പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പുരുഷന്മാരിലും കണ്ടുവരുന്നതായി പഠനം

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പുരുഷന്മാരിലും കണ്ടുവരുന്നതായി പഠനം

പ്രസവത്തിന് ശേഷം 3-6 മാസങ്ങളിലാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉയര്‍ന്ന നിരക്കില്‍ കണ്ടുവരുന്നത്
Updated on
1 min read

പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പ്രസവശേഷം നേരിടുന്ന അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷമുള്ള കാലഘട്ടം അനവധി മാനസിക പ്രശ്‌നങ്ങളിലൂടെയായിരിക്കും ഒരു സ്ത്രീ കടന്നു പോവുന്നത്. വൈകാരിക അസന്തുലിതാവസ്ഥ രൂക്ഷമാവുന്ന ഈ ഘട്ടത്തേയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന് പറയുന്നത്. പ്രസവത്തിന് ശേഷം 3-6 മാസങ്ങളിലാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉയര്‍ന്ന നിരക്കില്‍ കണ്ടുവരുന്നത്.

എന്നാല്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നത് സ്ത്രീകളെ മാത്രമല്ല പുരുഷന്മാരേയും ബാധിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്രസവത്തിന് ശേഷമുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍, ഒരു കുട്ടിയെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ അല്ലെങ്കില്‍ ഒരു നല്ല രക്ഷിതാവാകുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠ എന്നിവയും പുരുഷന്മാരില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഒരു കുഞ്ഞിനായി തയാറെടുക്കുമ്പോള്‍ പങ്കാളികള്‍ക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണെന്നും അതിലൂടെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍റെ സാധ്യത ഇല്ലാതാക്കാമെന്നും പഠനം പറയുന്നു.

ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതില്‍ നിന്നും പുരുഷന്മാര്‍ ഒഴിഞ്ഞുമാറുന്നതാണ് പുരുഷന്‍മാരില്‍ രോഗത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം എങ്ങനെ കാണാം എന്നു തുടങ്ങിയ ആശങ്കകള്‍ പരമാവധി മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിലൂടെ പുരുഷന്മാരില്‍ രോഗസാധ്യത കുറക്കാമെന്നാണ് മാനസികാരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

logo
The Fourth
www.thefourthnews.in