2050-ഓടെ പക്ഷാഘാതമരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്ന് പഠനം; അപകടഘടകങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം
25 വര്‍ഷത്തിനകം ലോകത്ത് പക്ഷാഘാത മരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്ന് പഠനം. കൃത്യമായ ചികിത്സാസംവിധാനങ്ങളും പ്രതിരോധമാര്‍ഗങ്ങളുമുണ്ടായിട്ടും പക്ഷാഘാതമരണങ്ങള്‍ വര്‍ധിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ബാധിക്കാമെന്നും വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‌റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മിഷന്‌റെയും പഠനത്തില്‍ പറയുന്നു. 2020ല്‍ 66 ലക്ഷത്തില്‍നിന്ന് 2050-ഓടെ പക്ഷാഘാതമരണം 97 ലക്ഷമായി ഉയരാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം പക്ഷാഘാതമാണ്. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഏതു ഭാഗത്തെ കോശങ്ങള്‍ക്കാണോ നാശം സംഭവിക്കുന്നത് ആ ഭാഗത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ഓര്‍മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം അനുഭവപ്പെടുകയും ചെയ്യുന്നു.
ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും പക്ഷാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടഘടകങ്ങളെ നേരത്തെ തിരിച്ചറിയുകും ജീവിതശൈലി പുനഃക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം.
ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളര്‍ച്ച, കൈകാലുകള്‍, മുഖം എന്നിവയ്ക്കുണ്ടാകുന്ന ബലക്ഷയം, സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട്, സംസാരം തിരിച്ചറിയുന്നതിനോ വാക്കുകള്‍ പ്രകടമാക്കുന്നതിലോ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങല്‍, വസ്തുക്കളെ രണ്ടായി കാണുക, ശരീരത്തിന്‌റെ ഏകോപനം നഷ്ടമാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആദ്യ നാല് മണിക്കൂറിനകം സ്‌ട്രോക്കിന് ചികിത്സ ലഭ്യമായ ആശുപത്രിയില്‍ രോഗിയെ എത്തിക്കാനായാല്‍ ഇന്‍ജെക്ഷനിലൂടെ രോഗിയെ രക്ഷിക്കാനാകും.
ഉയര്‍ന്ന രക്തസമ്മര്‍ദം, ക്രമരഹിതമായ ഹൃദയമിടിപ്പിനൊപ്പം ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, പുകവലി എന്നിവയെല്ലാം രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.