വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്.
Updated on
1 min read

വിറ്റാമിന്‍ ഡി ആവശ്യത്തിലധികം ശരീരത്തിലെത്തിയതിനെത്തുടര്‍ന്ന് യുകെ സ്വദേശിയായ 89കാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഡി വിറ്റാമിന്‌റെ അപര്യാപ്ത അനുഭവിക്കുന്നവര്‍ ഏറെയാണ്. ഇവരില്‍ പലരും വിറ്റാമിന്‍ ഡി സപ്ലിമെന്‌റുകള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വിദഗ്‌ധോപദേശം സ്വീകരിക്കാതെ സപ്ലിമെന്‌റുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അപകടാവസ്ഥയാണ് 89കാരന്‍ ഡേവിഡ് മിഷനറുടെ മരണം വ്യക്തമാക്കുന്നത്.

മരണപ്പെടുമ്പോള്‍ ഡേവിഡിന്‌റെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് 380 ആയിരുന്നു. മരിക്കുന്നതിന് ഒന്‍പതുമാസം മുന്‍പ് മുതല്‍ അദ്ദേഹം തുടര്‍ച്ചയായി വിറ്റാമിന്‍ ഡി സപ്ലിമെന്‌റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കൂടുമ്പോഴുണ്ടാകുന്ന ഹൈപ്പര്‍ കാല്‍സീമിയ(കാല്‍സ്യത്തിന്‌റെ വര്‍ധനവ്) ആണ് ഇദ്ദേഹത്തില്‍ ആദ്യം പ്രതൃക്ഷമായത്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്.

മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ ഡി ശരീരത്തിലെത്തിയാലും അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാകാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം, കാല്‍സ്യം, ഫോസ്ഫറസ് ആഗിരണം, രോഗപ്രതിരോധം, ഒസ്റ്റിയോപൊറോസിസ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് വിറ്റാമിന്‍ ഡി അനിവാര്യമാണ്. ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഡി വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, ചില അര്‍ബുദങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും സഹായകമാണ്. വിറ്റാമിന്‍ ഡിയുടെ അഭാവം പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തിലൂടെയും ഭക്ഷണസ്രോതസുകളിലൂടെയും സപ്ലിമെന്‌റുകളിലൂടെയും ആവശ്യത്തിന് ഡി വിറ്റാമിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടികൊഴിച്ചില്‍ മുതല്‍ നടുവേദന വരെ; വിറ്റാമിന്‍ ഡി അഭാവത്തിന്‌റെ ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

എന്നാല്‍ സപ്ലിമെന്‌റുകളിലൂടെയും മറ്റും ആവശ്യത്തിലധികം ഡി വിറ്റാമിന്‍ ശരീരത്തിലെത്തിയാല്‍ വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി അഥവാ ഹൈപ്പര്‍വൈറ്റാമിനോസിസ് എന്ന അവസ്ഥ സൃഷ്ടിക്കും. വിദഗ്‌ധോപദേശം സ്വീകരിക്കാതെ സപ്ലിമെന്‌റുകള്‍ കഴിക്കുന്നതും മീന്‍ എണ്ണ, ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണങ്ങള്‍, ചില ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയും ഈ അവസ്ഥയിലേക്കെത്തിക്കാം.

വിറ്റാമിന്‍ ഡിയുടെ ലക്ഷണങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. ആദ്യഘട്ടങ്ങളില്‍ ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ശരീരഭാരം കുറയുക എന്നിവയാകും പ്രത്യക്ഷപ്പെടുക. വിറ്റാമിന്‍ഡിയുടെ അളവ് കൂടുമ്പോള്‍ രക്തത്തിലെ കാല്‍സ്യത്തിന്‌റെ അളവ് വര്‍ധിച്ച് ഹൈപ്പര്‍കാല്‍സീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു. ഇതാകട്ടെ ആശയക്കുഴപ്പം, അമിതമായ ദാഹം, മൂത്രശങ്ക, വൃക്കയ്ക്ക് ക്ഷതം തുടങ്ങിയവ ഉണ്ടാക്കും.

വിറ്റാമിന്‍ ഡിയുടെ അളവ് നിര്‍ണയിക്കുന്നതില്‍ മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, ലബോറട്ടറി പരിശോധനകള്‍ എന്നിവ ആവശ്യമാണ്. എക്‌സ് റേ, ബോണ്‍ ഡെന്‍സിറ്റി സ്‌കാന്‍ എന്നിവ എല്ലുകളുടെ ആരോഗ്യവും ഹൈപ്പര്‍കാല്‍സീമിയയും മനസിലാക്കാന്‍ സഹായിക്കും.

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് അധികമാണന്നു കണ്ടെത്തിയാല്‍ സപ്ലിമെന്‌റുകളും ഡി വിറ്റാമിന്‍ കൂടുതലടങ്ങിയ ആഹാരങ്ങളും ഒഴിവാക്കുക. കുടിക്കുന്ന വെള്ളത്തിന്‌റെ അളവ് കൂട്ടുക വഴി കാല്‍സ്യം പുറംതള്ളാനാകും. കാല്‍സ്യത്തിന്‌റെ അളവ് സാധാരണ നിലയിലെത്തിയെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനും ഇടയ്ക്കിടെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

logo
The Fourth
www.thefourthnews.in