ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍
ഇന്ന് ലോകശ്വാസകോശാര്‍ബുദ ദിനം. നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നത് ശ്വാസകോശാര്‍ബുദം പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുക, ശ്വസിക്കുന്ന വായുവിന്‌റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നല്ല ജീവിതശൈലി പുലര്‍ത്തുക തുടങ്ങിയവ മാറ്റങ്ങള്‍ കൊണ്ടുവരാം. ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന 10 ശീലങ്ങള്‍ അറിയാം.
പുകവലി
ആരോഗ്യത്തിന് ഏറെ ദോഷം ഉണ്ടാക്കുന്ന പുകവലി ശ്വാസകോശത്തെ തകരാറിലാക്കുന്നു. ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്ന കാര്‍സിനോജനുകള്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്നു. ഇത് നേരിട്ട് അര്‍ബുദത്തിലേക്ക് നയിക്കുന്നു.
നിഷ്‌ക്രിയ പുകവലി
മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദത്തിനു കാരണമാകും.
വായു മലിനീകരണം
ശരീരത്തിന്‌റെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒന്നാണ് വായു മലിനീകരണം. മലിനവായു ദീര്‍ഘകാലം ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.
ആസ്ബസ്റ്റോസ് എക്‌സ്‌പോഷര്‍
പഴയ കെട്ടിടങ്ങളിലുള്ള ആസ്ബസ്‌റ്റോസ് നാരുകള്‍ ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു
റഡോണ്‍ എക്‌സ്‌പോഷര്‍
വീടുകളില്‍ സാധാരണ കണ്ടുവരുന്ന റഡോണ്‍ വാതകം ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദത്തിന് കാരണമാണ്.
വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മ നിരവധി അര്‍ബുദങ്ങളിലേക്ക് നയിക്കുന്നുണ്ട്. അലസ ജീവിതശൈലി ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്.
മോശം ഭക്ഷണക്രമം
ഭക്ഷണം എപ്പോഴും സന്തുലിതമായിരിക്കണം. പോഷകസമ്പുഷ്ടമായ ആഹാരം ശരീരത്തെ ശക്തമാക്കുകയും രോഗങ്ങളെയും അണുബാധയെയും പ്രതിരോധിക്കുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താത്തത് ശ്വാസകോശാര്‍ബുദ സാധ്യത കൂട്ടുന്നു.
രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം
ആര്‍സനിക്, നിക്കല്‍, ക്രോമിയം തുടങ്ങിയ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പര്‍ക്കം ശ്വാസകോശാര്‍ബുദം ഉണ്ടാക്കുന്നു.
ഇന്‍ഡോര്‍ കുക്കിങ് സ്‌മോക്ക്
തടി, കരി, കല്‍ക്കരി തുടങ്ങിയ പാചകഇന്ധനങ്ങളില്‍ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.
റേഡിയേഷന്‍ എക്‌സ്‌പോഷര്‍
റേഡിയേഷന്‍ തെറാപ്പി പോലെ നിരന്തരമായി റേഡിയേഷന്‍ ഏല്‍ക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പറയപ്പെടുന്നു.