പഞ്ചസാരയ്ക്ക് പകരമുള്ള കൃത്രിമ മധുരം ആരോഗ്യത്തിന് ഹാനികരമായേക്കും;ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ മധുരം, പഞ്ചസാര ഇതര മധുരം (എന്‍എസ്എസ്) എന്നിവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ശരീരഭാരം നിയന്ത്രിക്കുക, സാംക്രമികമല്ലാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി ഉത്പന്നങ്ങളില്‍ കൃത്രിമ മധുരം, പഞ്ചസാര ഇതര മധുരങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയ്ക്ക് ടൈപ് 2 പ്രമേഹം, ഹൃദ്രോഗം പോലുളള പാര്‍ശ്വഫലങ്ങളുണ്ടെന്നും ഇത് മുതിര്‍ന്നവരിലെ മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാമെന്നും ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതേതുടര്‍ന്ന്, മധുരമായി അംഗീകരിക്കാത്ത എല്ലാ കൃത്രിമവും പോഷകരഹിതവുമായ മധുരങ്ങള്‍ക്കും എതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇവ ഉപയോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നതായും, കൂടാതെ നിരവധി ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൃത്രിമ മധുരത്തിനെ കുറിച്ചുള്ള തെറ്റായ ധാരണകളെ കുറിച്ചും അതിൻ്റെ ദോഷങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
മുതിര്‍ന്നവരിലോ കുട്ടികളിലോ എൻഎസ്എസ്സുകൾ ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാനോ കൊഴുപ്പ് കുറയ്ക്കാനോ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള മധുരങ്ങള്‍ ഉപയോഗിക്കുന്നത് പിന്നീട് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കണ്ടെത്തിയതായും ലോകരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം ടൂത്ത്‌പേസ്റ്റ്, സ്‌കിന്‍ ക്രീം, മരുന്നുകള്‍, ലോ കാലറി ഷുഗറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എന്‍എസ്എസുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എന്തെന്നാല്‍ ഇവ കലോറി അടങ്ങിയ പഞ്ചസാര അഥവാ പഞ്ചസാര ഡെറിവേറ്റീവുകളാണെന്നും അതിനാല്‍ എന്‍എസ്എസ് ആയി കണക്കാക്കപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്ഥാപിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ലോകമെമ്പാടുമുള്ള സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക എന്നിവയാണ് പുതിയ മാർഗനിർദ്ദേശത്തിൻ്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനായി നിലവിലുള്ളതും വരാനിരിക്കുന്നതുമായ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമാണ് ഈ മാർഗ്ഗനിർദ്ദേശമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.