്ങളുടെ പതിവ് നടത്തത്തിനിടയിൽ, അന്ന് നല്ല കാറ്റുള്ള ഒരു ദിവസമായിരുന്നു. ഞാൻ രാജുവിനോട് പറഞ്ഞു " നമ്മൾ കാറ്റിനെ തുളച്ചു കയറുന്നത് പോലെയാണ് ". അതിന് അദ്ദേഹം എനിക്ക് സ്വതസിദ്ധമായ മറുപടി നൽകി, 'കൊഴുത്ത വയർ ഞാൻ മുറിക്കുന്നതുപോലെ' - അദ്ദേഹം ഒരു സർജൻ ആയിരുന്നു.

ഇതിന്റെയെല്ലാം അർത്ഥം ബുദ്ധിക്ക് പ്രശ്നമുള്ള എന്റെ ഭർത്താവിനെ പരിചരിക്കുമ്പോൾ പോലും അതിൽ സന്തോഷത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. പരിചരണത്തിലെ വിലമതിക്കുന്ന നിമിഷങ്ങൾ! അതുകൊണ്ട് എല്ലാം നഷ്‌ടപ്പെട്ടിട്ടില്ല എന്നും ഒരു കാരണത്താലാണ് ദൈവം ഈ പ്രയാസങ്ങളിലൂടെ എന്നെ കടത്തി വിട്ടതെന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു.

ഡിമെൻഷ്യ രോഗികൾ, അവർക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതിനാലോ, ഭയം തോന്നുന്നതിനാലോ ചില സമയങ്ങളിൽ ആക്രമണകാരികളോ അക്രമാസക്തരോ ആയി പെരുമാറിയേക്കാം. രോഗിയെ ആ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നത് എന്താണെന്ന് മുൻകൂട്ടി കാണാൻ നമുക്ക് കഴിയുമെങ്കിൽ, രോഗിക്കും പരിചരിക്കുന്നവർക്കും എളുപ്പമാക്കുന്ന ചില മാറ്റങ്ങൾ വരുത്താം.

ഉദാഹരണത്തിന്, രാജുവിന് തന്റെ ടൂത്ത് ബ്രഷ് ഏതാണെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു, അദ്ദേഹം കപ്പിലെ ഏതെങ്കിലും ബ്രഷ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്തു. ഒടുവിൽ ടൂത്ത് പേസ്റ്റ് പെട്ടി ഉപയോഗിച്ച് ഒരു ബ്രഷ് ഹോൾഡർ ഉണ്ടാക്കാൻ ഞാൻ എന്റെ 10 വയസ്സുള്ള മകളോട് പറഞ്ഞു . അവൾ ആ ഹോൾഡറിൽ 'രാജുവിന്റെ ബ്രഷ്' എന്ന് എഴുതി വെച്ചു. അതിനുശേഷം അദ്ദേഹം മറ്റൊരു ബ്രഷ് ഉപയോഗിച്ചിട്ടില്ല. അത് എന്റെ മകൾക്ക് അവളുടെ അച്ഛനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരവും ഉണ്ടായി.

രോഗ നിർണയത്തിന് ശേഷം തുടക്കത്തിൽ രാജുവിനെ ഞാൻ മിനി-മെന്റൽ സ്റ്റേറ്റ് പരിശോധനയ്ക്കായി സൈക്കോളജി വിഭാഗത്തിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ നൽകിയ ഉപദേശം രാജുവിനെ പൂന്തോട്ട പരിപാലനത്തിൽ സഹായിക്കുകയും, ബുദ്ധിശക്തി കുറയുന്നത് മന്ദഗതിയിലാക്കാൻ മാനസിക വ്യായാമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അടുത്ത കുറച്ച് ദിവസം രാജുവിനെ അങ്ങനെ പരിപാലിക്കുവാൻ സാധിക്കാത്തതിൽ എനിക്ക് അതിയായ കുറ്റബോധവും വിഷമവും തോന്നി. 34 വയസുള്ള, എട്ടും, നാലും വയസ്സ് പ്രായമായ രണ്ട് കുട്ടികളുള്ള, ഒരു കുടുംബത്തിന്റെ ചിലവിന് വേണ്ടി അധ്വാനിക്കുന്ന എന്നോട് എങ്ങനെ ഡോക്ടർക്ക് അങ്ങനെ ആവശ്യപ്പെടാനാകും.

ഒരു ഡിമെൻഷ്യ രോഗിയുടെ പരിചാരകൻ എന്ന നിലയിൽ ഞങ്ങൾക്ക് മികച്ച പരിചരണം നൽകാൻ കഴിയില്ലെന്ന് എനിക്കറിയാം. ഒരാൾക്ക് എന്ത് മാത്രം ചെയ്യാൻ കഴിയുമെന്നതിൽ കുറെ പരിമിതികളുണ്ട്. അത്കൊണ്ട് ആരോഗ്യ പ്രവർത്തകരോട് എനിക്ക് പറയാനുള്ളത്, ഉപദേശം നൽകുന്നതിന് മുൻപ് കുടുംബ സാഹചര്യവും അതിന്റെ പ്രായോഗികതയും പരിഗണിക്കുക. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഉപദേശം എന്നെ കൂടുതൽ നിസ്സഹായയും അപര്യാപ്തയുമാക്കിത്തീർക്കുക മാത്രമാണ് ചെയ്തത്. ഭാഗ്യവശാൽ മികച്ച മനോരോഗവിദഗ്ദ്ധൻ എന്നെ സഹായിക്കാനുണ്ടായിരുന്നു. മണിപ്പാലിലെ കസ്തൂർബാ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ പ്രൊഫസർ പിഎസ്‌വിഎൻ ശർമ്മ. അദ്ദേഹം രാജുവിന്റെ സ്വഭാവത്തിലെ മാറ്റങ്ങളെ കുറിച്ച് മാത്രമല്ല, എന്റെ വിഷാദാവസ്ഥ കൈകാര്യം ചെയ്യാൻ കൂടെ എന്നെ പഠിപ്പിച്ചു.

ഈ വിഷമവും കഷ്ടതയും നിറഞ്ഞ യാത്ര എന്നെ കൂടുതൽ അനുകമ്പയുള്ള നല്ലൊരു മനുഷ്യനാക്കി എന്നാണ് എനിക്ക് പറയാനുള്ളത്. ഈ നീണ്ട പരിചരണ കാലം പരിചരിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു മനഃസമാധാനം എനിക്ക് സമ്മാനിക്കുകയും ചെയ്തു, അതിന് ഞാൻ നന്ദിയുള്ളവളാണ്.

ബെംഗളൂരുവില്‍ താമസിക്കുന്ന ഡോ.പൂർണിമ എൻ ബി ഫിസിയോളജി പ്രൊഫസർ ആയി ജോലി ചെയ്യുന്നു.

logo
The Fourth
www.thefourthnews.in