പ്രോട്ടീൻ അമിതമായാൽ ആപത്തോ? അളവിലധികമായാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ
ശരീരത്തിലെ അവശ്യ പോഷകങ്ങളിലൊന്നായ പ്രോട്ടീൻ ശരീരത്തിൻ്റെ അറ്റകുറ്റപ്പണികൾക്കും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രവർത്തനം നിലനിർത്താനും സഹായിക്കുന്നു. ഫിറ്റ്നസ് പ്രേമികൾക്കിടയിൽ പ്രോട്ടീൻ ബാറുകൾക്കും പ്രോട്ടീൻ ഷേക്കുകൾക്കും വലിയ പ്രചാരമാണുള്ളത്. പ്രോട്ടീൻ നൂഡിൽസ്, പ്രോട്ടീൻ കുക്കികൾ, പ്രോട്ടീൻ ഡെസേർട്ടുകൾ തുടങ്ങി പ്രോട്ടീനുകളാൽ സമൃദ്ധമായ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് തോന്നാമെങ്കിലും അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം.
പഠനങ്ങൾ പ്രകാരം ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് 50 മുതൽ 175 ഗ്രാം പ്രോട്ടീൻ മതിയാകും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി തങ്ങളുടെ ഭക്ഷണക്രമത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ നാരുകൾ, വെള്ളം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ടതാണ്. ഇവയുടെ അളവ് സന്തുലിതമല്ലാത്ത പക്ഷം വളരെയധികം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആവശ്യമുള്ള മറ്റ് പോഷകങ്ങളെക്കാളധികമായി ശരീരത്തിൽ പ്രോട്ടീൻ എത്തുന്നത് നിർജലീകരണത്തിന് കാരണമാകുന്നു. അതുപോലെ തന്നെ നിർദേശിക്കപ്പെടുന്നതിനേക്കാൾ അധികമായി പ്രോട്ടീൻ കഴിക്കുന്നത് കായികതാരങ്ങളുടെ കായികക്ഷമത കുറയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
വൃക്കരോഗമുള്ളവർ പ്രോട്ടീൻ അമിതമായി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. എന്നാൽ ഇലക്കറികൾ കൊഴുപ്പു കുറഞ്ഞ ഡയറി ഉൽപ്പന്നങ്ങൾ എന്നിവ കഴിക്കുന്നവർക്ക് മാംസം പോലെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമിതമായി പ്രോട്ടീൻ കഴിക്കുന്നതിലൂടെ മൂത്രത്തിലൂടെ കാൽസ്യം കൂടുതലായി പുറന്തള്ളപ്പെടുകയും തൽഫലമായി എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെത്തുന്ന അമിത പ്രോട്ടീൻ കൊഴുപ്പായി ശേഖരിക്കപ്പെടുന്നതിലൂടെ അമിതഭാരം ഉണ്ടാകുകയും ചെയ്യും. പ്രോട്ടീൻ ആധിക്യം മൂലം ശരീരത്തിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സെറോടോണിൻ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകാറുണ്ട്.
ശാരീരിക അധ്വാനം കൂടുതലായി ചെയ്യുന്നവർക്കും, വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പേശികൾ രൂപീകരിക്കപ്പെടുന്നതിനും ദൃഢതയ്ക്കും പ്രോട്ടീൻ വളരെ ആവശ്യമാണ്. എന്നാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്നതിലും അധികമായി പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും വ്യായാമത്തിന്റെ കാര്യക്ഷമതക്കുറവിനും കാരണമാകുന്നു.