'കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ ഹൃദ്രോഗ സാധ്യത'; ആരോഗ്യകരമായ ഡയറ്റ്  എന്തെന്നറിയാം

'കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ ഹൃദ്രോഗ സാധ്യത'; ആരോഗ്യകരമായ ഡയറ്റ് എന്തെന്നറിയാം

ഏതാണ് ശരിയായ ഡയറ്റെന്നോ ആരോഗ്യകരമായി എങ്ങനെയാണ് ഡയറ്റ് പിന്തുടരേണ്ടത് എന്നതിനെ കുറിച്ചോ ആരും ബോധവാന്മാരല്ല
Updated on
4 min read

കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ പില്‍ക്കാലത്ത് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ സ്‌കൂള്‍ ഓഫ് കാര്‍ഡിയോളജിയാണ് കീറ്റോ ഡയറ്റുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. 12 വര്‍ഷത്തോളമെടുത്ത് നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. ഈ പശ്ചാത്തലത്തില്‍ ശരിയായ ഡയറ്റ് എന്താണെന്ന ചര്‍ച്ചയും സജീവമാകുകയാണ്.

ഡയറ്റിനെ കുറിച്ച് പൊതുവില്‍ എല്ലാവർക്കും പല തെറ്റിദ്ധാരണകളും. ഏതാണ് ശരിയായ ഡയറ്റെന്നോ ആരോഗ്യകരമായി എങ്ങനെയാണ് ഡയറ്റ് പിന്തുടരേണ്ടത് എന്നതിനെ കുറിച്ചോ ആരും ബോധവാന്മാരല്ല. ഡയറ്റിനെ പറ്റി ആരെന്ത് പറഞ്ഞാലും നമ്മള്‍ വിശ്വസിക്കുന്നു, ഷെയര്‍ ചെയ്യുന്നു.

താത്പര്യം തോന്നുന്ന ഒരു ഡയറ്റിനെ പറ്റി കേട്ടാല്‍ അതിൻ്റെ പിന്നാലെ പോകരുത് എന്നതാണ് ഏറ്റവും പ്രധാനം

യാതൊരു ആധികാരികതയുമില്ലാത്തവര്‍ യൂട്യൂബില്‍ ധാരാളം മണ്ടത്തരങ്ങള്‍ ഈ വിഷയത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍മാരെന്നും ഡയറ്റീഷ്യന്‍സെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവരുടെ തട്ടിപ്പുകള്‍. ഒരു വിഷയത്തെ പറ്റി ഇത്രയും വ്യത്യസ്ത അഭിപ്രായങ്ങള്‍ വരുമ്പോള്‍ തന്നെ മനസ്സിലാക്കാം ഉറപ്പായും ഇവയെല്ലാം തെറ്റാണ് എന്ന്. താത്പര്യം തോന്നുന്ന ഒരു ഡയറ്റിനെ പറ്റി കേട്ടാല്‍ അതിൻ്റെ പിന്നാലെ പോകരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് പണ്ട് കാലത്തെ, അതായത് അതിപ്രാചീന കാലത്തെ ആഹാരമായിരുന്നു ഏറ്റവും നല്ലതെന്നാണ് ചിലരുടെ പ്രചാരണം. ഇതൊക്കെ കേൾക്കാൻ കൗതുകമാണെങ്കിലും ശുദ്ധ മണ്ടത്തരമാണ്. ഇന്നു ലഭ്യമായ പോഷകാഹാര സമൃദ്ധമായ ഭക്ഷണം മിക്കവർക്കും അന്നു ലഭിച്ചിരുന്നില്ല. ഡയറ്റിൻ്റെ ഭാഗമായി ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുക, ചിലത് പൂര്‍ണമായി ഒഴിവാക്കുക എന്നതും മറ്റൊരു അബദ്ധമാണ്.

വിദഗ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പല ഡയറ്റുകള്‍ പരിചയപ്പെടുത്തുന്നു. ഇതെല്ലാം കേട്ട് ആകെ ആശയക്കുഴപ്പത്തിലാവുന്ന ജനങ്ങള്‍ പിന്നീട് അവരവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡയറ്റ് ഏതാണോ അത് തിരഞ്ഞെടുക്കും. കീറ്റോ ഡയറ്റാണ് നല്ലതെന്ന് മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ തീരുമാനിക്കും. ഹോള്‍ഗ്രെയിന്‍ ഡയറ്റാണ് നല്ലതെന്നാവും സസ്യാഹാരികൾ തീരുമാനിക്കുക. ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക.

ഏതാണ് നല്ല ഡയറ്റ്?

അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായതാണ് ഏറ്റവും നല്ല ഡയറ്റ്. അവരവരുടെ സൗകര്യവും പദാര്‍ഥങ്ങളുടെ ലഭ്യതയും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് വേണം ഡയറ്റ് പിന്തുടരാൻ. എറണാകുളത്തു താമസിക്കുന്നവർ ഇറ്റലിയിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് നിര്‍ബന്ധം പിടിക്കരുത്. അതാത് പ്രദേശത്ത് ലഭ്യമായ ഭക്ഷണം സന്തുലിതമായ രീതിയില്‍ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഏതെങ്കിലും ഭക്ഷണം ഡയറ്റിൻ്റെ ഭാഗമായി പൂര്‍ണമായി ഒഴിവാക്കണമെന്നോ ഏതെങ്കിലും ഭക്ഷണം മാത്രം കഴിക്കണമെന്നോ ഒക്കെയുള്ള ഉപദേശങ്ങള്‍ അശാസ്ത്രീയവും മണ്ടത്തരവുമാണെന്ന് മനസ്സിലാക്കുക.

ഡയറ്റിനെ പറ്റി മനസ്സിലാക്കാനായി മനുഷ്യശരീരത്തിൻ്റെ പ്രവര്‍ത്തനത്തെ പറ്റി ആദ്യം മനസ്സിലാക്കണം. കാർ ഓടാനായി നമ്മള്‍ അതിലേക്ക് പെട്രോള്‍ ഒഴിക്കുന്നു. സമാനമായി, മനുഷ്യ ശരീരം ഓടുന്നത് എനര്‍ജിയുടെ അഥവാ കലോറിയുടെ ബലത്തിലാണ്. ഈ എനര്‍ജി ലഭിക്കുന്നത് ഭക്ഷണത്തില്‍ നിന്നും. കാറിൻ്റെ മൈലേജ് പോലെ തന്നെ ശരീരത്തിനും അടിസ്ഥാനപരമായ എനര്‍ജി സ്‌പെന്‍ഡിങ് നിരക്കുണ്ട്. കാറിന്റെ സ്പീഡ് കൂട്ടുമ്പോൾ കൂടുതൽ പെട്രോൾ എരിക്കേണ്ടി വരുന്നു. അതു പോലെതന്നെ അധ്വാനിക്കുമ്പോൾ കൂടുതൽ കലോറി ഊർജം വേണ്ടി വരുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും ഉറങ്ങുമ്പോൾ പോലും എനര്‍ജി സൈക്കിള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഏറെ നാള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ മരിച്ചു പോകും, കാരണം മനുഷ്യന് കരടികൾ ചെയ്യുന്നതു പോലെ മാസങ്ങളോളം ഭക്ഷണമില്ലാതെ ഹൈബർനെയ്‌റ്റ് ചെയ്യാൻ കഴിവില്ല. ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ മനുഷ്യ ശരീരത്തിന് ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ ഭക്ഷണം കഴിക്കേണ്ട ഇടവേളകളിൽ പലരിലും അൽപം ഏറ്റക്കുറച്ചിലുണ്ടാകും.

രാത്രിയില്‍ ഉറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കുന്നതില്‍ 8 മണിക്കൂര്‍ ഇടവേള വരുന്നുണ്ട്. എന്നാല്‍ ആ സമയവും ശരീരം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്രേക്ക്ഫാസ്റ്റ് സ്‌കിപ് ചെയ്യുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. ശരീരത്തില്‍ സ്‌റ്റോര്‍ ചെയ്ത് വച്ചിരുന്ന എനര്‍ജിയാണ് രാത്രിയില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അരിയും ഉഴുന്നും ചേർന്ന ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ എന്നിവയൊക്കെ ബാലൻസ്ഡ് ഡയറ്റാണ്. ഒപ്പം സാമ്പാറും ചമ്മന്തിയും കൂടിയാകുമ്പോള്‍ സമീകൃതാഹാരം ആകുന്നു. അതുപോലെ തന്നെ ആവിയില്‍ വേവിക്കുന്ന ഭക്ഷണമായ പുട്ട് വളരെ നല്ല പ്രഭാത ഭക്ഷണമാണ്. ഒപ്പം കടലയോ മുട്ടയോ കൂടി കഴിച്ചാല്‍ ബാലന്‍സ്ഡ് ആയി. എന്നാല്‍ പൊറോട്ട, നെയ്‌റോസ്റ്റ്, പൂരി എന്നിവയൊക്കെ മോശം പ്രഭാതഭക്ഷണങ്ങളാണ്. അവ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വില കൂടിയ ഭക്ഷണത്തിലൂടെ മാത്രമേ ആരോഗ്യം മെച്ചപ്പെടുകയുള്ളൂ എന്നത് മണ്ടത്തരമാണ്. ഒരു ധാന്യവും വേറൊരു ധാന്യത്തേക്കാള്‍ നല്ലതാണെന്ന് ഇന്നുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ല. അതുകൊണ്ട് ഒാട്‌സ് മാത്രമേ കഴിക്കാവൂ എന്നൊക്കെയുള്ള ഉപദേശങ്ങള്‍ വെറുതെയാണെന്ന് മനസ്സിലാക്കുക. അത്തരം പ്രചരണങ്ങളൊക്കെ ബിസിനസിന്റെ ഭാഗമാണ്. സാമ്പാര്‍ ഉണ്ടാവണമെങ്കില്‍ അതിന്റെ ചേരുവകള്‍ ചേരേണ്ട പോലെ ചേര്‍ക്കണം. അതുപോലെ തന്നെ ഡയറ്റ് ബാലന്‍സ്ഡ് ആവണമെങ്കില്‍ ചേരേണ്ട പോലെ എല്ലാ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തണം. മാംസ്യം (പ്രോട്ടീന്‍), കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് ഇവ മൂന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. പിന്നെ നാര് അടങ്ങിയ ഭക്ഷണങ്ങളും (വാഴപ്പഴം, പേരയ്ക്ക മുതലായവ) കഴിക്കാൻ ശ്രദ്ധിക്കണം.

എന്താണ് കീറ്റോ ഡയറ്റ്, പാർശ്വഫലങ്ങളെന്തൊക്കെ?

കേരളത്തിൽ ഏറെപ്പേർ ഒരുകാലത്ത് ഏറ്റെടുത്ത ഒരു തരം എക്‌സ്ട്രീം ഡയറ്റാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ്‌സ് പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഈ ഡയറ്റിന്റെ രീതി. പകരം അമിതമായി കൊഴുപ്പും, അല്പം പ്രോട്ടീനും. ചുരുക്കിപ്പറഞ്ഞാൽ ഇറച്ചിയും എണ്ണയും വെണ്ണയും നട്സും മുട്ടയും ഒക്കെയാണ് ഇതിൽ. അരി ഗോതമ്പ് കിഴങ്ങ് കപ്പ പഴങ്ങൾ ഇവയില്ല. എന്നാൽ എനര്‍ജിയുടെ ഉറവിടമായ കാര്‍ബോഹൈഡ്രേറ്റ്‌സ് ഒഴിവാക്കുന്നത് ശരീരത്തിന് നല്ലതല്ല.

ശ്രദ്ധിക്കുക: വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കരുത്.

വണ്ണം കുറയ്ക്കാൻ പട്ടിണി കിടന്നാൽ ഫാറ്റ് അലിഞ്ഞു പോകും എന്നത് തെറ്റിദ്ധാരണയാണ്. പതിവിലും അധികം നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോള്‍ ആദ്യം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത് പ്രോട്ടീനാണ്. ശരീരം അത് ഗ്ളൂക്കോസ് ആയി കൺവെർട്ട് ചെയ്യുന്നു, എന്നിട്ട് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. പെട്ടെന്ന് വരുമാനമില്ലാതെയായാല്‍ നിത്യച്ചിലവിനായി സ്വര്‍ണം പണയം വെക്കുന്നത് പോലെയാണിത്. മസില്‍സില്‍ നിന്നാണ് പ്രോട്ടീൻ നഷ്ടമാകുക. മസില്‍ മാസ് ശരീരത്തിന് ആവശ്യമാണ്. അതോടൊപ്പം കൊഴുപ്പും ഉർജ്ജത്തിനായി ഉപയോഗിക്കുന്നു.

കീറ്റോ ഡയറ്റ്

കീറ്റോ ഡയറ്റ് ഏറെ നാൾ തുടരുമ്പോള്‍ ശരീരം ക്രമേണ കൊഴുപ്പിൽ നിന്നും ഊർജം ഉത്പാദിപ്പിച്ചു തുടങ്ങും. തുടർന്ന് കീറ്റോസിസ് എന്ന അവസ്ഥയുണ്ടാകുന്നു. രക്തത്തില്‍ കീറ്റോണ്‍ ബോഡികളുടെ സാന്നിധ്യമുണ്ടാകുന്നതിനാലാണിത്. അത് വിശപ്പിൽ കുറവുണ്ടാക്കുന്നു. ഇങ്ങനെ ചെറിയ കാലയളവിനുള്ളില്‍ ശരീരഭാരം കുറയും. എന്നാല്‍ ഇതിന്റെ പാർശ്വഫലമായി പില്‍ക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്നതില്‍ ഇതുവരെ ശാസ്ത്രലോകത്തിന് അറിവില്ലായിരുന്നു. മാത്രമല്ല, ഏറെ നാൾ തുടരാൻ ബുദ്ധിമുട്ടുള്ള ഡയറ്റ് ആണിത്.

എന്നാല്‍ ഇപ്പോള്‍ ഒരു പഠനത്തിലൂടെ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. കീറ്റോ ഡയറ്റ് പിന്തുടർന്നവരില്‍ പിന്നീട് ഹൃദ്രോഗം കൂടുതലായി (ഇരട്ടി) കാണപ്പെടുന്നുവെന്നാണ് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ കോൺഫറൻസിൽ ഈയാഴ്ച്ച അവതരിപ്പിച്ച പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാരില്‍ ദോഷകരമായ LDL കൊളസ്‌ട്രോളും കൂടുതലായി കാണപ്പെടുന്നുവെന്ന് 12 വര്‍ഷത്തോളം എടുത്ത് നടത്തിയ പഠനത്തിലൂടെ കണ്ടെത്തി.

പാഠങ്ങൾ

1. പുതുതായി പല "ഡയറ്റുകളും" വരും. കൗതുകം തോന്നി അവയുടെയെല്ലാം പിന്നാലെ പോകരുത്. സൈഡ് എഫക്ട്സ് കണ്ടത്താൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വരാം. അപ്പോഴേക്കും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടവും.

2. ഡയറ്റില്‍ പൊതുവായി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇടവേള അമിതമാകാതെ നോക്കുക. പട്ടിണി കിടന്നുള്ള ഡയറ്റ് കൊണ്ട് ഒരു ഗുണവുമില്ലെന്ന് ഒാർക്കുക.

3. ഡയറ്റിന്റെ ഭാഗമായി ഒരു ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ മറ്റൊരു ഭക്ഷണം മാത്രം അമിതമായി കഴിക്കുകയോ ചെയ്യരുത്.

4. "പ്രകൃതിദത്തം" അഥവാ "നാച്ചുറൽ" ആയ എല്ലാം സുരക്ഷിതം എന്ന് തെറ്റിദ്ധരിക്കരുത്. ഒരുദാഹരണം പറയാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഇരുമ്പന്‍ പുളി (ചെമ്മീൻപുളി) കഴിച്ചാല്‍ "കൊളസ്‌ട്രോള്‍ കുറയ്ക്കാൻ" കഴിയുമെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു. ഇത് കണ്ണടച്ചു വിശ്വസിച്ച് ഏറെ പേര്‍ ഇരുമ്പന്‍ പുളി ജ്യൂസാക്കി കുടിച്ചു. എന്നാല്‍ സംഭവിച്ചത് അവരുടെ വൃക്ക തകരാറിലായി, ഏറെക്കാലം ഡയാലിസിസ് വേണ്ടി വന്നു. ലോകത്തിലെ തന്നെ ഏറ്റവും മാരക വിഷമായ ഒതളങ്ങ "പ്രകൃതിദത്തമാണ്" എന്നും ഈയവസരത്തിൽ ഓർക്കാം.

5. സമീകൃതമായ ആഹാരമാണ് പ്രധാനം. അതിൽ കാർബ്‌, പ്രോട്ടീൻ, കൊഴുപ്പ്, പഴങ്ങൾ ഇവ ഉണ്ടായിരിക്കണം.

6. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

7. അമിതമായ കാർബ്‌സ്, മധുരം ഇവ അമിതവണ്ണത്തിനും മറ്റും ഇടവരുത്തും. കേരളത്തിൽ പൊതുവേ അരിയാഹാരം അമിതമായി കഴിക്കുന്നു, അത് കുറയ്ക്കാവുന്നതാണ്. ഉപ്പ് അമിതമാകരുത്.

8. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തില്‍ ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് അത് പറയാനുള്ള ഗവർമെന്റ് അംഗീകൃത യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുക.

9. ഇനി അഥവാ ഡിഗ്രി ഉണ്ടെന്നു വച്ച് അവർ പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് കണ്ണടച്ചു വിശ്വസിക്കുകയും അരുത്. സംശയമുണ്ടെങ്കിൽ കുടുംബ ഡോക്ടറെയോ ക്വാളിഫൈഡ് ഡയറ്റിഷ്യനെയോ കൺസൾട്ട് ചെയ്യാവുന്നതാണ്. ഓരോരുത്തരുടെയും പശ്ചാത്തലം, വീട്ടീലെ രീതികൾ, ശീലങ്ങൾ, ആരോഗ്യ നില, പരിമിതികൾ ഇവ അനുസരിച്ച് അനുയോജ്യമായ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്, അതിന് ഡയറ്റിഷ്യന്റെ വൈദഗ്ദ്ധ്യം, സമയം ഇവ പ്രയോജനപ്പെടുത്താം.

10. ആരോഗ്യത്തിൽ കുറുക്കുവഴികളില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്- ഡോ രാജീവ് ജയദേവൻ (എംഡി, ഡിഎന്‍ബി, എംആര്‍സിപി, അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ മെഡിസിന്‍, അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഗ്യാസ്‌ട്രോഎന്‍ഡ്രോളജി)

logo
The Fourth
www.thefourthnews.in