നാം അനുഭവിക്കാത്തിടത്തോളം മാനസികാരോഗ്യപ്രശ്‌നം മറ്റൊരാളുടേത് മാത്രമാണ്: ശ്രുതി ഹാസന്‍

നാം അനുഭവിക്കാത്തിടത്തോളം മാനസികാരോഗ്യപ്രശ്‌നം മറ്റൊരാളുടേത് മാത്രമാണ്: ശ്രുതി ഹാസന്‍

മാനസികാരോഗ്യത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നു ശ്രുതി ഹാസൻ
Updated on
1 min read

ലോകമാനസികാരോഗ്യ ദിനത്തിൽ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ച് നടി ശ്രുതി ഹാസൻ. മാനസികാരോഗ്യം മോശമായിരുന്ന അവസ്ഥയിൽ തന്നെ ഏറെ സഹായിച്ചത് തന്റെ കരിയർ കൂടിയായ സംഗീതമാണെന്നാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സമൂഹമാധ്യമങ്ങൾ തന്റെ ജീവിതത്തിൽ വലിയ സമ്മർദമുണ്ടാക്കുന്നുണ്ടെന്നും അത് വിഷാദത്തിലേക്കുപോലും നയിക്കുന്നുവെന്നും ശ്രുതി ഹാസൻ അഭിമുഖത്തിൽ പറയുന്നു.

നമ്മുടെ മനസികാവസ്ഥകളെ കൈകാര്യം ചെയ്യാൻ വളരെയധികം കഴിവുള്ള ഒന്നായാണ് ശ്രുതി ഹാസൻ സംഗീതത്തെ കാണുന്നത്. ഓരോരുത്തർക്കും സൗഖ്യം നൽകുന്ന സംഗീതം വ്യത്യസ്തമായിരിക്കുമെന്നും ഓരോരുത്തർക്കും സംഗീതത്തിൽനിന്ന് മനസിലാക്കേണ്ടതും കണ്ടെത്തേണ്ടതുമായ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ശ്രുതി ഹാസൻ പറയുന്നു.

താൻ കൂടുതലായും മെറ്റൽ സംഗീതമാണ് കേൾക്കുന്നതെന്നും മെറ്റലിന്റെ ഒരു ആരാധികയാണ് താനെന്നും താരം പറയുന്നു. മെറ്റൽ വളരെ അക്രമോത്സുകമായ, വളരെ ശബ്ദമേറിയ സംഗീതമായാണ് ആളുകൾ കണക്കാക്കുന്നത്. അത് തെറ്റിദ്ധാരണയാണ്. സംഗീതത്തിന്റെ ഈ മാന്ത്രിക ശക്തി നമുക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് ഗാനരചയിതാവാകണമെന്നു താൻ ഒരുഗ്രഹിക്കുന്നതെന്നും ശ്രുതി ഹാസൻ പറയുന്നു.

മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമായാണ് ആളുകൾ കാണുന്നത്. നമുക്ക് മാനസികമായി സാഹായമാവശ്യമുണ്ടെന്ന് അംഗീകരിക്കാത്തതിന് സാമൂഹികമായ കാരണങ്ങളുണ്ടെന്നു പറയുന്ന ശ്രുതി ഹാസൻ മനസികാരോഗ്യപ്രശ്നങ്ങൾ തങ്ങൾക്കോരോരുത്തർക്കും വരുമ്പോൾ മാത്രമേ അതൊരുപ്രശ്നമായി ആളുകൾ കണക്കാക്കുകയുള്ളൂവെന്നും കൂട്ടിച്ചേർക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ മാത്രമേ ആളുകൾ മാനസികാരോഗ്യത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കുകയുള്ളു എന്നും ശ്രുതി ഹാസൻ.

നാം അനുഭവിക്കാത്തിടത്തോളം മാനസികാരോഗ്യപ്രശ്‌നം മറ്റൊരാളുടേത് മാത്രമാണ്: ശ്രുതി ഹാസന്‍
ജയിലറും ജയ് ഭീമുമല്ല; 'വേട്ടൈയന്‍' മാസ് ഏൽക്കാത്ത രജനിപ്പടം

സിനിമ മേഖലയിൽ ആളുകളുടെ ജീവിതം കുറച്ചുകൂടി സുതാര്യമായി ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നതുകൊണ്ടുതന്നെ മനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം പറയുന്നു. മാനസികാരോഗ്യത്തെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയെന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നും ആളുകൾക്ക് ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതുവരെ ഈ സംവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കണമെന്നും പറയുന്ന ശ്രുതി ഹാസൻ അതിനുദാഹരണമായി തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചും പറയുന്നു.

താൻ മുൻപ് മാനസിക ആരോഗ്യത്തെക്കുറിച്ച് സംസാരിച്ച കാര്യം മറ്റൊരാൾ തനിക്കെതിരെ ഉപയോഗിച്ചപ്പോൾ അങ്ങനെ ചെയ്യരുതെന്നും തനിക്കെതിരെ നിങ്ങൾക്കത് ഉപയോഗിക്കാൻ സാധിക്കില്ലെന്നും പറയേണ്ടിവന്നതിനെക്കുറിച്ചാണ് ശ്രുതിക്ക് പറയാനുള്ളത്.

സമൂഹമാധ്യമങ്ങളിൽനിന്ന് ആളുകൾക്ക് വിഷാദം ഉൾപ്പെടെയുള്ള മനസികാരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി ശ്രുതി പറയുന്നു. നമുക്ക് ഉപകാരപ്പെടുന്ന നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ തന്നെ അൽഗോരിതം അനുസരിച്ച് നമുക്ക് ഇഷ്ടപ്പെടുമെന്ന കരുതുന്ന കാര്യങ്ങളാണ് അധികമായും നമ്മുടെ ടൈം ലൈനുകളിൽ വരുന്നത്. മറ്റൊരു തരത്തിൽ സമൂഹമാധ്യമങ്ങളിൽ നമ്മൾ അടിമകളായാണ് ജീവിക്കുന്നത്.

'ഓ കെ അല്ലാതിരിക്കുക എന്ന് പറയുന്നതും ഓ കെ ആണ്, നമുക്ക് പറ്റാവുന്നപോലെ മറ്റുള്ളവരെ കൂടെ നിർത്താൻ ശ്രമിക്കണം' ശ്രുതി കൂട്ടിച്ചേർക്കുന്നു. നമ്മളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, അത് നമ്മുടെ സുഹൃത്തുക്കളാകാം, കുടുംബമാവാം... ആരായാലും അവർക്ക് പിന്തുണ നൽകാൻ നമ്മൾ ഇവിടെയുണ്ടെന്ന തോന്നൽ അവർക്കുണ്ടാകുന്നത് വലിയ കാര്യമാണ് ആ തരത്തിൽ അവരോട് സംസാരിക്കാൻ ശ്രമിക്കണമെന്നും ശ്രുതി പറയുന്നു.

logo
The Fourth
www.thefourthnews.in