എന്താണ് ബോഡി മാസ് ഇൻഡെക്സ്? അറിയാം പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം
ആരോഗ്യത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് ഒരു വ്യക്തിക്ക് അവരുടെ ഉയരവും പ്രായവും അനുസരിച്ച് എത്ര തൂക്കം വേണം എന്നതാണ്. ആ ചോദ്യത്തിന് ഒരൊറ്റ ഉത്തരം ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്, ഇത് ഒരു വ്യക്തിയുടെ ശരീരഘടന, ജീവിതശൈലി, ഒരു ദിവസം അവര്‍ ചെയ്യുന്ന ശാരീരിക പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. എങ്കിലും ശരിയായ രീതിയില്‍ ഉയരവും ഭാരവും ക്രമീകരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്.
ഉയരത്തിനനുസരിച്ച് എത്ര തൂക്കം വേണം അഥവാ എത്ര ഭാരം വരെയാകാം എന്ന് പലര്‍ക്കും അറിയില്ല. ഈ കണക്കു കൂട്ടല്‍ സാധാരണയായി ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വ്യക്തിയുടെ ഉയരം അനുസരിച്ച് ഭാരം കണക്കാക്കുന്ന തോതാണ് ബിഎംഐ.
ഒരാളുടെ കിലോഗ്രാമിലെ ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗത്തെ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് ബിഎംഐ.
18.5 ല്‍ താഴെയുള്ള ബിഎംഐ അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിക്ക് ഭാരം കുറവാണെന്നാണ്.
18.5 നും 24.9 നും ഇടയിലുള്ള ബിഎംഐ അനുയോജ്യമാണ്
25നും 29.9നും ഇടയിലുള്ള ബിഎംഐ ഭാരക്കൂടുതലാണ്
30 ല്‍ കൂടുതലുള്ള ബിഎംഐ അമിതവണ്ണത്തെ സൂചിപ്പിക്കുന്നു
എന്നാൽ ഒരു വ്യക്തി ഫിറ്റ്‌നസിനും ആരോഗ്യത്തിനും കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍ ബി എം ഐ യെ മാത്രം ആശ്രയിക്കരുതെന്നാണ് വിദഗ്ധാഭിപ്രായം. ആളുകള്‍ അവരുടെ ആരോഗ്യത്തിലും ശാരീരിക ക്ഷമതയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആളുകള്‍ അവരുടെ ഫിറ്റ്‌നസ് ലെവല്‍ എങ്ങനെയാണെന്നും അവരുടെ ദൈനംദിന ജോലികള്‍ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നും പരിശോധിക്കണം. കൂടാതെ ശരിയായ ഭക്ഷണക്രമവും വ്യായമങ്ങളും പാലിക്കുകയും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
2000 സെപ്തംബറില്‍, അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷന്‍ നടത്തിയ പഠനത്തിൽ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം കണക്കാക്കുന്നതാണ് ഒരു വ്യക്തിയുടെ ഫിറ്റ്‌നസ് ലെവല്‍ അളക്കുന്നതിനുള്ള ഉചിതമായ മാര്‍ഗമെന്ന് പറയുന്നു. കാരണം അത് അവരുടെ ശരീര ഘടനയെ സ്വാധീനിക്കുന്നുണ്ട്. ഒരേ ഉയരവും ഒരേ പ്രായവുമുള്ള രണ്ട് ആളുകള്‍ക്ക് ഒരേ ഭാരവും ബി എംഐയും ഉണ്ടാവും എന്നാല്‍ അവരിലെ കൊഴുപ്പിന്റെ അളവ് വ്യത്യസ്തമായിരിക്കും. വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അനുയോജ്യമായ അമിതഭാരം കുറയ്ക്കാൻ ഏറ്റവും നല്ല താക്കോല്‍ കലോറി കുറയ്ക്കുക എന്നതാണ്. അതായത് ഒരാള്‍ ചെലവഴിക്കുന്നതിനേക്കാള്‍ കുറച്ച് കലോറി കഴിക്കുക.
പതിവ് വ്യായാമത്തോടൊപ്പം ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയും. എന്നാല്‍ കൊഴുപ്പ് കുറയ്ക്കാതെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. ശരീരത്തില്‍ കൊഴുപ്പ് ശതമാനം കൂടുന്നത് ഒരാളെ ജീവിതശൈലീ രോഗങ്ങളുടെ അപകട സാധ്യതകളിലേക്ക് നയിച്ചേക്കാം. പുരുഷന്മാരുടെ ശരീരത്തിലെ സാധാരണ കൊഴുപ്പിന്റെ അളവ് 15 ശതമാനമോ അതില്‍ താഴെയോ ആണ്. സ്ത്രീകള്‍ക്ക് അത് 25 ശതമാനവും അതില്‍ താഴെയും.