ഏഴ് മണിക്കൂറില്‍ താഴെയാണോ നിങ്ങളുടെ ഉറക്കസമയം? ഹൃദയാഘാതത്താലുള്ള മരണ സാധ്യത അധികമെന്ന് മുന്നറിയിപ്പ്
ഉറക്കം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതില്‍ അനിവാര്യ ഘടകമാണ്. ദിവസം എട്ട് മണിക്കൂര്‍വരെ ഉറക്കം നിര്‍ബന്ധമാണെന്ന് പറയുമ്പോഴും ജോലി സാഹചര്യങ്ങളും മറ്റും കാരണം മൂന്നു മുതല്‍ നാല് മണിക്കൂര്‍വരെയും അതില്‍ കുറവുമൊക്കെ ഉറങ്ങുന്നവരുമുണ്ട്. എന്നാല്‍ ഏഴ് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കാത്തവര്‍ക്ക് ചീത്ത കൊളസ്‌ട്രോളിന്‌റെ അളവ് കൂടാനും ഹൃദയാഘാതം കാരണമുള്ള മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ജാമാ നെറ്റ് വര്‍ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം.
ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു ഗുരുതര പ്രശ്‌നമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നത് ഹൃദയരോഗങ്ങള്‍ക്കുള്ള വഴി തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങളാണ്.
ഏഴ് മണിക്കൂര്‍ വരെയെങ്കിലും ഉറക്കമില്ലാത്തത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും കൂടുതലടങ്ങിയ മോശം ഭക്ഷണശീലങ്ങളിലേക്ക് നയിക്കുകയും ഇത് പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ അവതാളത്തിലാക്കുകയും ചെയ്യും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
രക്താതിമര്‍ദത്തിന്‌റെ സാധ്യതകളുമായും ഉറക്കമില്ലായ്മ ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലങ്കില്‍ ശരീരം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കുക. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും ഹൃദയാഘാതത്തിലേക്ക് വഴി തുറക്കുകയാണ്. ഉറങ്ങാതിരിക്കുമ്പോള്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു, ഇത് രക്തധമനികളെ ചുരുക്കുകയും രക്തസമ്മര്‍ദം ഉയര്‍ത്തുകയും ചെയ്യുന്നു.
ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതിരിക്കുമ്പോള്‍ ധമനികളിലെ വിട്ടുമാറാത്ത നീര്‍വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുകയും ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തെ നശിപ്പിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും.
ശരീരഭാരം കൂട്ടുന്നതിനപ്പുറം ഉറക്കമില്ലായ്മ ഗ്ലൂക്കോസിന്‌റെയും ഇന്‍സിലിന്‌റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യും. 2023-ല്‍ നടത്തിയ ഒരു പഠനം പ്രമേഹവും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം എടുത്തു കാട്ടുന്നു. ഉറക്കമില്ലായ്മ ഇന്‍സുലിന്‍ പ്രതിരോധത്തിനു കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. ഇതിനര്‍ഥം നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിനോട് നന്നായി പ്രതികരിക്കുന്നില്ലെന്നും ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നുമാണ്. ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.