ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനം; ഗുണകരമാകുന്നത് നിരവധി പേര്‍ക്കെന്ന് ഗവേഷകര്‍
ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത 20 ശതമാനം കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. യുകെയിലെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്‌റെ ഗുണം ലഭിച്ചതായും പഠനം പറയുന്നു. സ്റ്റാറ്റിനു ശേഷമുള്ള മെഡിക്കല്‍ രംഗത്തെ ഒരു വലിയ മുന്നേറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.
വീഗോവി, ഒസെംപിക് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ സജീവഘടകമായ സെമാഗ്ലൂട്ടൈഡ് കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങളാലുള്ള മരണം എന്നിവയ്ക്കുള്ള സാധ്യത 20 ശതമാനം കുറവാണെന്നു കണ്ടെത്തി.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ നടത്തി, യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് ഒബീസിറ്റിയില്‍ അവതരിപ്പിച്ച പഠനത്തില്‍ സെമാഗ്ലൂട്ടൈഡ് കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ ഗുണങ്ങള്‍ ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരിയ അളവില്‍ പൊണ്ണത്തടിയുള്ളവരോ ചെറിയ അളവില്‍ മാത്രം ശരീരഭാരം കുറഞ്ഞവരോ ആയവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യ സംബന്ധമായ ഫലം ഉണ്ടാകുമെന്ന് പഠനം പറയുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാന്‍ ഈ മരുന്ന് പതിവായി നിര്‍ദേശിക്കേണ്ടതാണെന്നും യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മരുന്ന് കഴിക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാര്‍ഡിയോവാസ്‌കുലാര്‍ ഔട്ട്കംസ് റിസര്‍ച്ചിന്‌റെ ഡയറക്ടറും പഠനത്തിന്‌റെ മുഖ്യ രചയിതാവുമായ പ്രൊഫ.ജോണ്‍ ഡീന്‍ഫീല്‍ഡ് പറഞ്ഞു. വീഗോവി എന്ന ബ്രാന്‍ഡിനു കീഴിലുള്ള സെമാഗ്ലൂട്ടൈഡ് 2023 മുതല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ശരീരഭാരം കുറയ്ക്കാനായി നിര്‍ദേശിക്കുന്നുണ്ട്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‌റെ കണക്കനുസരിച്ച് യുകെയില്‍ 76 ദശലക്ഷം ആളുകള്‍ ഹൃദയസംബന്ധമായ രോഗങ്ങളുമായി ജീവിക്കുന്നുണ്ട്.
41 രാജ്യങ്ങളില്‍ നിന്നുള്ള ബോഡി മാസ് ഇന്‍ഡക്‌സ് 27-ല്‍ കൂടുതലുള്ള, 45 വയസ്സ് പിന്നിട്ട 17,604 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഇവരെല്ലാംതന്നെ ഹൃദയാഘാതം പോലെ ഹൃദയസംബന്ധമായ അസുഖം പിടിപെട്ടവരായിരുന്നു. പ്രതിവാര ഡോസ് ആയി 2.5 മില്ലിഗ്രാം സെമാഗ്ലൂട്ടൈഡ് അല്ലെങ്കില്‍ പ്ലേസ്‌ബോ 40 മാസത്തേക്കാണ് ഇവര്‍ക്ക് നിര്‍ദേശിച്ചത്.
1990കളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനായി വന്ന സ്റ്റാറ്റിന്‍ മെഡിക്കല്‍ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുകയും കാര്‍ഡിയോളജി ചികിത്സയില്‍ വിപ്ലവകരമയ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ സെമാഗ്ലൂട്ടൈഡ് ഇതിനു സമാനമാണെന്ന് ഡീന്‍ഫീല്‍ഡ് പറഞ്ഞു.
ഇതേ ക്ലിനിക്കല്‍ ട്രയലിനെ ആസ്പദമാക്കിയുള്ള മറ്റൊരു പഠനത്തില്‍ സെമാഗ്ലൂട്ടൈഡ് കഴിച്ചവര്‍ക്ക് നാലുവര്‍ഷ കാലയളവിനുള്ളില്‍ അവരുടെ ശരീരഭാരത്തിന്‌റെ ശരശരി 10.2 ശതമാനവും അരവണ്ണത്തിന്‌റെ 7.7 സെന്‌റിമീറ്ററും കുറഞ്ഞതായും കണ്ടെത്തിയിരുന്നു.