ജോലിഭാരം, ജീവിതവേഗം; 90 ശതമാനം ഇന്ത്യക്കാരുടെയും മാനസികാരോഗ്യം വെല്ലുവിളി നേരിടുന്നെന്ന് സർവ്വേ
തിരക്കുപിടിച്ച ജീവിത ശൈലിയും അമിത ജോലിഭാരവും 90 ശതമാനം ഇന്ത്യക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം. ഒക്ടോബർ 10ന് ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സർവേയിലാണ് ഇന്ത്യക്കാരുടെ മാനസികാരോഗ്യത്തെ തിരക്കുപിടിച്ച ജീവിതം സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെമ്പാടുമുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പബ്ലിക് ആപ്പുകൾ വഴിയാണ് സർവ്വേ നടത്തിയത്. മാനസികാരോഗ്യ വിഷയങ്ങളിൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ആളുകൾ കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുന്നതായും സർവ്വേ അടയാളപ്പെടുത്തുന്നു. അഭിപ്രായം രേഖപ്പെടുത്തിയവരിൽ 55 ശതമാനം പേരും മാനസികാരോഗ്യ പ്രശ്നങ്ങൾ മറ്റൊരാളോട് പങ്കുവെക്കുന്നതിൽ സമാധാനം കണ്ടെത്തുന്നവരാണെന്നും സർവ്വേ സൂചിപ്പിക്കുന്നു.
വേഗതയും സമ്മർദ്ദവും കൂടിയ ജീവിതരീതിയും, ജോലിയും ജീവിതവും തമ്മിൽ ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതുമാണ് മാനസികാരോഗ്യം വഷളാകാനുള്ള ഒരു പ്രധാന കാരണമെന്നതും, ഇപ്പോൾ ആളുകൾ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതുമാണ് സർവേയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. 4.5 ലക്ഷം പേരുള്ള ഒരു വലിയ സാമ്പിൾ സൈസിൽ നിന്നാണ് ഈ സർവ്വേ ഫലം എന്നതുകൊണ്ട് തന്നെ മാനസികാരോഗ്യം ഇനിയും പൊതു സമൂഹത്തിൽ ചർച്ച ചെയ്യാൻ സാധിക്കാത്ത ഒരു വിഷയമായി തുടരുന്നില്ല എന്നും സർവ്വേ വിലയിരുത്തുന്നു.
14.66 ശതമാനം പേര് മാത്രമാണ് മനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നത് എന്ന വിഷയവും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 'കിരൺ' എന്ന സർക്കാരിന്റെ 24 മണിക്കൂർ ഹെല്പ്ലൈൻ നമ്പറിനെ കുറിച്ച് 11 ശതമാനം പേർക്ക് മാത്രമേ അറിയൂ. മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അതിന്റെ ഭാഗമായി നടക്കുന്ന കാമ്പയിനുകളെ കുറിച്ച് ധാരണയുള്ളവരും അത്തരം വിഷയങ്ങൾ വായിക്കുന്നവരുമാണ് 53 ശതമാനം പേരും.
ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമായി ഇപ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങളും കവർ ചെയ്യും എന്ന വിവരം അറിയുന്നവർ 41 ശതമാനം പേരാണ്. 2022ൽ എല്ലാ ഇൻഷുറൻസ് കമ്പനികളും മനസികാരോഗ്യപ്രശ്നങ്ങളുടെ ഭാഗമായുള്ള ചികിത്സകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാക്കണം എന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് 43 ശതമാനം പേർ പാട്ടുകേൾക്കുമെന്നും, 19 ശതമാനം പേർ മെഡിറ്റേറ്റ് ചെയ്യുമെന്നും, 17 ശതമാനം പേർ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും 15 ശതമാനം പേർ വായിക്കുമെന്നും, 6 ശതമാനം പേർ യോഗ ചെയ്യുമെന്നും മറുപടി നൽകി.