വിറ്റാമിന്‍ ബി12 അഭാവത്തിന്‌റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കാം
ചുവന്ന രക്താണുക്കളുടെ രൂപീകരണം, ന്യൂറോളജിക്കല്‍ ഹെല്‍ത്, ഡിഎന്‍എ സിന്തസിസ് തുടങ്ങി വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ശരീരത്തിന് സ്വന്തമായി ബി12 ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, അത് ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ലഭിക്കേണ്ടതുണ്ട്.
ബി12 കുറവിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വൈറ്റമിന്‍ ബി12 ന്റെ അപര്യാപ്തത തിരിച്ചറിയുന്നതിനുള്ള ചില സൂചനകള്‍ ഇതാ.
കാരണമില്ലാതെയുള്ള ക്ഷീണം
സ്ഥിരമായ ക്ഷീണവും ആരോഗ്യമില്ലായ്മയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. കാരണം ശരീരത്തിന് ആവശ്യമായ ഊര്‍ജ ഉല്‍പ്പാദനത്തിന് വിറ്റാമിന്‍12 കൂടിയേതീരൂ. പല കാരണങ്ങള്‍കൊണ്ട് ക്ഷീണം അനുഭവപ്പെടാം. തിരക്കേറിയ ജീവിതശൈലി, സമ്മര്‍ദം, ഉറക്കക്കുറവ് എന്നിവയുടെ അനന്തരഫലമായികണ്ട് പലരും ക്ഷീണം അവഗണിക്കുകയാണ് പതിവ്.
ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍
നാഡീകോശങ്ങള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി12 ആവശ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ട്, മരവിപ്പ് തുടങ്ങിയ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ബി12ന്‌റെ കുറവുകൊണ്ടു സംഭവിക്കാം. ഇവ വളരെ പതുക്കെ പ്രത്യക്ഷപ്പെടുന്നതുകൊണ്ടുതന്നെ മറ്റ് പ്രശ്‌നങ്ങളുടേതായി സംശയിക്കപ്പെടാം. ഇത് പലപ്പോഴും രോഗനിര്‍ണയത്തിനും കാലതാമസം ഉണ്ടാക്കുന്നുണ്ട്.
ഓര്‍മക്കുറവ്
വൈജ്ഞാനികപ്രവര്‍ത്തനങ്ങളെയും വിറ്റാമിന്‍ ബി12-ന്‌റെ കുറവ് ബാധിക്കാം. ഇതിന്‌റെ ഫലമായി ഓര്‍മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. വൈജ്ഞാനിക മാറ്റങ്ങള്‍ പ്രായമാകല്‍, സമ്മര്‍ദം എന്നിവയിലേക്കും നയിക്കാം. എന്നാല്‍ ഇത് വിറ്റാമിന്‌റെ കുറവ് ആയി ആരും കരുതുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഗ്യാസ്‌ട്രോ ഇന്‌റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍
വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്കും വിറ്റാമിന്‍ ബി12ന്‌റെ അഭാവം കാരണമാകാം. ഗ്യാസ്‌ട്രോ ഇന്‌റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ മറ്റു പല രോഗാവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിറ്റാമിന്‍ ബി12ന്‌റെ അഭാവമാണെന്ന് റപ്പുവരുത്തേണ്ടതുണ്ട്.
വിളറിയ ചര്‍മം
വിറ്റാമിന്‍ ബി12 കുറയുമ്പോള്‍ വിളര്‍ച്ച ഉണ്ടാകുകയും ഇതിന്‌റെ ഫലമായി ചര്‍മം മഞ്ഞ നിറത്തിലാകുകയോ വിളര്‍ച്ച ഉണ്ടാകുകയോ ചെയ്യാം. ചര്‍മത്തിലെ മാറ്റങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. അതുകൊണ്ട് വിദഗ്ധ നിര്‍ദേശം സ്വീകരിച്ച് വിറ്റാമിന്‌റെ കുറവുകൊണ്ടാണോയെന്ന് ഉറപ്പുവരുത്തണം.
നടക്കാനുള്ള ബുദ്ധിമുട്ട്
ഏകോപനത്തെയും സന്തുലിതാവസ്ഥയയെും വിറ്റാമിന്‍ ബി12ന്‌റെ കുറവ് ബാധിക്കുന്നതുകൊണ്ടുതന്നെ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ നിയന്ത്രണം നഷ്ടമാകുകയോ ഒക്കെ ചെയ്യാം. ഇതുകാരണം അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടാം. പ്രായമാകലിന്‌റെയും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുടെയും ഭാഗമായും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.
വിറ്റാമിന്‍ ബി12ന്‌റെ കുറവുള്ളവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് അവരുടെ ഭക്ഷണ സ്രോതസ്സുകളില്‍നിന്ന് മതിയായ ബി 12 ലഭിക്കാന്‍ സാധ്യത കുറവാണ്. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന അവസ്ഥകളായ അട്രോഫിക് ഗ്യാസ്‌ട്രൈറ്റിസ്, സീലിയാക് രോഗം, ക്രോണ്‍സ് രോഗം, അനീമിയ എന്നിവ ബി 12 ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും.
ആളുകള്‍ പ്രായമാകുമ്പോള്‍, ആമാശയത്തിലെ ആസിഡിന്റെയും ആന്തരിക ഘടകങ്ങളുടെയും ഉത്പാദനം കുറഞ്ഞേക്കാം. ഇതും ബി 12 ആഗിരണത്തെ ബാധിക്കും. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍ (പിപിഐകള്‍), എച്ച്2 ബ്ലോക്കറുകള്‍, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങിയ ചില മരുന്നുകള്‍ക്ക് ബി 12 ആഗിരണം കുറയ്ക്കാന്‍ കഴിയും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ, ആമാശയത്തിലോ കുടലിലോ ഉള്ള ശസ്ത്രക്രിയകള്‍ ബി12 ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്തും.
മാംസം, മത്സ്യം, പാലുൽപ്പന്നങ്ങള്‍, മുട്ട എന്നിവ വിറ്റാമിന്‍ ബി12ന്‌റെ മികച്ച സ്രോതസുകളാണ്. വിറ്റാമിന്‍ ബി12 അഭാവം ഉള്ളവര്‍ക്ക് ഡോക്ടറെ സമീപിച്ച് മരുന്നുകളായോ ഇന്‍ജെക്ഷന്‍ രൂപത്തിലോ സ്വീകരിക്കാം.