മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായി ജീവിക്കുന്ന മാതാപിതാക്കള്‍; അറിയാതെ പോകുന്ന നൊമ്പരങ്ങള്‍
ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യ ദിനമായി ആചരിക്കപ്പെടുമ്പോള്‍ ഇത്തവണത്തെ സന്ദേശം 'അസമത്വ ലോകത്തെ മാനസികാരോഗ്യം' എന്നതാണ്. മാനസികാരോഗ്യം എന്നത് ഒരു വ്യക്തിയുടെ ജീവിത സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രൂപം കൊള്ളുന്നത്. പലര്‍ക്കും പലവിധത്തിലാണ് ഈ സാഹചര്യങ്ങള്‍. മാനസിക വെല്ലുവിളി നേരിടുന്നവര്‍ പലപ്പോഴും തേടുന്നത് തങ്ങളെ മനസിലാക്കുന്നവരുടെ സാമീപ്യമാണ്. വീണ്ടും ഒരു ലോക മാനസികാരോഗ്യ ദിനം കടന്നുവരുമ്പോള്‍ ഇത്തവണ ദ ഫോര്‍ത്ത് കടന്നു ചെല്ലുന്നത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിപാലിക്കുന്ന രക്ഷിതാക്കളിലേക്കാണ്. ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട തങ്ങളുടെ മക്കളുടെ ജീവിത സാഹചര്യങ്ങള്‍ രക്ഷിതാക്കളെ എങ്ങനെ ബാധിക്കുന്നു എന്നതും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരും രക്ഷിതാക്കളും
സാമൂഹികവും സാമ്പത്തികവും മാനസികവുമായ പ്രശ്‌നമാണ് ഭിന്നശേഷിക്കാരായ കുട്ടികളുള്ള രക്ഷിതാക്കള്‍ നേരിടുന്നത് . ഇങ്ങെനെയൊരു കുഞ്ഞുണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ തളയ്ക്കപ്പെട്ട ജീവിതങ്ങളാണ് പല രക്ഷിതാക്കളും. തങ്ങളുടെ എല്ലാം സന്തോഷങ്ങളും ത്യജിച്ചാണ് ഓരോ ദിവസവും ഇവര്‍ നീക്കുന്നത്. പല ദിവസവും മിണ്ടാതിരുന്ന് കരഞ്ഞവരും സ്വയം ശപിച്ചവരും ഇവര്‍ക്കിടയിലുണ്ട്.
അക്രമ സ്വഭാവമുള്ള കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കള്‍ ഒരു മുറിയില്‍ അവരോടൊപ്പം ചേര്‍ന്നു ജീവിക്കുകയാണ് പതിവ്. വിഭിന്ന ശേഷിയും ചിത്തഭ്രമവും ഒന്നാണെന്ന് കരുതിയ മലയാളി സമൂഹത്തിലെ പൊതു സദസുകള്‍ ഇവര്‍ക്ക് വിലക്കപ്പെട്ടതായിരുന്നു. വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ പോലും ശാപമായും അഭിമാനക്ഷതവുമായുമാണ് പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ കാണുന്നത്. ആ സമൂഹത്തില്‍ കുട്ടികളെ സ്വയം പര്യാപ്തമാക്കാനായി പൊരുതുന്നവരും ആ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരും മിണ്ടാതെ വിധിയെ പഴിച്ച് ജീവിക്കുന്നവരേയും കാണാനാകും.
കോവിഡും പ്രതിസന്ധികളും
കൊറോണക്കാലത്ത് ഇത്തരം രക്ഷിതാക്കള്‍ വളരെയധികം മാനസിക സമര്‍ദ്ദത്തിലൂടെ കടന്നു പോയത്. കാരണം എല്ലാവരും വീട്ടില്‍ ഒതുങ്ങിയപ്പോള്‍ ഇവരും ഒറ്റപ്പെട്ടു. ഈ കുഞ്ഞുങ്ങളെ നോക്കാനും ഒന്ന് സഹായിക്കാനും ആരും ഇല്ലാത്ത അവസ്ഥ. സാമ്പത്തിക പ്രയാസങ്ങളും ചികിത്സകളും മുടങ്ങി. മരുന്ന് വാങ്ങാനും ആശുപത്രിയില്‍ പോകാനും സാധിക്കാതെ വന്നപ്പോള്‍ പലരുടേയും ചികിത്സ മുടങ്ങി. വലുതാകുന്തോറും ഈ കുഞ്ഞുങ്ങളെ പരിപാലിക്കല്‍ പ്രശ്‌നമായി വരികയാണെന്നാണ് പല രക്ഷകര്‍ത്താക്കളും പറയുന്നത്. സ്വയം ഭക്ഷണം കഴിക്കാനോ മലമൂത്ര വിസര്‍ജ്ജനം നടത്താനോ സാധിക്കാത്ത കുട്ടികള്‍ക്കൊപ്പം കഴിയുന്നവരും ഈ കൂട്ടത്തിലുണ്ട്.
ആക്രമ സ്വഭാവമുള്ള മകനൊപ്പം ആര്‍ക്കും കഴിയാനുള്ള ധൈര്യമില്ലാത്തതിനാല്‍ കഴിഞ്ഞ 27 വര്‍ഷമായി അവനൊപ്പം കഴിയുന്ന അമ്മമാരും ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മകനൊപ്പം ഇരുട്ടിലകപ്പെട്ടിരിക്കുകയാണവര്‍. പക്ഷേ പരാതിയോ പരിഭവമോ ഇവര്‍ക്കില്ല കാരണം അവരുടെ ജീവനും ജീവിതവും ഈ മകനായി മാറിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു പൊതു പരിപാടിക്കും ഇവര്‍ പങ്കെടുക്കാറില്ല. കാരണം മകനെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോകാന്‍ ഈ അമ്മയ്ക്ക് ഭയമാണ്.
എന്നാല്‍ ഈ അരക്ഷിതാവസ്ഥ മുതലെടുക്കുന്ന ബുദ്ധിരാക്ഷസന്‍മാരും മനുഷ്യര്‍ക്കിടയിലുണ്ടെന്നാണ് ഒരു അച്ഛന്‍ പറയുന്നത്. കാരണം പല രക്ഷിതാക്കളും പലയിടങ്ങളിലും കുട്ടികളെ കൊണ്ടുപോയി ചികിത്സിക്കുന്നു എന്നാല്‍ ഭൂരിഭാഗ ചികിത്സയും തട്ടിപ്പാണ് നടത്തുന്നത്. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന രക്ഷിതാക്കളുമുണ്ട്. ഇതിനായി ലക്ഷ കണക്കിന് രൂപയാണ് ഇവര്‍ ചിലവഴിക്കുന്നത്.
അമ്മമാര്‍ മാത്രമല്ല, നല്ല ജോലി പോലും ഉപേക്ഷിച്ച് നാട്ടിലെത്തി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അച്ഛന്‍മാരുമുണ്ട്.
അമ്മമാര്‍ മാത്രമല്ല, നല്ല ജോലി പോലും ഉപേക്ഷിച്ച് നാട്ടിലെത്തി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അച്ഛന്‍മാരുമുണ്ട്. ''ഇന്നും നാട്ടുകാര്‍ പറയുന്നത് മന്ദബുദ്ധികുട്ടികളുടെ വീടെന്നാണ്. എന്തിനാണ് കുഞ്ഞുങ്ങളെ അങ്ങനെ പറയുന്നതെന്ന് മനസ്സിലാകുന്നില്ല'' - ഭിന്ന ശേഷിക്കാരായ രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍ പറയുന്നു. പൊതുവെ പ്രതിരോധശേഷി കുറഞ്ഞ ഇത്തരം കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതെ ശ്രദ്ധിക്കുക എന്നത് അനിവാര്യമായിരുന്നു.
ബസില്‍ കയറിയാല്‍ സീറ്റുപോലും ലഭിക്കാതെ വന്നപ്പോളാണ് ഈ അച്ഛന്‍ കാര്‍ വാങ്ങിയതും ഡ്രൈവിങ് പഠിച്ചതും. ആശുപത്രിയില്‍ ചികിത്സ സൗജന്യമാണെങ്കിലും അതിന്റെ നിയമവശങ്ങളെകുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. ഇന്നും പല രക്ഷിതാക്കളും തുറന്നു പറയാന്‍ മടി കാണിക്കുന്നത് അവസാനിക്കാത്ത അപകര്‍ഷതാ ബോധം കൊണ്ടാണ്.
പടപൊരുതുന്നവര്‍
ഭിന്നശേഷിക്കാരനായ മകനു വേണ്ടി കഴിഞ്ഞ 25 വര്‍ഷമായി സുലേഖ എന്ന ഈ അമ്മ പോരാടുകയാണ്. അവനെ സ്വയം പര്യാപ്തനാക്കണമെന്ന് മാത്രമാണ് ഇവരുടെ സ്വപ്‌നം.
ഞാനെന്റെ മകനെ കടയില്‍ പറഞ്ഞയ്ക്കുമ്പോള്‍ ഇവനെ കൊണ്ടാകുമോ എന്ന് ചോദ്യമാണ് കേള്‍ക്കേണ്ടി വരുന്നത് ആ അമ്മ പറഞ്ഞു തുടങ്ങുന്നു. സമൂഹത്തിന്റെ കാഴ്ച്ചപ്പാട് ഒരുപാടൊന്നും മാറിയിട്ടില്ല. എവിടെ പോകുമ്പോഴും കുട്ടികളെ തുറിച്ചു നോക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. എല്ലാര്‍ക്കുമുള്ളതു പോലെ രണ്ട് കണ്ണും മൂക്കുമൊക്കെയല്ലേ ഇവര്‍ക്കുമുള്ളൂ. നാല് വയസ്സായപ്പോഴാണ് അവനങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയത്. വായനാശീലമുള്ളതു കൊണ്ടുമാത്രമാണ് അത് തിരിച്ചറിയാന്‍ സാധിച്ചതും.
എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോളും കുടുംബം കൂടെ നിന്നു. മകനെ ചേര്‍ത്തു നിര്‍ത്തി ജീവിക്കാന്‍ ധൈര്യം കാണിച്ചതും അതുകൊണ്ടായിരുന്നു. കല്ല്യാണാലോചനകള്‍ പലതും വന്നപ്പോഴും മകനെ ഓര്‍ത്ത് അവര്‍ ജീവിതം മാറ്റിവെച്ചു. വേറെ ഒരാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ പ്രേരിപ്പിച്ചപ്പോഴും വേണ്ടെന്ന് പറഞ്ഞു. ഉമ്മയും അനിയത്തിമാരും നോക്കിയാലും ഞാന്‍ നോക്കുന്നപോലെ ആവില്ലെന്ന് പറഞ്ഞ് അവര്‍ ജീവിതത്തോട് പൊരുതി. വര്‍ഷങ്ങള്‍ കടന്നു പോയി മകനെ ഉള്‍ക്കൊളളാനാകുന്ന ഒരു വ്യക്തിവരും വരെ അവര്‍ കാത്തിരുന്നു. പ്രതീക്ഷിച്ചപോലെ മകന് അച്ഛനായി ഒരാള്‍ വന്നു.
ജീവിതം നശിപ്പിച്ചു എന്ന് പറയുന്നവരോട് സുലേഖക്ക് പറയാനൊന്നുമില്ല. പകരം കാണിച്ചു കൊടുക്കാനാണിഷ്ടം . വിഷാദത്തില്‍ നിന്നും കരകയറിയ അവര്‍ ധൈര്യത്തോടെ ലോകത്തോട് സംസാരിക്കുന്നു. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നുള്ള അവര്‍ക്കിത്ര ധൈര്യം കിട്ടിയതെവിടെ നിന്നാണെന്ന് ചോദിക്കുമ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് അവര്‍ പറയും, ''എന്റെ മകനാണെനിക്ക് ധൈര്യം തന്നത്''.
ഒപ്പം നില്‍ക്കുന്ന 'പരിവാര്‍'
ശാരീരികവും മാനസികവുമായ ഭിന്നശേഷിക്കാരില്‍ മാനസിക പ്രശ്നങ്ങളനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പൊരുതുന്ന രക്ഷിതാക്കളുടെ സംഘടനയാണ് പരിവാര്‍. ഭൗതികവും മാനസികവുമായ പരിമിതികള്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം, എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു കൂട്ടായ്മയാണിത്. രക്ഷിതാക്കള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും കുട്ടികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുകയാണിവര്‍. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതും ഈ സംഘടനയാണ്.
സര്‍ക്കാര്‍ ഒരുപാട് പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ഒന്നും ഫലത്തില്‍ എത്തിയിട്ടില്ലെന്നാണ് കേരള പരിവാര്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് ദ ഫോര്‍ത്തിനോട് പറഞ്ഞത്.
പ്രതീക്ഷകളൊക്കെ പങ്കുവെച്ച്, ജീവിതത്തില്‍ പൊരുതുമ്പോഴും പലരുടെയും ആശങ്കകള്‍ അവസാനിച്ചിട്ടില്ല. തങ്ങളുടെ കാലശേഷം മക്കളെ ആര് നോക്കുമെന്ന ചിന്തയാണ് ഏറെപ്പേരെയും അലട്ടുന്നത്. സമൂഹം മാറിയെന്ന് പറയുമ്പോഴും, ഭിന്നശേഷിക്കാരോടുള്ള പൊതുമനോഭാവത്തില്‍ മാറ്റമൊന്നും ഇല്ലാത്തതാണ് മാതാപിതാക്കളുടെ ആശങ്കകള്‍ വളര്‍ത്തുന്നത്.