പേയിങ് ഗസ്റ്റുകള്‍ക്കിടയില്‍ ലഹരി, മാനസിക രോഗങ്ങള്‍
നഗരങ്ങളിലെ പേയിങ് ഗസ്റ്റുകള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വർധിക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ (നിംഹാന്‍സ്) പുതിയ പഠനം. ലഹരി വസ്തുക്കളുടെ ഉപയോഗം ഇത്തരക്കാര്‍ക്കിടയില്‍ കൂടുന്നത് ഇതിനൊരു കാരണമാകാമെന്നും പഠനം പറയുന്നു. 18 നും 29 നും ഇടയില്‍ പ്രായമുള്ള 315 പേരിലാണ് പഠനം നടത്തിയത്. പഠനവിധേയമാക്കിയവരില്‍ 10.2 ശതമാനം കഠിനമായ വിഷാദരോഗത്തിന് അടിമകളാണ്. ഇവർക്ക് മേജര്‍ ഡിപ്രസീവ് എപ്പിസോഡുകള്‍ (എംഡിഇ) ഉണ്ടാകാറുണ്ട്. 13.9 ശതമാനം ഉത്കണ്ഠാ രോഗത്തിന്റെ പിടിയിലാണ്. ജെനറലൈസ്ഡ് ആങ്സൈറ്റി ഡിസോര്‍ഡര്‍(ജിഎഡി) ബാധിച്ചവരാണ് ഇവരിലധികവും. ഇവരില്‍ ഭൂരിഭാഗവും വൈദ്യ സഹായം തേടാത്തത് സ്ഥിതി വഷളാക്കുന്നതായും പഠനം പറയുന്നു.
സാധാരണ ജനസംഖ്യയിലെ വ്യാപനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച ഡോ. അരവിന്ദ് പറഞ്ഞു. 2015-16 ലെ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ 2.8 ശതമാനവും മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ദൈംനദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലുളള മാനസിക തകരാറുകള്‍ തീര്‍ച്ചയായും ചികിത്സിക്കേണ്ടതാണ്.
പഠനത്തില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും വിദ്യാർഥികളും ജോലിചെയ്യുന്നവരും മികച്ച വിദ്യാഭ്യാസം ലഭിച്ചവരുമാണ്. 65 ശതമാനവും ബിരുദാനന്തര ബിരുദമോ, ഡിപ്ലോമയോ നേടിയവരും. 88 ശതമാനം അവിവാഹിതരാണ്. 90.5 ശതമാനം കുടിയേറ്റക്കാരുമാണ്. 2022 ലെ പഠനത്തില്‍ 72 ശതമാനം പേര്‍ക്ക് വിഷാദവും, 52 ശതമാനത്തിന് ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തി. ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കുള്ളതായി അറിയാത്തതിനാലാണ് ഇവർ വൈദ്യസഹായം തേടാത്തതെന്നും കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും മദ്യത്തിലും പുകവലിയിലും ലഹരി കണ്ടെത്തുന്നവരുമാണ്.
ഈ പഠനഫലങ്ങള്‍ 2011ല്‍ ബംങ്കളൂരുവിലെ പേയിന്‍ ഗസ്റ്റായി താമസിക്കുന്നവരില്‍ നടത്തിയ പഠനഫലങ്ങള്‍ക്ക് സമാനമാണ്. ഇത്തരം താമസക്കരില്‍ മാനസികാരോഗ്യം വലിയ തോതില്‍ കുറയുനനതായി ഡോ. അരവിന്ദ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്ക് യുവക്കളിലാണ്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരില്‍ മാനസീരമായ ആരോഗ്യ കുറവ് ഉണ്ടാകുന്നതിന് കാരണം പ്രീയപ്പെട്ടവരുടെ അഭാവമാകാം അല്ലെങ്കില്‍ തങ്ങളുടെ വികാരങ്ങളും ചിന്തകളും പങ്കുവയ്ക്കുവാനുളള സുഹൃത്തുക്കള്‍ ഇല്ലാത്തതുമെല്ലാം ഇത്തരം അവസ്ഥയ്ക്ക് കാരണമാകാം, ഡോ. അരവിന്ദ് പറഞ്ഞു.